ചെന്നൈ: പ്രതിപക്ഷപാർട്ടി നേതാക്കന്മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡിൽ കമൽ ഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ ട്രഷററുടെ വീട്ടിൽ നിന്നും എട്ട് കോടി പിടിച്ചെടുത്തു.

മക്കൾ നീതിമയ്യത്തിന്റെ ട്രഷറർ ചന്ദ്രശേഖരന്റെ തിരുപ്പൂരിലെ ഓഫീസിലും ഐടി റെയ്ഡ് നടത്തിയിരുന്നു. അനിത ഹെൽത്ത് കെയർ, അനിത ടെക്സ്‌കോട്ട് എന്നീ സ്ഥാപനങ്ങളുടെ എംഡി കൂടിയാണ് ചന്ദ്രശേഖരൻ.

കഴിഞ്ഞ ഒരാഴ്ചയായി തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ഇതുവരെ 400 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തെന്നാണ് അവകാശവാദം. തമിഴ്‌നാട്ടിലെ ഒരു പ്രമുഖ ജൂവലറി വ്യാപാരിയുടെവീട്ടിലും റെയ്ഡ് നടന്നിട്ടുണ്ട്.ഡിഎംകെ, എംഡിഎംകെ നേതാക്കളുടെ ഓഫീസുകളിലും വീടുകളിലും റെയ്ഡ് നടന്നിരുന്നു. ഡിഎംകെയുടെ കെഎസ് ധനശേഖർ, എംഡിഎംകെയുടെ കാവിൻ നാഗരാജ് എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്.

അതേ സമയം റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്നും ഇതേക്കുറിച്ച് മുഴുവൻ വിശദാംശങ്ങൾ അറിഞ്ഞ് പിന്നീട് പ്രതകരിക്കാമെന്നും കമൽ ഹാസൻ പ്രതികരിച്ചു.