തിരുവനന്തപുരം: പ്രസാധക ഷഹനാസിന്റെ പരാതിയിൽ എഴുത്തുകാരൻ വി ആർ സുധീഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരിക്കുകയാണ്. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്. വ്യക്തിപരമായും തൊഴിൽപരമായും വി ആർ സുധീഷ് ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് കാണിച്ച് കോഴിക്കോട്ടെ പ്രസാധക കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി നൽകുകയും പ്രസാധകയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അഭിമുഖത്തിനായി എഴുത്തുകാരനെ കണ്ടപ്പോൾ എടുത്ത ഫോട്ടോ, തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതായും ഫോണിലൂടെയും മറ്റും ഭീഷണിപ്പെടുത്തുന്നതായും പരാതിയിലുണ്ട്.

എഴുത്തുകാരൻ വി.ആർ. സുധീഷിനെ പ്രതിക്കൂട്ടിൽ നിർത്തി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത് എം എ ഷഹനാസാണ്. നിരന്തരമായി സുധീഷിന്റെ വീട്ടിലേക്ക് ഒറ്റയ്ക്ക് വിളിപ്പിക്കുകയും, അയാളുടെ പതിനായിരത്തെട്ട് കാമുകിമാരിൽ ഒരാളാകാൻ തയാറാകാത്തതുകൊണ്ട് ഉപദ്രവിക്കുകയുമാണെന്നായിരുന്നു ഷഹനാസിന്റെ ആരോപണം.

വിദ്യാർത്ഥികൾ അടക്കം നിരവധി പേരെ സുധീഷ് ഈ രീതിയിൽ പീഡിപ്പിച്ചതായി തനിക്ക് അറിയാമെന്ന് അവർ ആരോപിച്ചിരുന്നു. ഈ പോസ്റ്റ് വൈറലായതോടെയാണ് എഴുത്തുകാരിൽ നിന്ന് സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾ വലിയ ചർച്ചയായത്. ഒരു പുസ്തകത്തിന് അവതാരിക എഴുതിക്കൊടുക്കാനും മറ്റുമായി സ്ത്രീകൾ എഴുത്തുകാർക്ക് കിടന്നുകൊടുക്കേണ്ട സാഹചര്യം ഉണ്ടോ എന്നാണ് ഈ വിവാദത്തിൽ പല വനിതാ ആക്റ്റീവിസറ്റുകളും പച്ചയ്ക്ക് ചോദിച്ചത്.

ഇതിനിടെ ഈ സാഹചര്യത്തിൽ സുധീഷിനെ പരസ്യമായി ന്യായീകരിക്കാനും, സംഭവം ലഘൂകരിക്കാനും, അയാളുടെ സുഹൃത്തുക്കളായ കുറച്ചുപേർ ഇറങ്ങിയിരിക്കയാണ്. അങ്ങനെ ന്യായീകരിച്ച കവി വി ടി ജയദേവന് എട്ടിന്റെ പണി കിട്ടുകയും ചെയ്തു. സുധീഷിന്റേത് കൃഷ്ണ പാരമ്പര്യമാണെന്നൊക്കെ പറഞ്ഞായിരുന്നു ജയദേവന്റെ ന്യായീകരണം. അതേസമയം, തന്റെയും ഭർത്താവിന്റെയും സുഹൃത്തായിരുന്നുവെങ്കിലും, എഴുത്തുകാരൻ എന്ന നിലയിൽ ഇപ്പോഴും ആദരവും എഴുത്തിനോട് ഇഷ്ടവും ബഹുമാനം നിലനിൽക്കെ തന്നെ വ്യക്തിയെന്ന നിലയിൽ/ ഇരപിടിയനായ പുരുഷനെന്ന സുധീഷ് ചെയ്ത കുറ്റകൃത്യത്തിനൊപ്പം നിൽക്കില്ലെന്ന് എഴുത്തുകാരി ഇന്ദു മേനോൻ വ്യക്തമാക്കി. അതിനെ ഓഞ്ഞരീതിയിൽ സപ്പോർട്ട് ചെയ്യുന്നവർക്കൊപ്പവും നിൽക്കില്ലെന്നും അവർ ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഇന്ദു മേനോന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

എഴുത്തുകാരൻ സുധീഷ് മാഷിനെതിരെ ഷഹനാസ് മുമ്പോട്ടു വെച്ച വിഷയത്തിൽ ഞാൻ ഷഹനാസ്സിനൊപ്പമാണ്. ഷഹനാസ്സ് ആദ്യമിട്ട പോസ്റ്റിലെ ചിലകാര്യങ്ങൾ എന്തിനാണ് പറഞ്ഞതെന്ന് ഞാൻ ഷഹനാസ്സിനോട് തന്നെ ചോദിച്ചിട്ടുമുണ്ട്. ഷഹനാസ്സ് അതുസംബന്ധിച്ച് എനിക്ക് മറുപടി തരികയും ചെയ്തു. അത് വ്യക്തിപരമായി ഞങ്ങൾ തമ്മിലുള്ള സംഭാഷണം. പറഞ്ഞ ചില സംഗതികൾ വേണ്ടിയിരുന്നോ അതിൽ മറ്റുമനുഷ്യരുൾപ്പെടുന്നില്ലേ? അവരുടെ സ്വകാര്യത/ ജീവിതം തന്നെയും താറുമാറാകുമായിരുന്നില്ലെ, അതില്ലാതെ തന്നെയും ഷഹനാസ്സ് നേരിട്ട പ്രശ്‌നത്തെ അറിയിക്കാമായിരുന്നല്ലോ എന്നതായിരുന്നു എന്റെ വിഷയം. അതിനുശേഷം രണ്ടാമതെഴുതിയ പോസ്റ്റിൽ വളരെ കൃത്യമായും വിവേകപൂർണ്ണമായുമാണ് ഷഹനാസ്സ് ഈ വിഷയത്തെ കൈകാര്യം ചെയ്തത്.

ആദ്യത്തെ പോസ്റ്റിടുമ്പോൾ അവൾക്ക് ഭയങ്കരമായ സ്‌റ്റ്രെഗിൾ ഉണ്ടായിരുന്നു. ചുറ്റുമുള്ള മനുഷ്യരിൽ പലരും സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കുമെന്ന് ഉറപ്പായിരുന്നു. പോസ്റ്റ് വന്നതിനു പുറകെ ന്യായീകരണങ്ങളുടേ മഴയായി. സഹോദരനായും കൊണ്ടുനടന്ന് കൊല്ലിച്ചവനായുമൊക്കെ ന്യൂസ് ഫീഡുകളിൽ പെൺശിങ്കങ്ങൾ അലറി.

ഏറ്റവും ഭീകരന്യായീകരണം കവി ജയദേവൻ വിടിയുടേതായിരുന്നു. കൃഷ്ണപക്ഷവും മാങ്ങാത്തൊലിയും ചേർത്ത ഭീകര മരയൂളത്തരം. സ്ത്രീയുടെ മുലയിൽ ആക്രമണോത്സുകതയോടെ പിടിച്ചാൽ അത് കൃഷ്ണന്റെ സ്പർശപ്രേമമല്ലേ എന്ന ലൈനിൽ. വായിച്ചപ്പോൾ ഇത്ര മോശക്കാരനാണോ ഈ കവിയെന്ന് ശങ്കിച്ചു. ഒരു പരിധിവരെ ആ കവിയും ഇതേ തന്ത്രത്തിലൂടെ സ്ത്രീകളെ സമീപിച്ചിരിക്കാമെന്ന് ജഡ്ജ്‌മെന്റലായി. എന്നെകണ്ടാൽ ഇനി ഞാൻ ചെയ്താൽ അതെന്റെ കൃഷ്ണലീലമാത്രം എന്ന അവനവൻ സ്റ്റേറ്റ്‌മെന്റായിരുന്നു അത്. കുറ്റം പറയരുതല്ലോ താനൊരു ഊളയാണെന്ന് എഴുതിയ അതുമായി ബന്ധപ്പെട്ട കമന്റേ കാണാനില്ല.

