ടെഹ്‌റാൻ: മൊറോക്കോ ഇസ്ലാമിനെ വഞ്ചിച്ചെന്ന ആരോപണവുമായി ഇറാൻ. ഇസ്രയേലുമായുള്ള നോർമലൈസേഷൻ കരാറിൽ ഒപ്പുവെച്ച മൊറോക്കോയുടെ നടപടിയാണ് ഇറാനെ ചൊടിപ്പിച്ചത്. അറബ് രാഷ്ട്രങ്ങൾ ഇസ്രയേലുമായി കൂട്ടുകൂടുന്നതിന് സമീപ ഭാവിയിൽ തന്നെ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേരിയുടെ ഉപദേഷ്ടാവായ അലി അക്‌ബർ വെലയാട്ടി പറഞ്ഞു. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ഇസ്രയേൽ- മൊറോക്കോ നോർമലൈസേഷൻ കരാർ നിലവിൽ വന്നത്.

ദശാബ്ദങ്ങളായി മൊറോക്കോ നോട്ടമിട്ട പശ്ചിമ സഹാറ മേഖലയിലൂടെയാണ് അമേരിക്കയുടെ നേതൃത്വത്തിൽ ഇസ്രയേൽ – മെറോക്ക അനുനയ നീക്കം നടന്നത്. സഹാറ തർക്കഭൂമിക്ക് മേലുള്ള തങ്ങളുടെ അവകാശവാദം അമേരിക്ക അംഗീകരിച്ചതോടെയാണ് ഇസ്രയേലുമായുള്ള ബന്ധത്തിന് മൊറോക്കോ തയ്യാറായത്. മൊറോക്കോ അവകാശവാദം ഉന്നയിക്കുന്ന സഹാറയെ ആഫ്രിക്കൻ യൂണിയൻ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചിരുന്നു. മേഖലയെ സ്വന്തമാക്കാനായി മൊറോക്ക നിരന്തരം നയതന്ത്ര ശ്രമം നടത്തിക്കൊണ്ടിരിക്കെയാണ് മൊറോക്കോയുട സഹാറ അവകാശവാദം അമേരിക്ക അംഗീകരിച്ചത്. ഇത് മേഖലയിൽ അടുത്ത സംഘർഷത്തിനും ഇടയാക്കും.

1975ലാണ് സ്പാനിഷ് കോളനിയായ പശ്ചിമ സഹാറ മൊറോക്കൊയ്‌ക്കൊപ്പം ചേർക്കപ്പെടുന്നത്. തങ്ങളെ സ്വതന്ത്ര്യ രാജ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ സഹാറയിൽ പൊലീസാരിയോ ഫ്രണ്ടിന്റെ നേതൃത്വത്തിൽ സമരവും നടന്നു വരികയാണ്. 16 വർഷത്തിലേറേ നീണ്ടു നിന്ന ഏറ്റുമുട്ടൽ യു.എൻ മധ്യസ്ഥതയിലാണ് പരിഹരിച്ചിരുന്നത്. അന്ന് ഹിത പരിശോധന നടത്താമെന്ന വ്യവസ്ഥയിലായിരുന്നു സംഘർഷങ്ങൾ അയഞ്ഞത്.

അടുത്തിടെ ഇസ്രയേലുമായി, യു.എ.ഇ, ബഹ്‌റൈൻ, സുഡാൻ, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ ബന്ധം സ്ഥാപിച്ചിരുന്നു. ഇസ്രയേലുമായുള്ള അറബ് രാഷ്ട്രങ്ങളുടെ കൂട്ടുകെട്ടിനെതിരെ ഫലസ്തീൻ കടുത്ത എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമൊഴിയുന്നതിന് മുൻപ് പരമാവധി അറബ് രാജ്യങ്ങളെ ഇസ്രയേലുമായി അനുനയിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.