മുംബൈ: പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന്റെ അറ്റാദായത്തിൽ 17.5ശതമാനം വർധന. മാർച്ചിൽ അവസാനിച്ച പാദത്തിൽ 5,076 കോടി രൂപയാണ് കമ്പനിയുടെ ലാഭം.

ബുധനാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ 9,200 കോടി രൂപയുടെ ഓഹരി മടക്കിവാങ്ങൽ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഓഹരിയൊന്നിന് 1,750 രൂപയ്ക്കുതാഴെ വിലനിശ്ചയിച്ച് പൊതുവിപണിയിൽനിന്നാകും മടക്കിവാങ്ങുക. 1348 രൂപ നിലവാരത്തിലാണ് വ്യാഴാഴ്ച ഓഹരിയിൽ വ്യാപാരംനടക്കുന്നത്.

ലാഭവിഹിതമായി മൊത്തം 6,400 കോടിയാണ് ഓഹരി ഉടമകൾക്ക് നൽകുക. ഓഹരിയൊന്നിന് 15 രൂപവീതമാണ് ശുപാർശചെയ്തിട്ടുള്ളത്. ജൂൺ 19ന് നടക്കുന്ന വാർഷിക പൊതുയോഗത്തിനുശേഷമാകും ലാഭവിഹിതം വിതരണംചെയ്യുക.