ന്യൂഡൽഹി:സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്. ചെങ്കോട്ടയ്ക്കു മുന്നിൽ കണ്ടെയ്നറുകൾ കൊണ്ട് റോഡുകൾ അടച്ചു. ചരക്കുകൾ കൊണ്ടുപോകുന്ന കൂറ്റൻ കണ്ടെയ്നറുകൾ ഒന്നിനു മുകളിൽ ഒന്നായി ഉയരത്തിൽ അടുക്കി വലിയ മതിൽ പോലെയാണ് വിന്യസിച്ചിരിക്കുന്നത്.

ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെ ഒരുവിഭാഗം ചെങ്കോട്ടയിലേക്ക് അതിക്രമിച്ചു കയറുകയും സംഘടന കൊടികൾ നാട്ടുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വലിയ മുന്നൊരുക്കങ്ങളുമായി ഡൽഹി പൊലീസ് രംഗത്തുവന്നിരിക്കുന്നത്.

എന്നാൽ, ജമ്മുകശ്മീരിൽ അടുത്തിടെ ഉണ്ടായ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണിതെന്നും സൂചനയുണ്ട്. കണ്ടെയ്നറുകൾ പെയിന്റടിച്ച് അലങ്കരിച്ച് ആഘോഷത്തിന്റെ ഭാഗമാക്കാനാണ് തീരുമാനം. ചെങ്കോട്ടയിൽ വച്ചാണ് എല്ലാ വർഷവും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.