ലണ്ടൻ: ലണ്ടനിൽ ഇന്ത്യൻ രാജകുമാരന്റെ കൊട്ടാരം വിൽപ്പനയ്ക്ക്. പത്തൊൻപതാം നൂറ്റാണ്ടിൽ ലഹോർ ഉൾപ്പെടെയുള്ള സിഖ് സാമ്രാജ്യത്തിന്റെ അവസാനത്തെ മഹാരാജാവായിരുന്ന ദുലീപ് സിങ്ങിന്റെ ഇളയ മകൻ വിക്ടർ ആൽബർട്ട് രാജകുമാരനു വിവാഹസമ്മാനമായി ലഭിച്ച കൊട്ടാരമാണ് വിൽപനയ്ക്ക് വച്ചിരിക്കുന്നത്. ഏകദേശം 152.02 കോടി രൂപയാണ് മൂല്യം നിശ്ചയിച്ചിരിക്കുന്നത്.

സിഖ് മഹാരാജാവായിരുന്ന രഞ്ജിത്ത് സിങ്ങിന്റെ മകൻ ദുലീപ് സിങ്ങിനെ ബ്രിട്ടീഷുകാർ ഭരണം പിടിച്ചതോടെ ഇംഗ്ലണ്ടിലേക്ക് നാടു കടത്തുകയായിരുന്നു. ലണ്ടനിൽ വെച്ച് 1866ലാണ് ദുലീപ് സിങ്ങിന്റെ മകൻ വിക്ടർ ജനിച്ചത്. വിക്ടർ രാജകുമാരൻ അന്നത്തെ ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയയുടെ സംരക്ഷണത്തിലായിരുന്നു.

പിൽക്കാലത്ത് ബ്രിട്ടീഷ് രാജകുടുംബത്തിലെ ലേഡി ആൻ കൊവെൻട്രിയെ വിവാഹം കഴിച്ചതോടെ തെക്കു പടിഞ്ഞാറൻ കെൻസിങ്ടനിലുള്ള കൊട്ടാരം അവർക്ക് ലഭിച്ചു. പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനി വിലയ്ക്കു വാങ്ങിയ ഈ മന്ദിരം പാട്ടത്തിനു നൽകുകയായിരുന്നു. 5613 ചതുരശ്രയടി വിസ്തീർണമുള്ള കൊട്ടാരം 2010 ൽ പുതുക്കിപ്പണിതിരുന്നു.