ശേഷം പെൺകുട്ടികൾ, കവിയുടെ കൃഷ്ണരാസക്ക്രീഢാകഥകൾ, ലാസ്യലഹരി ലയഭരിതം, രാസകേളീ ലയസുഖദം ഫോണിലും പോസ്റ്റിലുമൊക്കെ എഴുതുന്നത് കണ്ടു. പിന്നെ വേറെ ഒരു തരം റ്റീമിനെ കണ്ടു. സുധീഷ് മാഷ് അദ്ദേഹത്തിന്റെ ഓപെൺ ഡിഫെൻസ്സിൽ അവർ ചോദ്യങ്ങൾ ചോദിച്ചപ്പോൾ ആക്രോശിച്ചു എന്നതായിരുന്നു വിഷയം. ആക്രോശിച്ചെങ്കിൽ എന്താണ് വീണ്ടും ഡിഫെൻട് ചെയ്താൽ പോരെ അതും സുധീഷമാഷുടെ ഷഹനാസ്സ് ഉന്നയിച്ച വിഷയവും തമ്മിൽ പുലബന്ധമില്ല എന്ന് ഞാനെഴുതി. മാഷ് ക്ലാസ്സിൽ വെച്ചു എന്നെ വഴക്കു നിരന്തരം പറയുന്നു എന്നുന്നയിക്കുന്നതു പോലെയാണോ ഇത്? ഇതിലെന്ത് ആക്രമണം? ഉടനെ ഞാൻ മാഷുടെ സപ്പോട്ടയായി. പിന്നെ മനസ്സിലായി വായിച്ചാൽ അത് തിരിയുന്നത്ര / അതെന്താണെന്നു മനസ്സിലാവുക പോലും ചെയ്യാത്തത്ര, ബാലിശ അപഗ്രഥനബുദ്ധിക്കാരായ/സാമാന്യ ബോധമില്ലാത്ത ടീമുകളാണ്. മെല്ലെ പ്രൊഫൈലിൽ പോയി നോക്കി. ഗവേഷണം ചെയ്യുന്ന യൂണിവേർസിറ്റിയുടെ നാമം മാത്രം ധാരാളം. പണ്ട് ഇന്റെർവ്യൂവിനു ചെന്നപ്പോൾ പ്യുവർ റിസർച്ച് പോരാ അസോഷിയേറ്റ് പ്രൊഫസറിന്, എയിഡഡ് കോലേജിൽ കാശു കൊടുത്തു കയറിക്കിട്ടിയ ടീച്ചിങ്ങ് എക്‌സ്പീരിയൻസ് വേണമെന്ന് പറഞ്ഞ വിസിയുള്ള അതേ യൂനിവേർസിറ്റി. അത് കാണാതെയാണ് ഞാനതിൽ കമന്റിട്ടത്. മിയാ കുൾപ്പ.മിയാ കുൾപ്പ.

അപ്പോൾ നാട്ടുകാരെ പറഞ്ഞു വന്നത് ഇത്രയുമാണ്. ഷഹനാസ് തനിക്കുണ്ടായ ഉപദ്രവങ്ങളിൽ പ്രതി സുധീഷ് മാഷ്‌ക്ക് എതിരായി നിയമപരമായ സഹായം തേടിയിരിക്കുകയാണ്. അതിൽ ഷഹനാസ്സിനോടൊപ്പം തന്നെയാണ്. ആരും അത് ശങ്കിച്ച് ഓടിപ്പെടച്ചു വരേണ്ടതില്ല. ഷഹനാസ്സിന് ഒന്നല്ല രണ്ട് പുസ്തകം കൊടുത്തിട്ടുണ്ട്. അവളുടെ ഹാർഡ് വർക്കും ഒറ്റയ്ക്കുള്ള പ്രയത്‌നവും സാഹസവും കണ്ടു തന്നെയാണ് പുതിയ പ്രസാധകയ്ക്ക് റിസ്‌ക്കെടുത്ത് പുസ്തകം കൊടുത്തത്. സഹോദരീ തുല്യയായി മാത്രമേ അവളെ എന്നും കരുതിയിട്ടുള്ളു. അതുകൊണ്ടു കൂടിയാണ് അതും മികച്ചതും വിറ്റുകൊണ്ടിരിക്കുന്നതുമായ ടൈറ്റിലുകൾ തന്നെ നൽകിയത്.



സ്ത്രീയായതിനാൽ സ്ത്രീയ്‌ക്കൊപ്പം നിൽക്കുന്നു- ഷഹനാസിനൊപ്പം നിൽക്കുന്നു. അങ്ങനല്ല. ഷഹനാസ്സ് പറഞ്ഞ വിഷയത്തിൽ ചിലതിൽ ഉത്തമബോധ്യമുള്ളതിനാൽ അവൾക്കൊപ്പം തന്നെ നിൽക്കുന്നു. ഈ പറഞ്ഞ പല സ്ത്രീകൾക്കും അവതാരിക എഴുതിക്കൊടുത്തത് പിന്നീട് ഞാനാണെന്നും -പെറ്റിയാണെങ്കിലും പറയുന്നു.

