കൊച്ചി: ആദ്യഘട്ട പരീക്ഷണയാത്ര പൂർത്തിയാക്കി ഐഎൻഎസ് വിക്രാന്തുകൊച്ചിയിൽ തിരിച്ചെത്തി. അറബിക്കടലിൽ അഞ്ച് ദിവസത്തെ യാത്ര വിജയകരമായി പൂർത്തിയാക്കിയതിനു ശേഷമാണ് നാവികസേനയുടെ ഐഎൻഎസ് വിക്രാന്ത് മടങ്ങിയെത്തിയത്. പരീക്ഷണഘട്ടം പൂർത്തിയാക്കി അടുത്തവർഷത്തോടെ ഐ.എൻ.എസ്. വിക്രാന്ത് കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കപ്പലിന്റെ കാര്യശേഷിയാണ് ഈ അഞ്ച് ദിവസം വിലയിരുത്തിയത്. 262 മീറ്റർ ഉയരവും 62 മീറ്റർ വീതിയും സൂപ്പർ സ്ട്രക്ചർ ഉൾപ്പെടെ 59 മീറ്റർ ഉയരവുമുള്ള കപ്പൽ ഓഗസ്ത് നാലിനാണ് പരീക്ഷണയാത്ര ആരംഭിച്ചത്.

ഇന്ത്യ തദ്ദേശീയമായി രൂപകൽപന ചെയ്ത് നിർമ്മിച്ച കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. ഇന്ത്യൻ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈനാണ് വിക്രാന്തിന്റെ രൂപകൽപ്പന നിർവഹിച്ചത്. കൊച്ചിൻ ഷിപ്പ്യാഡ് ലിമിറ്റഡിലാണ് 76 ശതമാനത്തിലധികം നിർമ്മാണം നടന്നത്. സൂപ്പർ സ്ട്രക്ചറിൽ അഞ്ചെണ്ണം ഉൾപ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാർട്ട്മെന്റുകളുമാണുള്ളത്. 1700 ഓളം വരുന്ന ക്രൂവിനായി രൂപകൽപ്പന ചെയ്ത കപ്പലിൽ വനിതാ ഓഫീസർമാർക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. ഇരുപത് ഫൈറ്റർ ജെറ്റുകളും 10 ഹെലികോപ്ടറും ഉൾപ്പെടെ മുപ്പത് എയർക്രാഫ്റ്റുകളെ വഹിക്കാൻ ഐ.എൻ.എസ്. വിക്രാന്തിന് സാധിക്കും.