മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണെങ്കിലും ഐപിഎൽ മത്സരങ്ങൽ മുംബൈയിൽ തന്നെ നടത്താൻ മഹാരാഷ്ട്ര സർക്കാരിന്റെ അനുമതി. കർശന ഉപാധികളോടെ ഐപിഎൽ മത്സരങ്ങൾ നടത്താനാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നതെന്ന് മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയായ നവാബ് മാലിക്ക് വ്യക്തമാക്കി.

മത്സരങ്ങളിൽ കാണികളെ പ്രവേശിപ്പിക്കില്ല. ഐപിഎല്ലിൽ പങ്കെടുക്കുന്നവരെല്ലാം ഒരേ ഇടത്ത് ഐസൊലേഷനിൽ കഴിയണം, ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്നും മന്ത്രി വാർത്താ ഏജൻസിയോട് പറഞ്ഞു. കളിക്കാർക്ക് കോവിഡ് വാക്‌സിൻ നൽകണമെന്ന് ബിസിസിഐ അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

കോവിഡ് രോഗബാധ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ ഈ ആഴ്ച അവസാനം വെള്ളിയാഴ്ച വൈകിട്ട് എട്ട് മണി മുതൽ തിങ്കളാവ്ച രാവിലെ ഏഴ് വരെ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡ് അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വാക്‌സിനേഷനുള്ള പ്രായപരിധി കുറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
എന്നാൽ ഇക്കാര്യങ്ങളിൽ കേന്ദ്ര സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി വ്യക്താക്കി.

ഇത്തവണ ഐപിഎല്ലിൽ 10 മത്സരങ്ങൾക്കാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം വേദിയാവുന്നത്. കോവിഡ് തീവ്രമായി തുടരുന്നുവെങ്കിലും മത്സരങ്ങൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.