തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് ഭരണം പോരെന്ന രൂക്ഷ വിമർശനം ഉയർന്നിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് മറ്റാരെ എങ്കിലു ഏൽപ്പിക്കണമെന്ന് വരെ പ്രതിപക്ഷം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. തലസ്ഥാനത്ത് യുവാവിന്റെ കാൽ വെട്ടിയെറിഞ്ഞുള്ള്ള ഗൂണ്ടാ ആക്രമണം, പോത്തൻകോട്ട് അച്ഛനും മകൾക്കും നേരെയുള്ള ഗൂണ്ടാ ആക്രമണം, ആലപ്പുഴയിലെ അരട്ട കൊലപാതകങ്ങൾ തുടങ്ങിയവ വലിയ വിമർശനമാണ് പൊലീസിന് നേരേ ക്ഷണിച്ച് വരുത്തിയത്.

ആലപ്പുഴ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 140 ഇടങ്ങളിൽ സംഘർഷ സാദ്ധ്യതയെന്നാണ് ഇന്റ്ലിജൻസ് റിപ്പോർട്ട്. ഇതേ തുടർന്ന് കനത്ത ജാഗ്രത പുലർത്താൻ പൊലീസിന് നിർദ്ദേശം നൽകി. ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പ്രക്ഷോഭ പരിപാടികൾക്ക് സാദ്ധ്യതയുണ്ടെന്നാണ് ഇന്റ്ലിജൻസ് റിപ്പോർട്ട് നൽകിയത്. ഏതൊക്കെ സംഘടനകളാണ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നതിനെക്കുറിച്ചും ഇന്റ്ലിജൻസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.

തലസ്ഥാനത്ത് മാത്രം 21 ഇടങ്ങളിൽ പ്രക്ഷോഭ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.ചില പ്രത്യേക വിഭാഗങ്ങൾ താമസിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സംഘർഷ സാദ്ധ്യതയുള്ളതെന്നാണ് ഇന്റ്ലിജൻസ് റിപ്പോർട്ട്. ഇത്തരം സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രക്ഷോഭങ്ങളും സംഘർഷങ്ങളും നടന്നാൽ അത് കൂടുതൽ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന് പൊലീസും സർക്കാരിനും കടുത്ത ആശങ്കയുണ്ട്. അതിനാൽ ഈ പ്രദേശങ്ങളിൽ കടുത്ത ജാഗ്രത പുലർത്തും.

പ്രശ്‌ന സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ മാത്രമല്ല സംസ്ഥാനം മുഴുവൻ കൂടുതൽ ജാഗ്രതയും ശ്രദ്ധയും വേണമെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന കർശന നിർദ്ദേശം.ആലപ്പുഴയിൽ അടുത്തിടെ നടന്ന ഇരട്ടക്കൊലപാതകങ്ങൾ പൊലീസിന്റെയും ഇന്റ്ലിജൻസിന്റെയും വീഴ്ചകൊണ്ടുണ്ടായതാണെന്ന് ആക്ഷേപമുയർന്നിരുന്നു. കേസിൽ ഉൾപ്പെട്ട മുഴുവൻ പേരെയും അറസ്റ്റുചെയ്യാനാവാത്തതും പൊലീസിന്റെ വീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.