ബൈബിനെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസിസമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഡബ്ലിനിലെ സീറോ മലബാർ സഭയുടെ മതബോധന വിഭാഗം വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിൾ ക്വിസ് മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ ജനുവരി 21 ശനിയാഴ്ച നടക്കും.

ജനുവരി 7 നു വിവിധ കുർബാന സെന്ററുകളിൽ നടന്ന പ്രാഥമിക മത്സരങ്ങളിലെ വിജയികൾക്കായി സംഘടിപ്പിച്ചിരിക്കുന്ന ഗ്രാന്റ് ഫിനാലെ 'BIBLIA 2023' നു ഗ്ലാസ്‌നേവിൻ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയം വേദിയാകും. ഉച്ചകഴിഞ്ഞ് 1 മണിക്കാണു പരിപാടി ആരംഭിക്കുന്നത്.

മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ മുതൽ മാതാപിതാക്കൾവരെയുള്ള അഞ്ച് വിഭാഗങ്ങൾക്കായി ഓരോ കുർബാന സെന്ററുകളിൽ നടന്ന മത്സരത്തിലെ ഓരോ വിഭാഗത്തിലേയും ഒന്നാം സ്ഥാനക്കാർ ഒരു ടീമായി ഈ ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കും. ഓഡിയോ വിഷൽ റൗണ്ടുകൾ ഉൾപ്പെട്ട ലൈവ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് മാർ തോമാ എവർ റോളിങ്ങ് ട്രോഫിയും 500 യൂറോയുടെ കാഷ് അവാർഡും, രണ്ടാം സ്ഥനക്കാർക്ക് സെന്റ് പോൾ എവർ റോളിങ്ങ് ട്രോഫിയും 350 യൂറോയുടെ കാഷ് അവാർഡും, മൂന്നാം സ്ഥനക്കാർക്ക് സെന്റ് പാട്രിക് എവർ റോളിങ്ങ് ടോഫിയും നൽകും. സ്‌പൈസ് ബസാർ ഡബ്ലിനാണു സമ്മനത്തുക സ്‌പോൺസർ ചെയ്യുന്നത്. ഓഡിയൻസ് റൗണ്ടിൽ വിജയിക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങൾ ഉണ്ടായിരിക്കും.

മത്തായി എഴുതിയ സുവിശേഷത്തിൽനിന്നും, വി. പൗലോസ് എഫേസൂസുകാർക്ക് എഴുതിയ ലേഖനങ്ങളിൽ (1-6) നിന്നും ഉള്ള ചോദ്യങ്ങളും, കൂടാതെ വി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ പറ്റിയുള്ള ചോദ്യങ്ങളും ആയിരിക്കും ഉണ്ടാകുക.

വചനമാകുന്ന ദൈവത്തെ അടുത്തറിയാൻ ഏവരേയും ഈ ഗ്രാന്റ് ഫിനാലയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.