കണ്ണൂർ: ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂളിലെ കംപ്യൂട്ടർ ലാബിൽ നിന്നും 26 ലാപ്‌ടോപ്പുകൾ കവർച്ച ചെയ്ത സംഭവത്തിൽ രണ്ടു പേരെ ഇരിട്ടി പൊലിസ് അറസ്റ്റു ചെയ്തു.കോഴിക്കോട് മാറാട് പാലക്കൽ വീട്ടിൽ ടി.ദീപു (31) തലശേരി ടെമ്പിൾ ഗേറ്റിൽ കുന്നുംപുറത്ത് വീട്ടിൽ കെ.എസ് മനോജ് (54) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം ഇരിട്ടിയിൽ നിന്നും പിടികൂടിയത്.

ഇവർ മോഷ്ടിച്ച ലാപ്‌ടോപ്പുകളിൽ ചിലത് ചക്കരക്കല്ലിലെ ഒരു സ്വകാര്യ കംപ്യൂട്ടർ വിൽപ്പന സ്ഥാപനത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഉടമയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ വലയിലായത്. ഇപ്പോൾ പിടിയിലായ ഒന്നാം പ്രതി ദീപു കഴിഞ്ഞ വർഷം ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂളിലെ കംപ്യൂട്ടർ ലാബ് കുത്തിതുറന്ന് രണ്ട് ലാപ്പ്‌ടോപ്പുകളും അനുബന്ധ സാധനങ്ങളും കവർച്ച ചെയ്ത കേസിലെ പ്രതിയാണ്.

ആറളം ഫാമിലെ ഭാര്യവീട്ടിൽ താമസിച്ച മോഷണം നടത്തുകയാണ് ഇയാളുടെ രീതിയെന്ന് പൊലിസ് പറഞ്ഞു. ഇപ്പോൾ പിടിയിലായ ഇരുവരും നിരവധി കവർച്ചാ കേസിലെ പ്രതികളാണെന്നും ഇവർ ഈ അടുത്ത കാലത്ത് ജയിലിൽ നിന്നും പുറത്തിറങ്ങിയതാണെന്നും പൊലിസ് പറഞ്ഞു ഇരിട്ടി ഡി.വൈ.എസ്‌പി പ്രിൻസ് എബ്രഹാം, സി ഐ എം .പി രാജേയ്, എസ്‌ഐമാരായ അബ്ബാസ് അലി മനോജ്, അഖിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

നാലു ദിവസം മുൻപാണ് ഹൈസ്‌കൂൾ ബ്‌ളോക്കിലെ സ്‌കൂൾ ലാബിന്റെ പുട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ ലാപ്‌ടോപ്പ് കവർച്ച ചെയ്തത്.പ്രതികളെ ചോദ്യം ചെയ്യലിന് ശേഷം മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.