ന്യൂഡൽഹി: രാജ്യാന്തര വിമാന സർവീസുകൾ സെപ്റ്റംബർ 30വരെ പുനരാരംഭിക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ തീരുമാനം. രാജ്യാന്തര സർവീസുകൾക്ക് വിലക്ക് സെപ്റ്റംബർ 30 വരെ നീട്ടിയെങ്കിലും കാർഗോ സേവനത്തിനും തെരഞ്ഞെടുത്ത റൂട്ടുകളിലുള്ള വിമാന യാത്രയ്ക്കും ഇത് ബാധകമല്ലെന്ന് കേന്ദ്രസർക്കാരിന്റെ ഉത്തരവിൽ പറയുന്നു. നിലവിൽ ആഭ്യന്തര വിമാന കമ്പനികൾ സർവീസുകൾ നടത്തുന്നുണ്ട്. മാസങ്ങൾക്ക് മുൻപാണ് നിയന്ത്രണങ്ങളോടെ ആഭ്യന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നീക്കിയത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ചിലാണ് രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവെച്ചത്. തുടർന്ന് നിരവധി തവണകളായി രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടുകയായിരുന്നു. നിലവിൽ കഴിഞ്ഞ അഞ്ചുമാസമായി രാജ്യാന്തര വിമാന കമ്പനികൾ സർവീസ് നടത്തുന്നില്ല. വന്ദേഭാരത് ഉൾപ്പെടെ പ്രത്യേക സർവീസുകൾ മാത്രമാണ് നടത്തുന്നത്. വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിൽ തിരികെ എത്തിക്കുന്നതിനാണ് വന്ദേഭാരത് ദൗത്യം സർക്കാർ പ്രഖ്യാപിച്ചത്. ചില തെരഞ്ഞെടുത്ത റൂട്ടുകളിലും സർക്കാർ സർവീസ് അനുവദിച്ചിട്ടുണ്ട്.