സാംസ്‌കാരിക നായകനായ മറ്റൊരധ്യാപകൻ വിദ്യാർത്ഥിനിയുടെ ചന്തിക്കു പിടിച്ചമർത്തിയതും വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണം ചെയ്ത് നിരന്തരമായി പോകുന്നതും ഞാൻ കഴിഞ്ഞാഴ്ച എഴുതിയിരുന്നു. SFI MSF KSU ക്കാർ മാറി മാറി പരിശ്രമിച്ചിട്ടും ഒരു ചുക്കും ഉണ്ടായില്ല. എന്റെ തന്നെ ഇന്റെർവ്യൂ ബോർഡുകളിൽ വരുന്ന ഒരാളാണദ്ദേഹം. എന്റെ സോഷ്യോളജി കരിയറിനെ തന്നെ അത് ബാധിക്കും അത്ര തന്നെയെ ഈ തുറന്നു പറച്ചിലിൽ ഉള്ളൂ. അറിയാഞ്ഞല്ല. പക്ഷെ പറയാതിരിക്കാൻ പറ്റാത്ത ഘട്ടമായിരുന്നു അത്.

അദ്ധ്യാപകർ കുട്ടികളെ ചൂഷണം ചെയ്യുന്നത്, തല മുതിർന്ന എഴുത്തുകാർ പുതുതലമുറയ്ക്ക് ഇലെക്റ്റ്രാകോമ്പ്‌ലെക്‌സ് തന്ത ചമയുന്നത്. കവികൾ കാമം കരഞ്ഞുമെഴുതിയും തഴുകിയും പെണ്ണുടലിൽ കൈവെച്ചു തീർക്കുന്നത്, പ്രസംഗിക്കുമ്പോൾ മൊബൈൽ ചെരിച്ച് വച്ച് ഫാൻ അടിക്കുന്ന സമയത്ത് വയറും നെഞ്ചുമൊക്കെ റിവീലീത് വീഡിയോ എടുക്കുന്നത് എല്ലാം അസഹനീയമായിരിക്കുന്നു.

എന്റെ അടുത്ത സുഹൃത്ത് ഇന്നലെ പറഞ്ഞു. അളകാപുരിയിൽ അവതാരികയ്ക്കു പോയ പഴയ 20 കളിലെ അനുഭവം. മറ്റൊരുവൻ അനാഥമായി പോയ കുഞ്ഞുങ്ങളെക്കുറിച്ചും തകർന്ന ഭാമ്പത്യത്തെക്കുറിച്ചും പറഞ്ഞു. ഇനി എഴുതാതെ വയ്യ. പൊതുവെ ഒരു വിഷയങ്ങളിലും ഞാൻ പ്രതികരിക്കാറില്ല. കാരണം മുന്നെ വന്നവനും പോയവനും പ്രതികരിച്ചവനും എല്ലാം മാറുകയും കളത്തിൽ ഞാൻ ഒരു വിഡ്ഢിയെപ്പോലെ നിൽക്കുകയും പണി വാങ്ങുകയും ചെയ്ത അനേകം സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രശ്‌നങ്ങളെ മാനേജ് ചെയ്യാനും യുദ്ധം ചെയ്യാനുമൊക്കെയുള്ള വൈകാരിക കെൽപ്പും കുറവായതുകൊണ്ടാണ്. പ്രതികരണം തൊഴിലാളിയല്ല എന്നതു കൊണ്ട് ഐക്യദാർഢ്യമില്ല എന്നർത്ഥവുമില്ല. അതൊക്കെ അവിടിരിക്കട്ടെ. ചില മലയാള ഗവേഷകർ കൊണ്ടു വരുന്ന വായനയ്ക്ക് ഞാൻ ഉത്തരവാദിയല്ല. രവിശങ്കർ സാർ വായിക്കുന്ന തീസീസുകൾ പോലെയാണ് അവരുടെയൊക്കെ നിത്യജീവിത ചിന്താധാരകളും.

നബി: സുധീഷ് മാഷ് എന്നു വിളിക്കുന്നല്ലോ എന്നു ആധിപൂഴണ്ട. എന്റെയും ഭർത്താവിന്റെയും സുഹൃത്തായിരുന്നു. അദ്ധ്യാപകൻ എന്ന നിലയിൽ തുടരുന്ന വിളിയാണത്. എഴുത്തുകാരൻ എന്ന നിലയിൽ ഇപ്പോഴും ആദരവും എഴുത്തിനോട് ഇഷ്ടവുമുണ്ട്. ആ ബഹുമാനം റദ്ദാവുകയില്ല. അത്തരമൊരു ബഹുമാനം നിലനിൽക്കെ തന്നെ വ്യക്തിയെന്ന നിലയിൽ/ ഇരപിടിയനായപുരുഷനെന്ന അദ്ദേഹം ചെയ്ത കുറ്റകൃത്യത്തിനൊപ്പം നിൽക്കില്ല. അതിനെ ഓഞ്ഞരീതിയിൽ സപ്പോർട്ട് ചെയ്യുന്നവർക്കൊപ്പവും നിൽക്കില്ല.