ദുബായ്: ഐ.പി.എല്ലിൽ നിർണായക മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെതിരേ 166 റൺസ് വിജയലക്ഷ്യമുയർത്തി കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു.

തകർത്തടിച്ച ഓപ്പണർ വെങ്കടേഷ് അയ്യരാണ് കൊൽക്കത്ത നിരയിലെ ടോപ് സ്‌കോറർ. 49 പന്തുകൾ നേരിട്ട വെങ്കടേഷ് ഒരു സിക്സും ഒമ്പത് ഫോറുമടക്കം 67 റൺസെടുത്തു. അവസാന ഓവറുകളിൽ മികച്ച ബാറ്റിങ് പുറത്തെടുത്ത നിധീഷ് റാണയുടെ പ്രകടനവും നിർണായകമായി.

മികച്ച തുടക്കം ലഭിച്ച് വമ്പൻ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന കൊൽക്കത്തയെ അവസാന ഓവറുകളിൽ പഞ്ചാബ് ബൗളർമാർ പിടിച്ച് കെട്ടുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് മൂന്നാം ഓവറിൽ തന്നെ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ (7) നഷ്ടമായി. അർഷദീപ് സിങ്ങാണ് താരത്തെ പുറത്താക്കിയത്.

തുടർന്ന് രണ്ടാം വിക്കറ്റിൽ ഒന്നിച്ച വെങ്കടേഷ് - രാഹുൽ ത്രിപാഠി സഖ്യം 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 26 പന്തിൽ നിന്ന് 34 റൺസെടുത്ത ത്രിപാഠിയെ പുറത്താക്കി രവി ബിഷ്ണോയിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 15-ാം ഓവറിൽ വെങ്കടേഷിനെയും ബിഷ്ണോയ് മടക്കി.

തുടർന്നെത്തിയ ക്യാപ്റ്റൻ ഓയിൻ മോർഗന് കൊൽക്കത്ത സ്‌കോറിലേക്ക് കാര്യമായി സംഭാവന ചെയ്യാനായില്ല. രണ്ടു റൺസെടുത്ത മോർഗനെ മുഹമ്മദ് ഷമി വിക്കറ്റിന് മുന്നിൽ കുടുക്കി.

18 പന്തിൽ നിന്ന് രണ്ടു വീതം സിക്സും ഫോറുമടക്കം 31 റൺസെടുത്ത നിതീഷ് റാണ മികച്ച ബാറ്റിങ് പുറത്തെടുത്തു. ദിനേഷ് കാർത്തിക്ക് 11 റൺസെടുത്ത് അവസാന പന്തിൽ പുറത്തായി. സുനിൽ നരെയ്ൻ മൂന്ന് റൺസോടെ പുറത്താകാതെ നിന്നു. പഞ്ചാബിനായി അർഷദീപ് സിങ് മൂന്നും രവി ബിഷ്ണോയ് രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി.