കൊച്ചി: ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമ്മിത വിമാന വാഹിനിക്കപ്പലായ ഐ.എൻ.എസ്. വിക്രാന്തിന്റെ പ്രഥമ പരീക്ഷണയാത്ര നടത്തി. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് വിക്രാന്ത് അറബിക്കടലിൽ ഇറക്കിയത്. ആറു നോട്ടിക്കൽ മൈൽ ദൂരം കടലിൽ പരീക്ഷണയാത്ര നടത്താനാണ് തീരുമാനം. ചരിത്ര ദിനമെന്നാണ് നേവി ഈ ദിവസത്തെ വിശേഷിപ്പിച്ചത്. കൊച്ചിയുടെ പുറങ്കടലിലാണ് കപ്പൽ സഞ്ചരിക്കുന്നത്.

തദ്ദേശമായി രൂപകൽപന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ളതിൽവെച്ച് ഏറ്റവും വലുതും സങ്കീർണ സംവിധാനങ്ങൾ ഉള്ളതുമായ യുദ്ധക്കപ്പലാണ് വിക്രാന്ത്. 262 മീറ്റർ ഉയരവും 62 മീറ്റർ വീതിയും സൂപ്പർ സ്ട്രക്ചർ ഉൾപ്പെടെ 59 മീറ്റർ ഉയരവുമാണുള്ളത്. രാജ്യത്തിന്റെ ചരിത്രത്തിൽത്തന്നെ ആദ്യമായിട്ടാണ് സ്വന്തം സാങ്കേതിക വിദ്യ ഉപയോഗിച്ച് വിമാനവാഹിനിക്കപ്പൽ നിർമ്മിക്കുന്നത്. അടുത്ത വർഷത്തോടെ ഐ.എൻ.എസ്. വിക്രാന്ത് കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിർമ്മാണവേളയിൽ ഐ.എ.സി.-1 എന്ന് പേരിട്ടിരുന്ന ഈ വമ്പൻവിമാനവാഹിക്ക്, ഡീകമ്മീഷൻ ചെയ്ത ഐ.എൻ.എസ്. വിക്രാന്തിന്റെ സ്മരണയിൽ ആ പേരു തന്നെ നൽകുകയായിരുന്നു. 1997-ൽ ഡീ കമ്മീഷൻ ചെയ്ത ഐ.എൻ.എസ്. വിക്രാന്ത് 2017-ലാണ് പൊളിച്ചത്. 1971-ലെ യുദ്ധത്തിൽ ഐ.എൻ.എസ്. വിക്രാന്ത് നിർണായക പങ്കുവഹിച്ചതിന്റെ അൻപതാം വാർഷികത്തിൽ, അതിന്റെ പിൻഗാമി പ്രഥമ പരീക്ഷണ യാത്ര നടത്തുന്നുവെന്നത് രാജ്യത്തിന് അഭിമാനകരവും ചരിത്രപരമായ ദിനവുമാണ്- ഇന്ത്യൻ നാവികസേന ട്വീറ്റ് ചെയ്തു. 

കൊച്ചി തീരത്തുനിന്ന് രാവിലെയാണ് കപ്പൽ കടലിലേക്ക് നീങ്ങിയത്. ആറു നോട്ടിക്കൽ മൈൽ മാറിയാണ് നിലവിൽ പരിശോധനകൾ . ഇത് വരും ദിവസങ്ങളിലും തുടരും. നാവിഗേഷൻ, കമ്യൂണിക്കേഷൻ, ഹള്ളിലെ യന്ത്രസാമഗ്രികൾ എന്നിവയുടെ പരിശോധനയും നടക്കും. കപ്പലിന്റെ രൂപമാതൃകയും തദ്ദേശിയമായി തന്നെ വികസിപ്പെടുത്തതാണ്. വേഗത്തിൽ നീങ്ങാനും കടലിലെ ഏത് സാഹചര്യത്തെയും മുന്നിൽക്കണ്ട് മുന്നേറാനുമുള്ള കരുത്ത് ഈ വിമാനവാഹിനിക്കപ്പലിനുണ്ട്.

