കോഴിക്കോട്: ലോകമെമ്പാടും വൻ കാമ്പയിനായി മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ് എക്സ് മുസ്ലിം മൂവ്മെന്റ്. അമേരിക്ക തൊട്ട് ഇറാനിലും സൗദി അറേബ്യയിലുമൊക്കെ പതിനായിരങ്ങളാണ് ഓരോ വർഷവും ഇസ്ലാം ഉപേക്ഷിക്കുന്നത്. ഇതിൽ ഇസ്ലാമിക രാജ്യങ്ങളിൽ ഒഴികെയുള്ളയിടങ്ങളിൽ, യുക്തിവാദികൾ മതങ്ങളെ വിമർശിക്കുകയും ട്രോളുകയും ചെയ്യാറുണ്ട്. ജനാധിപത്യപരമായ വിമർശനത്തിന്റെ ഭാഗമായാണ് ഇത്തരം ട്രോളുകളെയും മീമുകളെയും പൊതുവെ കാണാറുള്ളത്. ഇന്ത്യയിലാകാട്ടെ മത വിമർശനം നടത്താമെന്നും അതുകൊണ്ട് മാത്രം ഒരാൾക്കെതിരെ കേസ് എടുക്കാൻ കഴിയില്ലെന്നും കഴിഞ്ഞ വർഷം മദ്രാസ് ഹൈക്കോടതിയും വിധിച്ചിരുന്നു. ശാസ്ത്രീയ മനോവൃത്തിയും, മാനവികതയും, അന്വേഷണത്വരയുമൊക്കെ പ്രോൽസാഹിപ്പിക്കുക നമ്മുടെ ഭരണഘടനാപരമായ കടമാണെന്നതും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ ഇതെല്ലാം നിലനിൽക്കെയാണ്, നിരീശ്വരവാദിയായ സ്റ്റാലിൻ ഭരിക്കുന്ന തമിഴ്‌നാട്ടിൽ, ഇസ്ലാമിലെ അബദ്ധങ്ങളും അന്ധവിശ്വാസങ്ങളും ചൂണ്ടിക്കാട്ടി ട്രോളിയതിന് ഒരു മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. പാലക്കാട് സ്വദേശിയും മലയാളിയുമായ അനീഷ് ജാസിക്കെതിരെയാണ് പൊലീസ് സ്വമേധാ കേസ് എടുത്തത്. കോയമ്പത്തൂരിലെ ബികെ പുദൂരലാണ് ഇദ്ദേഹം താമസിക്കുന്നത്.

ഒരു ഇസ്ലാമിക കുടുംബത്തിൽ ജനിച്ച അനീഷ്, പിന്നീട് വിശ്വാസരഹിതമായ ജീവിതം നയിച്ച് എക്സ് മുസ്ലിം ആവുകയായിരുന്നു. അനീഷ് സൈബർ ലോകത്ത് മതവിമർശനം നടത്തിയിരുന്നു. ക്ലബ് ഹൗസിലും അദ്ദേഹം സജീവമായിരുന്നു. അനീഷിന് മുന്നിൽ ഉത്തരം മുട്ടിയതോടെ ഇസ്ലാമിസ്റ്റുകൾ പൊലീസിനെ സ്വാധീനിച്ച് അയാളെ ജയിലിലടപ്പിച്ചു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

