തിരുവനന്തപുരം: മുങ്ങിമരിച്ച ബാലു എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ഐ.എ.എസ്.-ഐ.പി.എസ്. ഉദ്യോഗസ്ഥർ ക്രിക്കറ്റ് മത്സരം നടത്തിയതിൽ പൊലീസ് സേനയിൽ അതൃപ്തി രൂക്ഷം. ഇത്തരം വിവാദങ്ങൾ ഇനി ഉണ്ടാകരുതെന്ന നിർദ്ദേശം ഡിജിപിക്ക് സർക്കാർ തലത്തിൽ നൽകിയിരുന്നു.

മത്സരം മാറ്റിവെക്കാൻ ഐ.പി.എസ്. ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള മത്സരാർഥികൾ ശ്രമിക്കാത്തതും വിവാദമായിട്ടുണ്ട്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരുന്നു ഐ.എ.എസ്.-ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നത്. ഇത്തരം പരിപാടികൾ സർക്കാരിനും മോശം പ്രതിച്ഛായ നൽകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ആലപ്പുഴയിൽ രണ്ടു പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ പൊലീസ് കളിക്കുകയാണെന്ന പൊതു ധാരണ ഇതിലൂടെ കൈവന്നുവെന്നാണ് സർക്കാർ വിലയിരുത്തൽ.

എ.ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥർ അടക്കം മത്സരത്തിൽ പങ്കെടുത്തു. നേരത്തേ നിശ്ചയിച്ച പരിപാടിയായിരുന്നെങ്കിലും മാറ്റിവെക്കാമായിരുന്നുവെന്ന് പൊലീസ് സേനയ്ക്കിടയിൽനിന്നുതന്നെ അഭിപ്രായമുയർന്നു. ബാലുവിന്റെ പോസ്റ്റ്‌മോർട്ടം നടക്കുമ്പോൾ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മത്സരത്തിൽ പങ്കെടുത്തതിലെ അനൗചിത്യവും ഉദ്യോഗസ്ഥർതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. തിരുവനന്തപുരം ഡി.സി.പി.യാകട്ടെ ക്രിക്കറ്റ് കളിക്ക് ശേഷമാണ് എസ്.എ.പി ക്യാമ്പിലെത്തിയത്.

സംസ്ഥാനത്ത് രണ്ട് രാഷ്ട്രീയ കൊലപാതങ്ങൾ നടന്നിട്ടും തിരുവനന്തപുരത്ത് പ്രതിയെ പിടിക്കാൻ പോയ പൊലീസുകാരൻ മുങ്ങിമരിച്ചിട്ടും ക്രിക്കറ്റ് മത്സരം മാറ്റിവെക്കാതെ പൊലീസ് ഉന്നത ഉദ്യോഗസ്ഥരെ സർക്കാർ ശാസിക്കാനും സാധ്യതയുണ്ട്. കഴക്കൂട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഞായറാഴ്‌ച്ച രാവിലെയാണ് ഐപിഎസ് -ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നത്. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥർ അടക്കമാണ് ട്വന്റി-20 മത്സരത്തിൽ പങ്കെടുത്തത്. ഇത് നേരത്തെ നിശ്ചയിച്ച പരിപാടിയായിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ മാറ്റിവെക്കാമായിരുന്നു എന്ന് സർക്കാരും വിലയിരുത്തുന്നു.

ശനിയാഴ്‌ച്ചയാണ് കൊലപാതകക്കേസിലെ പ്രതിയെ പിടികൂടാൻ പോയ എസ്എപി ക്യാമ്പിലെ പൊലീസുകാരൻ ബാലു മുങ്ങിമരിച്ചത്. ബാലുവിന്റെ മൃതദേഹം എസ്എപി ക്യാമ്പിലെ ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കുന്നതുവരെ ഈ മത്സരം നീണ്ടു. ഇതിനുപുറമേ ആലപ്പുഴയിൽ രണ്ടു രാഷ്ട്രീയ കൊലപാതങ്ങൾ നടന്നതിന്റെ ഞെട്ടലിൽ കൂടിയാണ് കേരളം. അതീവ ജാഗ്രത പാലിക്കേണ്ട ഈ സമയത്താണ് പൊലീസിന്റെ ഭാഗത്തുനിന്ന് നിരുത്തരവാദപരമായ സമീപനമുണ്ടായതെന്നാണ് ആക്ഷേപം.