ജറുസലം: വർഷത്തിനിടെ നാലാം വട്ടം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലും ഇസ്രയേലിൽ ആർക്കും തനിച്ചു ഭൂരിപക്ഷമില്ലാത്ത സ്ഥിതി. വോട്ടെണ്ണൽ 93% പൂർത്തിയാകുമ്പോൾ, പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനും സഖ്യകക്ഷികൾക്കും കൂടി 52 സീറ്റുകൾ ലഭിക്കുമെന്നാണു സൂചന. നെതന്യാഹു വിരുദ്ധ പക്ഷത്തിന് 57 സീറ്റുകളും.

120 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകൾ വേണം. 7 സീറ്റുകൾ നേടിയ വലതുപക്ഷ പാർട്ടി യമിനയുടെയും 4 സീറ്റുകൾ നേടിയ അറബ് കക്ഷി റാആമിന്റെയും നിലപാടുകൾ ഇതോടെ നിർണായകമായി. 2 കക്ഷികളും ഇതുവരെ ആർക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.

അഴിമതിക്കേസുകളിൽ വിചാരണ നേരിടുകയാണെങ്കിലും നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. സർക്കാരുണ്ടാക്കാൻ അറബ് കക്ഷിയുടെ പിന്തുണ തേടില്ലെന്നു ലിക്കുഡ് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. യമിനയുടെ പിന്തുണയോടെ നെതന്യാഹു പക്ഷം സർക്കാരുണ്ടാക്കാനുള്ള സാധ്യതയുണ്ട്. ഇന്ന് അന്തിമ ഫലമാകും.

അഴിമതിക്കേസിൽ വിചാരണ നേരിടുന്ന രാഷ്ട്രീയക്കാരെ അയോഗ്യരാക്കാനുള്ള ബിൽ നെതന്യാഹു വിരുദ്ധ പക്ഷം തയാറാക്കുന്നുണ്ട്. അധികാരം ലഭിച്ചാൽ ആദ്യം കൊണ്ടുവരിക ഈ ബില്ലായിരിക്കും. അങ്ങനെ സംഭവിച്ചാൽ നെതന്യാഹുവിന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യമാകും. 3 അഴിമതിക്കേസുകളിലാണു നെതന്യാഹു വിചാരണ നേരിടുന്നത്. സമാനമായ ഒരു ബിൽ കഴിഞ്ഞ വർഷം മാർച്ചിൽ കൊണ്ടുവന്നെങ്കിലും പാസായില്ല.