ടെൽ അവീവ്: വെസ്റ്റ്ബാങ്കിലെ ചെക്ക്‌പോയിന്റിൽ ഇസ്രയേൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഫലസ്തീൻ യുവതി കൊല്ലപ്പെട്ടു. ഖലാണ്ടിയ ചെക്ക് പോയിന്റിലാണ് സംഭവം. ജെറിക്കോ നഗരത്തിനടുത്തുള്ള അക്കാബത്ത് ജാബറിലെ ഫലസ്തീൻ അഭയാർഥിക്യാമ്പിൽ താമസിക്കുന്ന 28കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്.

ചെക്ക്പോയിന്റിൽ കാവൽ നിൽക്കുന്ന ഇസ്രയേൽ ബോർഡർ പൊലീസിന്റെയും സിവിലിയൻ സെക്യൂരിറ്റി ഗാർഡിന്റെയും സമീപത്തേക്ക് കൈയിൽ കത്തിയുമായി ഓടിയെത്തിയ യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചിടുകയായിരുന്നു.

നിരവധി തവണ യുവതിക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും ഇവർ അത് അവഗണിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ വെടിവച്ചത്.