ഇന്ത്യൻ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈനാണ് വിക്രാന്തിന്റെ രൂപകൽപ്പന നിർവഹിച്ചത്. കൊച്ചിൻ ഷിപ്പ്യാഡ് ലിമിറ്റഡിലാണ് 76 ശതമാനത്തിലധികം നിർമ്മാണം നടന്നത്. സൂപ്പർ സ്ട്രക്ചറിൽ അഞ്ചെണ്ണം ഉൾപ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാർട്ട്‌മെന്റുകളുമാണുള്ളത്. 1700 ഓളം വരുന്ന ക്രൂവിനായി രൂപകൽപ്പന ചെയ്ത കപ്പലിൽ വനിതാ ഓഫീസർമാർക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

യന്ത്രസാമഗ്രികൾ, കപ്പൽ നാവിഗേഷൻ, അതിജീവനം എന്നിവയ്ക്കായി വളരെ ഉയർന്ന നിലവാരമുള്ള യന്ത്രവൽകൃത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റർ വിമനങ്ങളെയും വഹിക്കാൻ കഴിയുന്ന 'വിക്രാന്ത്' ന് 28 മൈൽ വേഗതയും, 18 മൈൽ ക്രൂയിസിങ് വേഗതയും 7,500 മൈൽ ദൂരം പോകുവാനുള്ള ശേഷിയും ഉണ്ട്.

നവംബർ 20 ന് ബേസിൻ ട്രയൽസിന്റെ ഭാഗമായി കപ്പലിന്റെ പ്രൊപ്പൽഷൻ, പവർ ജനറേഷൻ ഉപകരണങ്ങൾ /സിസ്റ്റങ്ങൾ എന്നിവയുടെ കാര്യക്ഷമത തുറമുഖത്ത് പരീക്ഷിച്ചിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ജൂൺ 25-ന് കപ്പൽ സന്ദർശിച്ച് കപ്പലിന്റെ നിർമ്മാണ പുരോഗതി അവലോകനം ചെയ്തു. കന്നി പരീക്ഷണ യാത്രയ്ക്കിടെ, കപ്പലിന്റെ പ്രകടനം, ഹൾ, പ്രധാന പ്രൊപ്പൽഷൻ, പി.ജി.ഡി. സഹായ ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കും.

തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പൽ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിക്കും. വിക്രാന്തിന്റെ നിർമ്മാണം, ആത്മനിർഭർ ഭാരതിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചുവടുവെപ്പു കൂടിയാണ്.

രാജ്യത്ത് ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കപ്പൽ കൊച്ചിയുടെ തീരത്ത് ഒരുങ്ങുന്നത് ഒട്ടേറെ സവിശേഷതകളോടെയാണ്. 2300 കമ്പാർട്ട്മെന്റുകളുള്ള കപ്പലിൽ ഉപയോഗിച്ചിരിക്കുന്ന കേബിളുകൾ നീട്ടിയിട്ടാൽ അതിനു 2100 കിലോ മീറ്റർ നീളമുണ്ടാകും. 262 മീറ്റർ നീളമുള്ള കപ്പലിന് മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാനാകും. 1500-ലേറെ നാവികരെയും ഉൾക്കൊള്ളാനാകും.

പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ, ഇരുപത് ഫൈറ്റർ ജെറ്റുകളും 10 ഹെലികോപ്ടറും ഉൾപ്പെടെ മുപ്പത് എയർക്രാഫ്റ്റുകളെ വഹിക്കാൻ ഐ.എൻ.എസ്. വിക്രാന്തിന് സാധിക്കും. മിഗ്-29കെ, നാവിക സേനയുടെ എൽ.സി.എ. എയർക്രാഫ്റ്റ് എന്നിവയ്ക്കുള്ള സൗകര്യവും ഐ.എ.സി.-1നുണ്ടാകും. രണ്ട് റൺവേകളും എസ്.ടി.ഒ.ബി.എ.ആർ. സംവിധാനവും കപ്പലിലുണ്ടാകും.

റഷ്യൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുങ്ങുന്ന കപ്പലിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം (ഐ.പി.എം.എസ്.) ഒരുക്കുന്നത് ബെംഗളൂരു കേന്ദ്രമായ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡാണ്.

അടിയന്തരമായി മൂന്ന് വിമാനവാഹിനിക്കപ്പലുകളുടെ ആവശ്യകതയാണ് ഇന്ത്യൻ നാവികസേനയ്ക്കുള്ളത്. ഈസ്റ്റേൺ നേവൽ കമാൻഡിനും വെസ്റ്റേൺ നേവൽ കമാൻഡിനും ഓരോന്നു വീതവും മറ്റൊന്ന് ഡോക്ക് മെയിന്റനൻസിനും. 2017-ൽ ആ.എൻ.എസ്. വിക്രാന്ത് പൊളിച്ചുനീക്കിയതിനു ചെയ്തതിനു ശേഷം ഐ.എൻ.എസ്. വിക്രമാദിത്യ എന്ന വിമാനവാഹിനി മാത്രമാണ് നാവികസേനയ്ക്കുണ്ടായിരുന്നത്. വിമാനവാഹിനിക്കപ്പലുള്ള ലോകത്തെ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോകമാകെയുള്ള 45 വിമാനവാഹിനിക്കപ്പലുകളിൽ 11 എണ്ണം അമേരിക്കൻ നാവികസേനയുടേതാണ്.