മുംബൈ: 2003 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് കിരീടം കൈവിട്ട ഇന്ത്യൻ ടീം ഏറെ പ്രതീക്ഷയോടെയായിരുന്നു 2007 ൽ വെസ്റ്റ് ഇൻഡീസ് ആതിഥേയത്വം വഹിച്ച ലോകകപ്പിന് എത്തിയത്.

രാഹുൽ ദ്രാവിഡായിരുന്നു ടീം ഇന്ത്യയെ നയിച്ചിരുന്നത്. സച്ചിനും ഗാംഗുലിയും സെവാഗും ധോണിയും യുവരാജും ഹർഭജനും സഹീറും അഗാർക്കറും ഇർഫാൻ പത്താനുമെല്ലാം ടീമിലുണ്ടായിട്ടും ഇന്ത്യ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ കാലിടറി വീണു. ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും എതിരായ മത്സരങ്ങളിൽ തോറ്റതോടെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ലോകകപ്പിനായി മോഹിച്ച ഇന്ത്യൻ സുവർണ നിരയ്ക്ക് എങ്ങുമെത്താനാകാതെ മടങ്ങേണ്ടി വന്നപ്പോൾ താരങ്ങളെല്ലാം വലിയ നിരാശയിലായി. എന്നാൽ പരാജയത്തിൽ നിരാശപ്പെട്ട ടീമിലെ യുവതാരങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ നായകൻ രാഹുൽ ദ്രാവിഡിന്റെ ഇടപെടൽ എത്രത്തോളം സ്വാധീനിച്ചെന്ന് തുറന്നുപറയുകയാണ് ഇർഫാൻ പഠാൻ. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇർഫാന്റെ പ്രതികരണം.

'കളി തോറ്റ് വിഷമിച്ച് നിൽക്കുകയായിരുന്ന എന്റേയും ധോണിയുടേയും അടുത്തേക്ക് അദ്ദേഹം വന്നു. നോക്കൂ, നമ്മൾ ലോകകപ്പ് തോറ്റു എന്നത് ശരിയാണ്. എല്ലാവരും വലിയ മനപ്രയാസത്തിലാണ്. നമുക്കൊരു സിനിമയ്ക്ക് പോയാലോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്,' ഇർഫാൻ പത്താൻ പറഞ്ഞു.

ഈ തോൽവി ഒന്നിന്റേയും അവസാനമല്ലെന്നും നാളെ ഉറപ്പായും ടീം ഇന്ത്യ തിരിച്ചുവരുമെന്നും ദ്രാവിഡ് പറഞ്ഞതായി ഇർഫാൻ പത്താൻ പറയുന്നു. കളിക്കാരെ എപ്പോഴും പോസിറ്റീവായി നിലനിർത്താൻ സാധിക്കുന്നയാളാണ് ദ്രാവിഡെന്നും ഇർഫാൻ കൂട്ടിച്ചേർത്തു.

പിന്നീട് 2011 ൽ നടന്ന ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയിരുന്നു. 2007 ൽ ഇന്ത്യയ്ക്ക് മടക്കടിക്കറ്റ് നൽകിയ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ 2011 ലോകകപ്പിലേക്കുള്ള പ്രയാണം ആരംഭിച്ചത്.

നിലവിൽ രാഹുൽ ദ്രാവിഡിന്റെ പരിശീലകത്വത്തിന് കീഴിലാണ് ഇന്ത്യയുടെ ഒരു ടീം ലങ്കൻ പര്യടനത്തിനെത്തിയിരിക്കുന്നത്. ലങ്കയിൽ ഏതെങ്കിലും താരം ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്നുണ്ടെങ്കിൽ അയാൾക്ക് ആത്മവിശ്വാസം പകരാൻ ദ്രാവിഡായിരിക്കും ആദ്യമെത്തുകയെന്നും ഇർഫാൻ പത്താൻ പറഞ്ഞു.