ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരരുടെ ഭീഷണിയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. നാളെ രാവിലെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെടുന്ന വിമാനങ്ങൾ ലണ്ടനിൽ എത്താൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണിസന്ദേശം. വിമാനത്താവളത്തിലേക്കാണ് ഭീഷണി സന്ദേശം ഫോൺ സന്ദേശം വന്നത്.

ഖാലിസ്താൻ കമാൻഡോ ഫോഴ്‌സ് എന്നറിയപ്പെടുന്ന സംഘടനയാണ് ഭീഷണിക്ക് പിന്നിലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. 'ഖാലിസ്താൻ കമാൻഡോ ഫോഴ്‌സുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഭീകരവാദി ഗുരുപത്‌വന്ത് സിങ് പന്നു നിരവധി പേരെ വിളിക്കുകയും രണ്ട് എയർഇന്ത്യ വിമാനങ്ങളെ ലണ്ടനിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു.' എയർപോർട്ട് ഡിസിപി രാജീവ് രഞ്ജൻ പറഞ്ഞു. 1984-ലെ സിഖ് വിരുദ്ധകലാപത്തിന്റെ 36-ാം വാർഷികമാണ് നവംബറിൽ. വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച രണ്ടു വിമാനങ്ങളാണ് ലണ്ടനിലേക്ക് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.