കോഴിക്കോട്: ഐ.എൻ.എൽ തർക്കത്തിൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.പി അബ്ദുൾ വഹാബിനെ കൈവിട്ട് ദേശീയ നേതൃത്വം. ഐ.എൻ.എല്ലിന് കിട്ടിയ മന്ത്രി സ്ഥാനം റിക്രൂട്ടിങ് ഏജൻസിയല്ല. അധികാരം കിട്ടിയപ്പോൾ ചിലർക്ക് മോഹഭംഗമുണ്ടായി. ആർക്കും ചർച്ചയ്ക്കെത്താമെന്നും അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിൽ ഐ.എൻ.എല്ലിൽ ഉണ്ടായ തർക്കങ്ങൾ ദൗർഭാഗ്യകരമാണ്. ഐ.എൻ.എൽ പിളർന്നിട്ടില്ലെന്നും അത്തരത്തിലുള്ള വാർത്ത തെറ്റാണെന്നും മുഹമ്മദ് സുലൈമാൻ ചൂണ്ടിക്കാട്ടി.

മന്ത്രിയായ ശേഷം പലരും പല ആവശ്യങ്ങളും ഉന്നയിച്ചു. അത് നടക്കാതെ വന്നപ്പോൾ അവർക്ക് മോഹഭംഗമുണ്ടായി. ഇതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും മുഹമ്മദ് സുലൈമാൻ ചൂണ്ടിക്കാട്ടി. ആരുമായും ചർച്ചയ്ക്ക് തയ്യറാണ്. ദേശീയ കമ്മിറ്റിയുടേതാണ് പാർട്ടിയിലെ അവസാന തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

താലിബാൻ വിഷയത്തിൽ നയതന്ത്രപരമായി പരിഹരിക്കാൻ ഇന്ത്യ ഇടപെടണം. മുൻ വിധിയോടെ പ്രശ്നത്തെ കാണരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.