മുംബൈ: ഐ.പി.എല്ലിൽ നായകനായുള്ള അരങ്ങേറ്റ മത്സരത്തിൽ ടോസ് വിജയിച്ച സഞ്ജു സാംസൺ പഞ്ചാബ് കിങ്‌സിനെതിരെ ഫീൽഡിങ് തിരഞ്ഞെടുത്തു. ഐപിഎൽ 14ാം സീസണിൽ ഇരു ടീമുകളുടെയും ആദ്യ പോരാട്ടമാണിത്.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. രാജസ്ഥാൻ നിരയിൽ ജോസ് ബട്ലർ, ക്രിസ് മോറിസ്, മുസ്താഫിസുർ റഹ്മാൻ, ബെൻ സ്റ്റോക്‌സ് എന്നിവരാണ് വിദേശ താരങ്ങൾ. പഞ്ചാബ് നിരയിൽ റൈലി മെറിഡത്ത്, ജൈ റിച്ചാർഡ്‌സൻ, നിക്കോളാസ് പുരാൻ എന്നിവർക്കൊപ്പം ക്രിസ് ഗെയ്‌ലും വിദേശ താരമായി കളത്തിലിറങ്ങും.

ഐ.പി.എല്ലിൽ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണിന്റെ അരങ്ങേറ്റ മത്സരമാണിത്. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് ഈ സീസണിൽ സഞ്ജുവിനെ രാജസ്ഥാൻ ക്യാപ്റ്റൻ ആക്കിയിരിക്കുന്നത്. ഐപിഎല്ലിൽ ഒരു മലയാളി ക്യാപ്റ്റൻ സ്ഥാനത്തെത്തുന്നത് ഇതാദ്യമായാണ്.

ഐപിഎലിൽ ക്യാപ്റ്റൻ സ്ഥാനത്തെത്തും മുൻപ് കൂടുതൽ മത്സരങ്ങൾ കളിച്ച മൂന്നാമത്തെ താരമാണ് സഞ്ജു. 137 മത്സരങ്ങൾ കളിച്ച ശേഷം ടീമിനെ നയിക്കാൻ അവസരം ലഭിച്ച മുംബൈ ഇന്ത്യൻസിന്റെ വെസ്റ്റിൻഡീസ് താരം കീറൺ പൊള്ളാർഡാണ് ഇക്കാര്യത്തിൽ മുന്നിൽ. 111 മത്സരങ്ങൾക്കു ശേഷം ക്യാപ്റ്റൻ സ്ഥാനം ലഭിച്ച പഞ്ചാബിന്റെ മുൻ താരം രവിചന്ദ്രൻ അശ്വിൻ രണ്ടാമതുണ്ട്. രാജസ്ഥാൻ, ഡൽഹി ക്യാപിറ്റൽസ് ടീമുകൾക്കായി 107 മത്സരങ്ങൾ പൂർത്തിയാക്കിയതിനു പിന്നാലെയാണ് സഞ്ജുവിന് ആദ്യമായി നായകസ്ഥാനം ലഭിക്കുന്നത്.

നായകൻ കെ.എൽ. രാഹുൽ, മായങ്ക് അഗർവാൾ, ക്രിസ് ഗെയ്ൽ, നിക്കോളാസ് പുരൻ എന്നിവരടങ്ങുന്ന പഞ്ചാബ് കരുത്തുറ്റ നിരയാണ്.

സഞ്ജുവിനു പുറമേ ബെൻ സ്റ്റോക്സ്, ജോസ് ബട്ട്ലർ എന്നിവരിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. ഈ സീസണിലെ ഏറ്റവും വിലയേറിയ താരമായ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസും രാജസ്ഥാൻ നിരയിലാണ്.

അന്തിമ ഇലവൻ

രാജസ്ഥാൻ റോയൽസ്: ജോസ് ബട്‌ലർ (വിക്കറ്റ് കീപ്പർ), മനൻ വോറ, ബെൻ സ്റ്റോക്‌സ്, സഞ്ജു സാംസൺ (ക്യാപ്റ്റൻ), റിയാൻ പരാഗ്, ശിവം ദുബെ, രാഹുൽ തെവാത്തിയ, ക്രിസ് മോറിസ്, ശ്രേയസ് ഗോപാൽ, ചേതൻ സക്കറിയ, മുസ്താഫിസുർ റഹ്മാൻ

പഞ്ചാബ് കിങ്‌സ്: കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, ക്രിസ് ഗെയ്ൽ, നിക്കോളാസ് പുരാൻ, ദീപക് ഹൂഡ, ഷാരൂഖ് ഖാൻ, ജൈ റിച്ചാർഡ്‌സൻ, മുരുഗൻ അശ്വിൻ, റൈലി മെറിഡത്ത്, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്