അബുദാബി: ടി20 ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ലോക റെക്കോർഡ് നേട്ടത്തിനൊപ്പമെത്തി അയർലൻഡ് മീഡിയം പേസർ കർടിസ് കാംഫർ. നെതർലൻഡ്‌സിനെതിരായ യോഗ്യതാ മത്സരത്തിൽ ഒരോവറിലെ തുടർച്ചയായ നാലു പന്തുകളിൽ നാലു വിക്കറ്റെടുത്താണ് കാംഫർ ലോക റെക്കോർഡിനൊപ്പമെത്തിയത്.നെതർലൻഡ് ഇന്നിങ്‌സിലെ പത്താം ഓവറിലായിരുന്നു കാംഫറിന്റെ റെക്കോർഡ് പ്രകടനം.

ഓവറിലെ രണ്ടാം പന്തിൽ കോളിൻ അക്കർമാനെ(11) നീൽ റോക്കിന്റെ കൈകളിലെത്തിച്ചാണ് കാംഫർ വിക്കറ്റ് വേട്ട തുടങ്ങിയത്. തൊട്ടടുത്ത പന്തിൽ നെതർലൻഡിന്റെ സൂപ്പർതാരമായ ടെൻ ഡോഷെറ്റെയെ(0) കാംഫർ വിക്കറ്റിന് മുന്നിൽ കുടുക്കി. അടുത്ത പന്തിൽ സ്‌കോട്ട് എഡ്വേർഡ്‌സും(0) വിക്കറ്റിന് മുന്നിൽ കുടുങ്ങി. അഞ്ചാം പന്തിൽ വാൻഡെൽ മെർവിനെ(0) ബൗൾഡാക്കി കാംഫർ റെക്കോർഡ് നേട്ടത്തിലെത്തി.

നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാണ് കർടിസ്. ശ്രീലങ്കൻ പേസ് ഇതിഹാസം ലസിത് മലിംഗ, അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ എന്നിവരാണ് ടി20 ക്രിക്കറ്റിൽ നാലു പന്തിൽ നാലു വിക്കറ്റെടുത്ത ബൗളർമാർ.2019ൽ അയർലൻഡിനെതിരെ ആയിരുന്നു റാഷിദ് ഖാൻ ടി20 ക്രിക്കറ്റിൽ തുടർച്ചയായി നാലു പന്തിൽ നാലു വിക്കറ്റെടുത്ത് ചരിത്രനേട്ടം സ്വന്തമാക്കിയത്. അതേവർഷം ന്യൂസിലൻഡിനെതിരെ നാലു പന്തിൽ നാലു വിക്കറ്റെടുത്ത് ശ്രീലങ്കയുടെ ലസിത് മലിംഗയും റാഷിദിന്റെ നേട്ടത്തിനൊപ്പമെത്തി.മലിംഗ ഏകദിന ക്രിക്കറ്റിലും സമാന നേട്ടം കൈവരിച്ചിട്ടുണ്ട്.

കാംഫറിന് മുന്നിൽ തകർന്നടിഞ്ഞ നെതർലൻഡ്‌സ് 51-2 എന്ന ഭേദപ്പെട്ട നിലയിൽ നിന്ന് 51-6ലേക്ക് കൂപ്പുകുത്തി. ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്‌സ് 20 ഓവറിൽ 106 റൺസിന് ഓൾ ഔട്ടായി. 51 റൺസെടുത്ത മാക്‌സ് ഓഡോഡ് മാത്രമെ നെതർലൻഡ്‌സിനായി പൊരുതിയുള്ളു. 21 റൺസെടുത്ത ക്യാപ്റ്റൻ സീലാറും 11 രൺസെടുത്ത അക്കർമാനും വാൻ ബീക്കുമാണ് നെതർൽഡ് നിരയിൽ രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. നാലോവറിൽ 26 റൺസ് വിട്ടുകൊടുത്ത കാംഫർ നാലു വിക്കറ്റെടുത്തപ്പോൾ മാർക്ക് അഡയർ മൂന്ന് വിക്കറ്റെടുത്തു.