വാറന്റില്ലാതെ പൊടുന്നനേ അറസ്റ്റ്

വാറന്റ് പോലുമില്ലാതെയാണ് അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2021 ഡിസംബർ 29ന് വൈകുന്നേരം 5.30 മണിയോടെ അനീഷിന്റെ വീട്ടിൽ തമിഴ്‌നാട് പൊലീസുകാർ കടന്നു ചെല്ലുകയായിരുന്നു. അനീഷ് വീട്ടിൽ ഇല്ലാതിരുന്നതിനാൽ അയൽപക്കത്ത് അന്വേഷിച്ചു. അരമണിക്കൂറിനകം അനീഷ് ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് എത്തിയതും അപ്രതീക്ഷിതമായി പൊലീസുകാർ ചാടിവീണ് പിടികൂടുകയായിരുന്നു. മൊബൈൽ ഫോണുകൾ പൊലീസുകാർ പിടിച്ചു വാങ്ങി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അനീഷിന്റെ ഭാര്യ, എന്താണ് സംഭവം എന്നാരാഞ്ഞപ്പോൾ വ്യക്തമായ ഉത്തരം നൽകിയില്ല. 'ഇദ്ദേഹത്തിന്റെ ജോലി സ്ഥലത്തുള്ള വേറൊരു വ്യക്തിയെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ' ആണ് എന്നായിരുന്നു പൊലീസിന്റെ അലക്ഷ്യമായ മറുപടി. അന്ന് രാത്രി അനീഷ് പൊലീസ് സ്റ്റേഷനിൽ തടവിലായിരുന്നു. അറസ്റ്റിനെ കുറിച്ചുള്ള ഒരു വിവരങ്ങളും വീട്ടിലേക്ക് അറിയിച്ചില്ല. അടുത്ത ദിവസം ഭാര്യ സ്റ്റേഷനിലേക്ക് ചെന്ന് അന്വേഷിക്കുമ്പോഴാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന കാര്യംതന്നെ അറിയുന്നത്.

പിന്നീട് അറസ്റ്റിന് കാരണമായി പൊലീസുകാർ അറിയിച്ചത് അനീഷ് ചില ഫേസ്‌ബുക്ക് മീംസുകൾ ഇട്ടിരിക്കുന്നു എന്നതാണ്. ആ പോസ്റ്റുകൾ ഇസ്ലാം മതത്തിലുള്ളവരുടെ മനസ്സ് വേദനിപ്പിക്കുന്നതാണെന്നും, രണ്ട് മതസ്ഥർക്ക് ഇടയിൽ വിദ്വേഷവും കലാപങ്ങളും ഉണ്ടാക്കുന്ന രീതിയിൽ ഉള്ളതാണെന്നും അത് കണ്ട് വികാരം വ്രണപെട്ട് തങ്ങൾ സ്വമേധായ കേസെടുത്തു എന്നുമാണ് പൊലീസ് വാദിച്ചത്. മതവികാരം വ്രണപെട്ട ഒരാളുടെ പരാതിപോലുമില്ലാതെ പൊലീസ് തന്നെ വ്രണപെട്ട് കേസെടുക്കുന്നത് വിചിത്രമാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 295എ (മതവികാരം വ്രണപ്പെടുത്തൽ), 153എ(1) (വിവിധ മതഗ്രൂപ്പുകൾ തമ്മിൽ സംഘർഷം വളർത്തൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പക്ഷേ എല്ലാം ആസൂത്രിതമാണെന്നതിന്റെ കൂടുതൽ തെളിവുകൾ പിന്നീട് പുറത്തുവന്നു. പൊലീസിലെ ഇസ്ലാമിസ്റ്റുകളും പുറത്തുള്ളവരും ചേർന്ന് ചരടുവലിച്ചാണ് അനീഷിന്റെ അറസ്റ്റ് ചെയ്തത് എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്. ഖുർആനിലും ഹദീസിലും പറയുന്ന കാര്യങ്ങളെ ഖണ്ഡിക്കയാണ് അനീഷ് ചെയ്തെതന്നും അല്ലാതെ ഒന്നിനെയും അവഹേളിക്കുന്ന രീതി അദ്ദേഹത്തിനല്ലെന്നും സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടുന്നു.

പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി

2021 ഡിസംബർ 30ന് അനീഷിനെ കോടതിയിൽ ഹാജരാക്കി. ഈ നിസ്സാര കാര്യത്തിനായി അദ്ദേഹത്തെ റിമാൻഡ് ചെയ്യരുതെന്നും, ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെയും, ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും തടയുന്നതാണെന്ന് അനീഷിനു വേണ്ടി കോടതിയിൽ ഹാജരായ വക്കീൽ വാദിച്ചു. പക്ഷെ അനീഷിനെ റിമാൻഡ് ചെയ്യാൻ ജഡ്ജ് ഉത്തരവിടുകയാണുണ്ടായത്. ജാമ്യത്തിൽ എടുക്കാൻ സുഹൃത്തുകൾ പരിശ്രമിച്ചെങ്കിലും ഉത്തരങ്ങൾ തരാതെയും സഹകരിക്കാതെയും പൊലീസ് ഒഴിഞ്ഞുമാറി.

അനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 5ന് കോടതി തള്ളി. ഇക്കാര്യം വാർത്തയാവുകയും അനീഷിനുവേണ്ടി കാമ്പയിൻ ശക്തമാവുകയും ചെയ്തതോടെ രണ്ടാഴ്ചക്കുശേഷം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കയാണ്. ഇത്തരം ഒരു കേസിന് കോടതിയുടെ ജാമ്യവ്യവസ്ഥകളും കഠിനമാണ്. പതിനായിരം രൂപയുടെ സ്വന്തം ആൾ ജാമ്യം. പുറത്തിറങ്ങി 15 ദിവസത്തിനുള്ളിൽ പതിനായിരം രൂപയുടെ രണ്ട് ആൾജാമ്യങ്ങൾ കൂടി വേണം. എല്ലാ ദിവസവും രാവിലെ പത്ത് മണിക്ക് പൊലീസ് സ്റ്റേഷനിൽ പോയി ഒപ്പിടണം. അല്ലെങ്കിൽ ജാമ്യം റദ്ദാവും. വലിയ ക്രമിനൽ കുറ്റം ചെയ്തവർക്ക് ലഭിക്കുന്നതുപോലുള്ള ജാമ്യവ്യവസ്ഥ ഏർപ്പെടുത്തിയതിനെതിരെ തമിഴ്‌നാട്ടിലെ യുക്തിവാദി ഗ്രൂപ്പുകൾ പ്രതിഷേധിക്കുന്നുണ്ട്.

അതേസമയം അനീഷിനെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോയമ്പത്തുർ പിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലെ ജഡ്ജി ആർ ശക്തിവേൽ പറഞ്ഞു. ഇയാൾക്കെതിരെയുള്ള കുറ്റം ഇനിയും തെളിയിക്കേണ്ടതുണ്ട്. ഹർജിക്കാരൻ പൊതുജന ശല്യം സൃഷ്ടിക്കുന്നുവെന്നതിനും പ്രഥമദൃഷ്ട്യാ തെളിവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ജഡ്ജി ആർ ശക്തിവേൽ അഭിപ്രായപ്പെട്ടു. പ്രഥമദൃഷ്ട്യാ തെളിവ് ഇല്ലാത്ത കേസിൽ എന്തിനാണ് ഇത്രയും കർശനമായ ജാമ്യവ്യവസ്ഥകൾ എന്ന ചോദ്യത്തിന് മറുപടിയില്ല.

നാസ്തികതയിൽ അടിയുറച്ച് വിശ്വസിക്കുന്ന പാർട്ടിയാണ് ഡി.എം.കെ. തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ അടക്കമുള്ളവർ നിരീശ്വരവാദികളാണ്. അവർ ഈ നടപടിയോട് യോജിക്കുന്നുണ്ടോ എന്നാണ് തമിഴ്‌നാട്ടിലെ യുക്തിവാദികൾ ചോദിക്കുന്നത്. അനീഷിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് അവർ സ്റ്റാലിനും പരാതി നൽകിയിട്ടുണ്ട്. പൊലീസിൽ വർധിച്ചുവരുന്ന ഇസ്ലാമിക മൗലികവാദികളുടെ സ്വാധീനവും അവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേരളത്തിലും സ്വതന്ത്രചിന്തകരുടെ നേതൃത്വത്തിൽ അനീഷിനുവേണ്ടി വലിയ കാമ്പയിനാണ് നടക്കുന്നത്. എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രൻ തന്റെ ഫേസ്‌ബുക്ക്പോസ്റ്റിൽ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ''കടുത്ത മുനുഷ്യവകാശ ലംഘനമാണ് അനീഷിന്റെ കാര്യത്തിൽ നടന്നത്. മതനിന്ദാകുറ്റം വഴി മതത്തിനെതിരെയുള്ള ഏറ്റവും ചെറിയ വിമർശനം കൂടി ഇല്ലാതാക്കാനുള്ള ശ്രമം ഇന്ത്യയിലും പടരുകയാണ്. മതം നുണയാണ്. നുണ പ്രതിരോധിക്കാൻ കൂടുതൽ നുണപറയുക, അക്രമം അഴിച്ചുവിടുക എന്നീ രണ്ട് ഉപാധികൾ മാത്രമേ ഉള്ളൂ. മതം രണ്ടും വളരെ ആവേശപൂർവം ചെയ്യുന്നുണ്ട്. പക്ഷെ അതിന് ചൂട്ടുപിടിക്കേണ്ട ബാധ്യത അധികാരികൾക്കും മതേതര സ്ഥപാനങ്ങൾക്കും ഇല്ലെന്ന കാര്യം അവർ തന്നെ മറക്കുന്നത് തലമറന്ന് എണ്ണതേക്കലാണ്. അനീഷ് മതഭീകരതയുടെ ഇരകളാണ്. അവരോട് ഐക്യപെടേണ്ടത് മതേതര പൊതുസമൂഹത്തിന്റെ അടിസ്ഥാനപരമായ ബാധ്യതയാണ്. ഭരണഘടനയും അത് നിങ്ങളോട് ആവശ്യപെടുന്നു.''.

മക്കളുടെ മുന്നിലിട്ട് വെട്ടിക്കൊല്ലുന്നു

അതേസമയം തമിഴ്‌നാട്ടിൽ ഒരു ഇടവേളക്കുശേഷം ഇസ്ലാമികമൗലിക വാദികളുടെ പ്രവർത്തനം വർധിച്ചുവരികയാണ്. നേരത്തെ കോയമ്പത്തുർ സ്ഫോടന കേസുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ഒരു വിധം ഒതുങ്ങിയിരുന്നു ഈ ഗ്രൂപ്പുകൾ വീണ്ടും തലപൊക്കുകയാണ്. വോട്ടുബാങ്ക് ഭയന്ന് ഡി.എം.കെ ഇപ്പോൾ ഇവരെ കാര്യമായി വിമർശിക്കാറില്ല. ഇടതുപാർട്ടികളുടെയും കോൺഗ്രസിന്റെയും കാര്യം പറയാനുമില്ല. ജയലളിതയുടെ മരണത്തോടെ അനാഥമായപോലെ ആയ എ.ഐ.ഡി.എം.കെ ഇത്തരം വിഷയങ്ങളിൽ ഇടപെടാറുമില്ല.

ഇസ്ലാമിനെ വിമർശിച്ചതിന്റെ പേരിൽ 2019ലാണ് പാട്ടാളി മക്കൾ കക്ഷിയുടെ പ്രവർത്തകനായ രാമലിംഗത്തെ, വളരെ ക്രൂരമായാണ് മക്കളുടെ മുന്നിൽ വെച്ച് നടു റോഡിൽ കൈകാൽ വെട്ടിയത്. രക്തം വാർന്ന് പിന്നീട് അദ്ദേഹം മരിക്കുകയുണ്ടായി. ഇതിൽ അഞ്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് അറസ്്റ്റിലായത്. ഇപ്പോൾ അനീഷിന്റെ കേസിനും പിന്നിലും പോപ്പുലർ ഫ്രണ്ട് തന്നെയാണെന്നാണ് പെരിയാർ മുന്നേറ്റ കഴകം നേതാവ് പി. സോമനാഥ് ആരോപിക്കുന്നുത്.

2017 മാർച്ച് 16നാണ് കോയമ്പത്തൂരിൽവെച്ച് എച്ച്. ഫാറൂഖ് എന്നയാളെ ദൈവം ഇല്ല എന്ന് പോസ്റ്റിട്ടതിന് കൂട്ടുകാരുടെ ഒത്താശയോടെ ഇസ്ലാമിക ഭീകരർ കൊന്ന് തള്ളിയിരുന്നു. വാട്‌സ് ആപ്പിലെ നിരീശ്വരവാദികളുടെ ഗ്രൂപ്പ് നീക്കം ചെയ്യാത്തതിനെ തുടർന്നാണ് മത തീവ്രവാദികൾ ദ്രാവിഡർ വിടുതലൈ കഴകം അംഗമായ ഫാറൂഖിനെ (31) കുത്തിക്കൊന്നത് എന്നാണ് പൊലീസ് പറഞ്ഞിരുന്നത്. മതം, ജാതി, ദൈവം തുടങ്ങിയവയ്‌ക്കെതിരായ ഫേസ്‌ബുക്ക് പോസ്റ്റുകളെ തുടർന്ന് ഫാറൂഖിന് നിരന്തരം ഭീഷണി കോളുകൾ വന്നിരുന്നതായി വീട്ടുകാരും വ്യക്തമാക്കിയിരുന്നു. ഒരു കാര്യം പറയാനുണ്ടെന്ന് ഒരു കൂട്ടുകാരൻ രാത്രി ഫാറൂഖിനെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. കേസിൽ അറസ്റ്റിലായ മൂന്നുപേരും പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവർ ആയിരുന്നു. ഈ സാഹചര്യങ്ങളും, അനീഷിന്റെ അറസ്്റ്റും ചൂണ്ടിക്കാട്ടിയാണ് തമിഴ് മനീതി സംഘം അടക്കമുള്ള കക്ഷികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇപ്പോൾ വെട്ടിക്കൊല്ലുന്നതിന് പകരം പൊലീസിലെ ഇസ്ലാമിസ്റ്റുകളെ ഉപയോഗിച്ച് എക്സ് മുസ്ലീങ്ങളെ കേസിൽ കുടുക്കുകയാണെന്നാണ് ഇവർ ആരോപിക്കുന്നത്.

''അനീഷ് ചെയ്യുന്നത് പുതിയ കാര്യമല്ല. തമിഴ്‌നാട്ടിൽ ഇത് പെരിയാറിന്റെ കാലം മുതലുള്ളതാണ്. വിവിധ മതവിഭാഗങ്ങളിൽ നിന്നുള്ളവർ നിരീശ്വരവാദികളാകുന്നുണ്ട്. തങ്ങൾ ജീവിച്ചിരുന്ന പഴയ വിശ്വാസങ്ങളെ പിന്നീട് വിമർശിക്കുന്നു. അനീഷ് താൻ വിട്ടുപോന്ന ഇസ്ലാംമതത്തിലെ കപടനാട്യങ്ങളെയാണ് വിമർശിച്ചത്. ഇതിന്റെ പേരിൽ കേസ് എടുക്കുന്നതിന് പിന്നിൽ ഇസ്ലാമിസ്റ്റുകളും പൊലീസുമായുള്ള ഒത്തുകളിയാണ്''-തമിഴ്‌നാട് റാഷനൽ അസോസിയേഷൻ പ്രസിഡന്റ് എൽ. സുന്ദരം വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.