ന്യൂഡൽഹി: സോഷ്യൽ മീഡിയയുടെ ഗുണത്തേക്കാൾ ഏറെ ചർച്ചയായിട്ടുള്ളത് അതിന്റെ ദോഷങ്ങളാണ്.എന്നാൽ എല്ലാത്തിനും രണ്ട് വശങ്ങൾ ഉണ്ട് എന്ന് പറയുന്നത് പോലെ സോഷ്യൽ മീഡിയയ്ക്കും അതുണ്ട്.ജർമ്മൻകാരിയായ ജൂലിയോടും ഇന്ത്യക്കാരനായ അർജ്ജുനോടും ചോദിച്ചാൽ അവരുടെ ജീവിതത്തിൽ സോഷ്യൽ മീഡിയയെക്കുറിച്ച് പറയാനുണ്ടാവുക നല്ല കാര്യങ്ങളായിരിക്കും.കാരണം വൻകരകൾ കടന്നുള്ള അവരുടെ പ്രണയത്തിൽ ഹംസത്തിന്റെ വേഷമായിരുന്നു സോഷ്യൽ മീഡിയയ്ക്ക്.

ദേശവും ഭാഷയും സംസ്‌ക്കാരവും മറന്ന് രണ്ട് വ്യക്തികൾ ഒന്നാകുമ്പോൾ അതിൽ സോഷ്യൽ മീഡിയ വഹിച്ച പങ്ക് ചെറുതല്ല. സോഷ്യൽ മീഡിയയ്ക്ക് പങ്കുവെക്കാനുള്ള ഏറ്റവും രസകരമായ പ്രണയകഥകളിൽ ഒന്നാണ് അർജ്ജുന്റെയും ജൂലിയുടെതും.കാരണം ഈ രണ്ട് വ്യക്തികൾ ഒന്നാകുന്നതിലുടെ കൈകോർക്കുന്നത് രണ്ട് വൻകരകൾ കൂടിയാണ്. ഹ്യൂമൻസ് ഓഫ് ബോംബെ ഇൻസ്റ്റഗ്രാം പേജിൽ ഒരു വീഡിയോയിലൂടെയാണ് ജൂലിയും അർജ്ജുനും ആ പ്രണയകഥ പങ്കുവെച്ചത്.

ഇന്ത്യക്കാരനാണ് അർജ്ജുൻ. ജൂലി ജർമ്മൻ സ്വദേശിനിയും. ഇരുവരും കണ്ടുമുട്ടുന്നത് ദുബായിയിൽ വച്ചാണ്. പക്ഷേ പരിചയപ്പെട്ട് അധികം വൈകാതെ ജൂലിക്ക് സ്വദേശത്തേക്ക് മടങ്ങേണ്ടിവന്നു. അർജ്ജുൻ ഇന്ത്യയിലേക്കും മടങ്ങി. രണ്ട് രാജ്യത്താണെങ്കിലും ഇരുവരുടെയും പ്രണയത്തിന് അതൊന്നും ഒരു പ്രശ്നമായതേയില്ല. വീഡിയോ കോളിലൂടെയും മറ്റും ഇരുവരും കൂടുതൽ അടുത്തു.

സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയപ്പോൾ വൈകാതെ അർജ്ജുനെ തേടി ജൂലി ഇന്ത്യയിലെത്തി അയാളുടെ കുടുംബത്തെ പരിജയപ്പെട്ടു. ഇന്ത്യയിൽവെച്ച് ആദ്യമായി ഹോളിയും ആഘോഷിച്ചു. അങ്ങനെ ജൂലി ഇന്ത്യയെയും പ്രണയിച്ചു തുടങ്ങി. അതിലുപരി അർജ്ജുനെയും. അങ്ങിനെ ഇന്ത്യയിൽ വച്ച് തന്നെ പ്രണയത്തിന്റെ നിത്യസ്മാരകമായ താജ്മഹലിനെ സാക്ഷിയാക്കി അർജ്ജുൻ ജുലീയെ ജീവിതത്തിലേക്ക് ക്ഷണിച്ചു.

വൈകാതെ തങ്ങൾ വിവാഹിതരാകുമെന്ന് അറിയിച്ചുകൊണ്ടാണ് ഇരുവരും വീഡിയോ അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് ഇരുവരുടെയും പ്രണയകഥ ഏറ്റെടുത്തത്. ഇരുവരുടെയും വീഡിയോ പോസ്റ്റിനു താഴെ ആശംസാപ്രവാഹമാണ്.