ജറുസലേം: ലോകവേദിയിലെ തങ്ങളുടെ പ്രധാന എതിരാളിയായ ഇറാൻ ആണവായുധം വികസിപ്പിക്കുകയും പ്രതിരോധ, സൈനിക വിപുലപ്പെടുത്തലുകൾ നടത്തുകയും ചെയ്യുന്നത് ഇസ്രയേൽ ആശങ്കയോടെയാണു കാണുന്നത്. ഇറാന്റെ കൈവശം മൂവായിരത്തിലേറെ ബാലിസ്റ്റിക് മിസൈലുകളുണ്ടെന്ന് യുഎസ് സെൻട്രൽ കമാൻഡ് ജനറർ കെന്നത്ത് മക്കിൻസി പറഞ്ഞിരുന്നു. ഇവയിൽ പലതും ഇസ്രയേലിൽ എത്താൻ ശേഷിയുള്ളതാണ്.

ഇറാൻ ആണവായുധം വികസിപ്പിക്കുകയും ഇസ്രയേലിനു മേൽ ഭീഷണി ഉടലെടുക്കുകയും ചെയ്യുന്ന ഒരവസ്ഥ സംജാതമായാൽ, ഇസ്രയേലിലെ ജനതയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനും താമസിപ്പിക്കാനും മെഡിറ്ററേനിയൻ കടലിൽ സ്ഥിതി ചെയ്യുന്ന ഗ്രീക്ക് ദ്വീപുകൾ വാങ്ങാമെന്ന നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുകയാണ് ഇസ്രയേലിലെ അറ്റോണിയായ അവ്‌റി സ്റ്റീനർ.

ഇസ്രയേലിലെ കരേൻ കയേമത് ലെസ്രായേൽ ജ്യൂയിഷ് നാഷനൽ ഫണ്ടിന്റെ ഉപസ്ഥാപനമായ ഹെയ്മാനുറ്റയുടെ യോഗത്തിലാണു സ്റ്റീനർ തന്റെ നിർദ്ദേശം സമർപ്പിച്ചത്. ഇറാനിൽ നിന്ന് ആണവ മിസൈൽ ആക്രമണങ്ങൾ ഉണ്ടാകുന്ന പക്ഷം ഗ്രീക്ക് ദ്വീപിലേക്ക് ആളുകളെ ഒഴിപ്പിക്കാൻ സാധിക്കുമെന്നും അതുവഴി സുരക്ഷിതമാകാമെന്നും സ്റ്റീനർ പറഞ്ഞു. ഏതെങ്കിലും പ്രകൃതിദുരന്തങ്ങളുണ്ടായാലും പൗരന്മാരെ രക്ഷിച്ചുകൊണ്ട് ദ്വീപുകളിലേക്കു പോകാമെന്നും സ്റ്റീനർ പറഞ്ഞു.

മെഡിറ്ററേനിയൻ കടലിൽ ഇറ്റലി, സൈപ്രസ്, ഫ്രാൻസ്, ഗ്രീസ്, സ്‌പെയിൻ, ക്രൊയേഷ്യ, തുർക്കി, മാൾട്ട, അൽബേനിയ,ലബനൻ, മോണ്ടിനെഗ്രോ, സിറിയ തുടങ്ങിയ രാജ്യങ്ങൾക്കൊക്കെ ദ്വീപുകളുണ്ട്. ഏറ്റവും കൂടുതൽ മെഡിറ്ററേനിയൻ ദ്വീപുകളുള്ളത് ഇറ്റലിക്കും ഗ്രീസിനുമാണ്. മെഡിറ്ററേനിയയിലെ അഞ്ചാമത്തെ ദ്വീപും ചരിത്രപരമായി വൻ പ്രാധാന്യമുള്ളതുമായ ക്രീറ്റ്, എവിയ, റോഡ്‌സ് തുടങ്ങിയ പ്രശസ്ത ദ്വീപുകളിൽ പലതും ഗ്രീസിന്റെ ഉടമസ്ഥതയിലാണ്. ഇവയിൽ ഒന്ന് സ്വന്തമാക്കണമെന്നാണ് നിർദ്ദേശം.

