കോവിഡ് പ്രതിസന്ധി കാലത്ത് ഹോട്ടലുകളും കഫേകളും ബാറുകളും ഉൾപ്പെടെയുള്ള ഹോസ്പിറ്റാലിറ്റി രംഗത്തും ടൂറിസം മേഖലയിലും ജോലി ചെയ്യുന്ന സ്റ്റുഡന്റ് വിസക്കാർക്കും കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. നാളെ അവതരിപ്പിക്കുന്ന ഫെഡറൽ ബജറ്റിൽ ഇക്കാര്യം പ്രഖ്യാപിക്കും.

ഓസ്‌ട്രേലിയയിൽ സ്റ്റുഡന്റ് വിസയിലുള്ളവർക്ക് ആഴ്ചയിൽ 20 മണിക്കൂർ മാത്രമാണ് ജോലി ചെയ്യാൻ അനുവാദമുള്ളത്.എന്നാൽ, വിനോദസഞ്ചാര രംഗത്തും, ഹോട്ടലുകളും കഫേകളും ബാറുകളും ഉൾപ്പെടെയുള്ള ഹോസ്പിറ്റാലിറ്റി രംഗത്തും ജോലി ചെയ്യുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്ക് ഈ നിയന്ത്രണം ഒഴിവാക്കാനാണ് സർക്കാരിന്റെ തീരുമാനം.

സർക്കാർ കണക്കനുസരിച്ച് 300,000 ത്തോളം വിദ്യാർത്ഥികൾ ഓസ്ട്രേലിയയിൽജോലിസമയത്ത് 40 മണിക്കൂർ രണ്ടാഴ്ച പരിധി നേരിടുന്നുണ്ട്.ഈ തൊഴിൽമേഖലകളിൽ നിന്നുള്ള ആവശ്യം കണക്കിലെടുത്താണ് സർക്കാർ നിയമത്തിൽ മാറ്റം വരുത്തുന്നത്.

കോവിഡ് ബാധയ്ക്കു ശേഷമുള്ള സാമ്പത്തിക പുനർനിർമ്മാണത്തിൽ നിർണ്ണായകമായിരിക്കും ഈ തൊഴിൽമേഖലകളെന്ന് കുടിയേറ്റകാര്യമന്ത്രി അലക്‌സ് ഹോക് പറഞ്ഞു.ഓസട്രേലിയയിൽ കൊറോണവൈറസ് വ്യാപനം രൂക്ഷമായിരുന്ന സമയത്ത് ഏറ്റവുമധികം പ്രതിസന്ധിയിലായ ഒരു വിഭാഗം രാജ്യാന്തര വിദ്യാർത്ഥികളായിരുന്നു.

ദൈനംദിന ചെലവുകൾക്ക് പോലും ബുദ്ധിമുട്ടുന്ന നിരവധി വിദ്യാർത്ഥികളുണ്ടെന്ന് പല സർവേകളും ചൂണ്ടിക്കാട്ടിയിരുന്നു.ടൂറിസത്തെയും ഹോസ്പിറ്റാലിറ്റിയെയും ഇനി നിർണ്ണായക തൊഴിൽമേഖലകളുടെ പട്ടികയിൽ ഉൾപ്പെടുത്താനും തീരുമാനമുണ്ട്.

കൃഷി, ഭക്ഷ്യസംസ്‌കരണം, ആരോഗ്യം, ഡിസെബിലിറ്റി കെയർ, ചൈൽഡ് കെയർ തുടങ്ങിയ മേഖലകളാണ് ഇപ്പോൾ ഈ പട്ടികയിൽ ഉള്ളത്.ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ ജോലി ചെയ്യുന്ന താൽക്കാലിക വിസക്കാർക്കും കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കും.

നിലവിലെ വിസാ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 90 ദിവസങ്ങളിൽ ഇവർക്ക് സബ്ക്ലാസ് 408 കോവിഡ്-19 വിസയ്ക്കായി അപേക്ഷിക്കാം.അധികമായി 12 മാസം കൂടി ഓസ്‌ട്രേലിയയിൽ തുടരാൻ അനുവാദം നൽകുന്നതാകും ഈ വിസ.