ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ നിന്നും രക്ഷാദൗത്യത്തിലൂടെ ഇന്ത്യയിൽ തിരികെയെത്തിക്കുന്നവർക്ക് 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറക്കി.

അഫ്ഗാനിലെ കോവിഡ് സ്ഥിതി വിശേഷം സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ലാത്തതിനാലാണ് പ്രതിരോധത്തിന്റെ ഭാഗമായി ഇത്തരമൊരു നടപടി. അതേസമയം ഇന്ന് അഫ്ഗാനിൽനിന്ന് എത്തിയ 78 പേരടങ്ങുന്ന സംഘത്തിലെ ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. സാധാരണഗതിയിൽ ഇന്ത്യയിലേക്ക് മറ്റ് രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് പുറപ്പെടുന്നതിന് മുൻപ് കോവിഡ് പരിശോധന നിർബന്ധമാണ്.

എന്നാൽ താലിബാൻ അധികാരം പിടിച്ചെടുത്ത പശ്ചാത്തലത്തിൽ പൗരന്മാരെ നാട്ടിലേക്ക് എത്തിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി നിർബന്ധിത കോവിഡ് പരിശോധന ഉൾപ്പെടുത്തിയിരുന്നില്ല. ഇതിന് പകരമായിട്ടാണ് ഇപ്പോൾ ക്വാറന്റീൻ നിർബന്ധമാക്കിയത്.

ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ ലോജിസ്റ്റിക്സ് ആസ്ഥാനത്താണ് നിർബന്ധിത ക്വാറന്റീൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. ക്വാറന്റീനിൽ കഴിയുന്നവരുടെ ആരോഗ്യനില നിരീക്ഷിക്കുകയും ആശുപത്രിയിലേക്ക് മാറ്റേണ്ട രോഗികളെ മാറ്റുന്നതിനുമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.