തിരുവനന്തപുരം: സംസ്ഥാനാന്തര വാഹന രജിസ്ട്രേഷൻ സംവിധാനം നടപ്പാക്കുന്നതോടെ സംസ്ഥാനം നേരിടുക വൻ നികുതി നഷ്ടം. വാഹന വിലയുടെ 21 ശതമാനം വരെ നികുതി ചുമത്തുന്നിടത്ത്, പുതിയ സംവിധാനത്തിൽ 12 ശതമാനം വരെയാണ് നികുതി ഈടാക്കുക. അതേസമയം, നികുതി കുറയുന്നത് വാഹന ഉടമകൾക്ക് നേട്ടമാകും.

രാജ്യത്ത് ഏറ്റവും കൂടുതൽ റോഡ് നികുതി ഈടാക്കുന്ന സംസ്ഥാനങ്ങിൽ ഒന്നാണ് കേരളം. വാഹന വിലയ്ക്കനുസരിച്ച് 21 ശതമാനം വരെയാണ് നികുതി ഈടാക്കുന്നത്. എന്നാൽ സംസ്ഥാനാനന്തര വാഹന രജിസ്ട്രേഷനായ ബി.എച്ച് സീരീസ് നടപ്പാക്കുമ്പോൾ നികുതി ഗണ്യമായി കുറയും.

8 മുതൽ 12 ശതമാനം വരെയാണ് നികുതി ഈടാക്കുക. സംസ്ഥാനത്തിന് നഷ്ടമാണെങ്കിലും, വാഹന ഉടമകൾക്ക് നേട്ടമാണ് ഉണ്ടാകുക. മാത്രമല്ല, നേരത്തെ 15 വർഷത്തേയ്ക്ക് ഒറ്റത്തവണയായി നികുതി അടയ്ക്കണമായിരുന്നു.

ബി.എച്ച് രജിസ്ട്രേഷനിൽ രണ്ടു വർഷ തവണകളായി നികുതി അടയ്ക്കാം. വാഹനം വാങ്ങുന്നവരെ സംബന്ധിച്ച് ഏറെ ആശ്വാസമാണ് പുതിയ സംവിധാനം. സംസ്ഥാന സർക്കാരുകൾക്കാണ് റോഡ് നികുതി നിശ്ചയിക്കാനുള്ള അധികാരം. എന്നാൽ, വിവിധ സംസ്ഥാനങ്ങളിലെ നികുതി വ്യത്യാസം കാരണം വാഹന ഉടമകൾക്കുണ്ടാകുന്ന നഷ്ട പരിഹാരത്തിനാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം.