പനാജി: ഐഎസ്എല്ലിൽ ബെംഗളൂരു എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വീണു കിട്ടിയ സമനില. തോൽവി ഉറപ്പായ ഘട്ടത്തിൽ ലഭിച്ച ബെംഗുളുരുവിന്റെ സെൽഫ് ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് തുണയായത്. 88ാം മിനുറ്റിൽ ലെസ്‌കോവിച്ചിന്റെ ഷോട്ട് ക്ലിയർ ചെയ്യാൻ ശ്രമിച്ച ബംഗുളുരുവിന്റെ മലയാളി താരം ആഷിഖ് കുരുണിയന്റെ കാലിൽ തട്ടി പന്ത് വലയിലായതാണ് ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ എത്തിച്ചത്.

തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് സമനിലയോടെ മടങ്ങുന്നത്. ആഷിഖ് കുരുണിയന്റെ ഗോളിൽ മുന്നിലെത്തിയ ബിഎഫ്സി ആഷിഖിന്റെ തന്നെ ഓൺഗോളിൽ ജയം കൈവിടുകയായിരുന്നു.

84-ാം മിനിറ്റിൽ ബെംഗളൂരുവിനെ മുന്നിലെത്തിച്ച ആഷിഖ് നാല് മിനിറ്റിന് ശേഷം ആ ഗോളിന്റെ ആനുകൂല്യം നഷ്ടപ്പെടുത്തി. 88-ാം മിനിറ്റിൽ ആഷിഖിന്റെ സെൽഫ് ഗോളിൽ ബെംഗളൂരുവിനെ സമനിലയിൽ പിടിച്ച് ബ്ലാസ്റ്റേഴ്സ് ഒരു പോയിന്റ് സ്വന്തമാക്കി.

മലയാളി താരം സഹൽ അബ്ദുൾ സമദിന് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം നൽകിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ആക്രമണത്തിൽ വാസ്‌കസിനെയും ലൂണയേയും നിയോഗിച്ച് 4-4-2 ശൈലിയിലാണ് ടീമിനെ അണിനിരത്തിയത് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. മലയാളി താരം ആഷിഖ് കുരുണിയൻ ബെംഗളൂരു നിരയിലും ഇടംപിടിച്ചു. ഇരു ടീമുകളും ആക്രമിച്ച് കളിച്ചാണ് തുടങ്ങിയതെങ്കിലും ലക്ഷ്യം കാണാതെ ഗോൾരഹിതമായി ആദ്യപകുതി പിരിഞ്ഞു.

രണ്ടാംപകുതിയുടെ തുടക്കം ബിഎഫ്സിയുടെ ആക്രമണത്തോടെയായിരുന്നു. പന്ത് കാൽക്കൽ വയ്ക്കുന്നതിൽ തുടക്കത്തിലെ ശ്രദ്ധ കാട്ടിയ ബിഎഫ്സിക്ക് വല ചലിപ്പിക്കാൻ 84-ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ വകഞ്ഞ് മലയാളി താരം ആഷിഖ് കുരുണിയൻ ഉതിർത്ത ഷോട്ട് തടുക്കാൻ ശ്രമിച്ച ആൽവിനോ ഗോമസിന് പിഴയ്ക്കുകയായിരുന്നു. പന്ത് കൈകളിൽ തട്ടി വലയിൽ കയറി. എന്നാൽ നാല് മിനുറ്റുകളുടെ ഇടവേളയിൽ കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിലേക്ക് തിരിച്ചുവന്നു.

ലെസ്‌കോവിച്ചിന്റെ ഷോട്ട് ക്ലിയർ ചെയ്യാൻ ശ്രമിച്ച ആഷിഖ് കുരുണിയന്റെ കാലിൽ തട്ടി പന്ത് വലയിലായതോടെ ഗോൾനില 1-1 ആവുകയായിരുന്നു. ലെസ്‌കോവിചിന്റെ ഒരു ഗോൾ ശ്രമം തടയുന്നതിനിടെ ആഷിഖ് പുറത്തേക്ക് അടിച്ച ഷോട്ട് ബെംഗളൂരുവിന്റെ വലയിലെത്തുകയായിരുന്നു. സ്‌കോർ 1-1.

അഞ്ച് മിനുറ്റ് അധിക സമയം ഇരു ടീമിനും മുതലാക്കാൻ കഴിഞ്ഞില്ല. മൂന്ന് മത്സരങ്ങളിൽ രണ്ട് സമനിലയുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. അതേസമയം ഒന്ന് വീതം ജയവും സമനിലയുമായി ബിഎഫ്സി മൂന്നാമതുണ്ട്.