പുനെ: ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് 154 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. 37 പന്തിൽ നാലു ഫോറും രണ്ടു സിക്‌സും സഹിതം 46 റൺസെടുത്ത ഓപ്പണർ ക്വിന്റൻ ഡികോക്കാണ് ലക്‌നൗവിന്റെ ടോപ് സ്‌കോറർ. പഞ്ചാബിനായി കാഗിസോ റബാഡ നാലും രാഹുൽ ചാഹർ രണ്ടും വിക്കറ്റെടുത്തു

കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറിയുമായി തിളങ്ങിയ കെ.എൽ. രാഹുൽ ഇത്തവണ നിരാശപ്പെടുത്തിയെങ്കിലും, രണ്ടാം വിക്കറ്റിൽ ദീപക് ഹൂഡയെ കൂട്ടുപിടിച്ച് ഡികോക്ക് നടത്തിയ പോരാട്ടമാണ് ലക്‌നൗവിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 59 പന്തിൽ കൂട്ടിച്ചേർത്തത് 85 റൺസാണ്. ദീപക് ഹൂഡ 28 പന്തിൽ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 34 റൺസെടുത്ത് റണ്ണൗട്ടായി.

ഇവർക്കു പുറമെ ലക്‌നൗ നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേർ മാത്രം. ജെയ്‌സൻ ഹോൾഡർ എട്ടു പന്തിൽ ഒരു സിക്‌സ് സഹിതം 11 റൺസെടുത്തും ദുഷ്മന്ത ചമീര 10 പന്തിൽ രണ്ടു സിക്‌സ് സഹിതം 17 റൺസെടുത്തും പുറത്തായി. മൊഹ്‌സിൻ ഖാൻ ആറു പന്തിൽ ഓരോ ഫോറും സിക്‌സും സഹിതം 13 റൺസുമായി പുറത്താകാതെ നിന്നു.

ക്യാപ്റ്റൻ കെ.എൽ. രാഹുലിനു (11 പന്തിൽ ആറ്) പുറമേ ക്രുണാൽ പാണ്ഡ്യ (ഏഴു പന്തിൽ ഏഴ്), മാർക്കസ് സ്റ്റോയ്‌നിസ് (നാലു പന്തിൽ ഒന്ന്), ആയുഷ് ബദോനി (നാലു പന്തിൽ നാല്) എന്നിവരും നിരാശപ്പെടുത്തി. ആവേശ് ഖാൻ (അഞ്ച് പന്തിൽ രണ്ട്) പുറത്താകാതെ നിന്നു.

പഞ്ചാബിനായി കഗീസോ റബാദ നാല് ഓവറിൽ 38 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തി. രാഹുൽ ചാഹർ നാല് ഓവറിൽ 30 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്‌ത്തി. നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത സന്ദീപ് ശർമയുടെ പ്രകടനവും ശ്രദ്ധേയമായി.

നേരത്തെ, ടോസ് നേടിയ പഞ്ചാബ് നായകൻ മയാങ്ക് അഗർവാൾ ലക്‌നൗവിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ കളിച്ച പഞ്ചാബ് ടീമിൽ മാറ്റങ്ങളില്ല. ലക്‌നൗവിൽ ആവേശ് ഖാൻ തിരിച്ചെത്തി. കഴിഞ്ഞ സീസണിൽ പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്ന കെ.എൽ. രാഹുൽ ഇത്തവണ പഞ്ചാബിനെതിരെ കളത്തിലിറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ഇരു ടീമുകളും എട്ടു മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ അഞ്ച് ജയവും മൂന്നു തോൽവിയും സഹിതം 10 പോയിന്റുമായി നാലാം സ്ഥാനത്താണ് ലക്‌നൗ സൂപ്പർ ജയന്റ്‌സ്. മൂന്നാമതുള്ള സൺറൈസേഴ്‌സ് ഹൈദരാബാദിനും 10 പോയിന്റാണെങ്കിലും റൺറേറ്റിലെ മികവാണ് അവരെ മൂന്നാമതു നിർത്തുന്നത്. മറുവശത്ത് എട്ടിൽ നാലു മത്സരങ്ങൾ വീതം ജയിക്കുകയും തോൽക്കുകയും ചെയ്ത പഞ്ചാബ് കിങ്‌സ് എട്ടു പോയിന്റുമായി ഏഴാം സ്ഥാനത്താണ്. ആറാമതുള്ള ഡൽഹി ക്യാപിറ്റൽസിനും എട്ടു പോയിന്റാണെങ്കിലും റൺറേറ്റിലാണ് പഞ്ചാബ് പിന്നിൽ നിൽക്കുന്നത്.