എന്നാൽ, ഇസ്രയേൽ മേഖലയ്ക്ക് പുറത്ത് സ്ഥലം വാങ്ങുന്നതു തങ്ങളുടെ പരിധിയിലുള്ള കാര്യമല്ലെന്ന് ജ്യൂയിഷ് നാഷനൽ ഫണ്ട് അറിയിച്ചു. ലോക സയണിസ്റ്റ് കോൺഗ്രസിന്റെ സജീവ അംഗം കൂടിയാണു സ്റ്റീനർ. മെഡിറ്ററേനിയയിലെ ഗ്രീക്ക് ദ്വീപുകൾ ജനവാസം കുറഞ്ഞവയും ഇസ്രയേലുമായി അടുപ്പം പുലർത്തുന്നവയുമാണ്. അതിനാൽ തന്നെ ഇതു വാങ്ങുന്നത് മനുഷ്യത്വം മുൻനിർത്തിയുള്ള ഒരു കച്ചവടമാകുമെന്നാണു സ്റ്റീനറുടെ അഭിപ്രായം.

ഇറാന്റെ ആണവപദ്ധതി ഊർജോത്പാതനം ലക്ഷ്യമിട്ടുള്ളതാണ്. എന്നാൽ ഇതിന്റെ മറവിൽ ആണവായുധങ്ങൾ വികസിപ്പിക്കുന്നുണ്ടെന്ന് ഇറാന്റെ എതിർപക്ഷത്തു നിൽക്കുന്ന പല രാജ്യങ്ങളും ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇസ്രയേൽ ഇറാന്റെ ആണവനിലയങ്ങളിൽ സൈബർ ആക്രമണങ്ങൾ നടത്തിയതായി വൻ അഭ്യൂഹം ഇടയ്ക്കു പ്രചരിച്ചിരുന്നു. ഇറാന്റെ ആണവപദ്ധതിയെക്കുറിച്ച് ഇസ്രയേലിലെ ആളുകളിൽ വലിയ ആശങ്കയുമുണ്ട്. ഇതു കൂട്ടുന്ന പരാമർശമാണ് കെന്നത്ത് മക്കിൻസി നടത്തിയത്.

2015ൽ ബറാക്ക് ഒബാമയുടെ കാലത്ത് അമേരിക്ക അടക്കമുള്ള വൻശക്തി രാജ്യങ്ങളുമായി ഇറാൻ ആണവകരാറിൽ ഒപ്പുവെച്ചിരുന്നു. ഇതു പ്രകാരം 3.67 ശതമാനം യുറേനിയം സമ്പുഷ്ടീകരണത്തിന് മാത്രമാണ് ഇറാന് അനുമതിയുണ്ടായിരുന്നത്. വൈദ്യുതി ഉൽപാദനത്തിന് വേണ്ടിയായിരുന്നു ഇത്. എന്നാൽ 2018 മെയിൽ ട്രംപ് ഭരണകൂടം ഏകപക്ഷീയമായി ഈ കരാറിൽ നിന്നും പിന്മാറുകയും ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയുമായിരുന്നു.

ഭീകരസംഘടനകളെ ഇറാൻ സഹായിക്കുന്നു എന്നതടക്കമുള്ള കാരണങ്ങൾ നിരത്തിയായിരുന്നു ട്രംപ് കരാറിൽ നിന്നും പിന്മാറിയത്. ഇതോടെ യുറേനിയം സമ്പുഷ്ടീകരണം 20 ശതമാനമായി ഇറാൻ പടിപടിയായി ഉയർത്തിയെന്ന ആശങ്കയാണ് ലോകരാഷ്ട്രങ്ങൾ ഉയർത്തുന്നത്. യുറേനിയം സമ്പുഷ്ടീകരണം എത്ര അളവിലും എപ്പോൾ വേണമെങ്കിലും ആരംഭിക്കാമെന്ന നിലപാട് നേരത്തെ തന്നെ ഇറാൻ പരസ്യമാക്കിയിട്ടുമുണ്ട്. ടെഹ്റാനിൽ നിന്നും വടക്കു മാറിയുള്ള ഫോർഡൗ ആണവ പ്ലാന്റിലാണ് ആണവായുധ നിർമ്മാണം നടന്നതെന്നാണ് സൂചന.

2018ൽ ട്രംപ് ആണവകരാറിൽ നിന്നും പിന്മാറിയ ശേഷം ഫോർഡൗ ആണവപ്ലാന്റിൽ വ്യാപകമായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുവെന്നതായി അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. സാറ്റലൈറ്റ് ചിത്രങ്ങളെ ഉദ്ധരിച്ചായിരുന്നു വാർത്താ ഏജൻസി ഇക്കാര്യം പുറത്തുവിട്ടത്. യുറേനിയം സമ്പുഷ്ടീകരണം 20 ശതമാനത്തിലേക്ക് ഉയർത്തുകയെന്നാൽ ആണവായുധം നിർമ്മിക്കാൻ ആവശ്യമായ ജോലി പൂർത്തിയായെന്ന് അനുമാനിക്കാനെന്നാണ് അന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയത്.