റോം: മൗറോ മൊറാൻഡി അറിയപ്പെടുന്നത് ഇറ്റലിയുടെ റോബിൻസൺ ക്രൂസ്സോ എന്നാണ്. കപ്പൽഛേദത്തിൽ പെട്ട് ദ്വീപിലകപ്പെട്ട ക്രൂസ്സോയുടെ കഥയുടെ യഥാർത്ഥ ജീവിതത്തിലെ പ്രതിബിംബമായിരുന്നു മൗറോ മൊറാൻഡി എന്നു പറയാം. മെഡിറ്ററേനിയൻ സമുദ്രത്തിലെ ഒറ്റപ്പെട്ട ദ്വീപായ ബുഡേലിയിലെ ഏക മനുഷ്യജീവിയായി മൊറാൻഡി കഴിഞ്ഞത് നീണ്ട 33 വർഷങ്ങൾ.

ലൗകിക സുഖങ്ങൾ എല്ലാം വെടിഞ്ഞ്, കടൽത്തീരത്തെ പവിഴപ്പുറ്റുകളുടെ സംരക്ഷകനായി കഴിഞ്ഞ നാളുകളിലാണ് നിശബ്ദയേയും ഏകാന്തതയേയും പ്രണയിക്കുവാൻ തുടങ്ങിയത്. ആത്മീയ പ്രതിഫലനം സാധ്യമാകുന്ന ധ്യാനമുറകൾ കൂടി പരീക്ഷിക്കാൻ തുടങ്ങിയതോടെ ഒരു താപസിയുടെ ജീവിതം ആരംഭിക്കുകയായിരുന്നു. ദ്വീപിലെ അന്തേവാസികളായ കുറച്ചു പൂച്ചകളുംവൻകരയിൽ നിന്നും സന്ദർശനത്തിനെത്തുന്ന പക്ഷികളും മാത്രമായിരുന്നു ഇടയ്ക്കൊക്കെ ആ ഏകാന്തത ഭഞ്ജിച്ചിരുന്നത്.

തപസ്സിനു വിഘ്നം വരുത്താൻ പക്ഷെ അവിടെ അവതരിച്ചത് ഇറ്റാലിയൻ സർക്കാർ തന്നെയായിരുന്നു. ദ്വീപിനെ ഒരു പാരിസ്ഥിതിക ഒബ്സർവേറ്ററിയായി മാറ്റുവാനുള്ള മറൈൻ പാർക്ക് അഥോറിറ്റികളുടെ തീരുമാനമാണ് മൊറാൻഡിയുടെ തപസ്സിന് തടസ്സമായത്. എന്നാൽ, അയാൾ കഴിയാവുന്നത്ര അതിനെ ചെറുത്തുനിന്നു. ദ്വീപിലെ താപസജീവിതത്തിൽ നിന്നും ആർജ്ജിച്ച ആത്മജ്ഞാനമൊന്നും പക്ഷെ ഭരണകൂടത്തിന്റെ തീരുമാനങ്ങളെ ചെറുത്തുതോൽപിക്കാൻ ശക്തിയുള്ളതായിരുന്നില്ല. അവസാനം മൊറാൻഡിക്ക് ദ്വീപ് വിട്ടു മടങ്ങേണ്ടതായി വന്നു. ഇപ്പോൾ അയാൾക്ക് പ്രായം 82 വയസ്സ്.

വടക്കൻ ഇറ്റലിയിലെ പട്ടണമായ മൊഡേണയിലാണ് മൊറാൻഡിയുടെ പൂർവ്വാശ്രമം. അന്ന് അയാൾ ഒരു അദ്ധ്യാപകനായിരുന്നു. ഇറ്റലിയിൽ നിന്നും പോളിനേഷ്യയിലേക്കുള്ള ഒരു യാത്രയിൽ സംഭവിച്ച അപകടമാണ് അയാളെ ബുഡേലി ദ്വീപിൽ എത്തിച്ചത്. വിധിയെപഴിച്ച് കരഞ്ഞ ആദ്യനാളുകൾ പിന്നീട് മെല്ലെമെല്ലെ സന്തോഷത്തിനു വഴിമാറി. തീരത്തെ തെളിഞ്ഞ ജലത്തെയും മുത്തുച്ചിപ്പികളേയും അയാൾ സ്നേഹിച്ചു തുടങ്ങി. അതിമനോഹരങ്ങളായ സൂര്യാസ്തമനങ്ങൾ അയാൾക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. ഒപ്പം താരാട്ടുപാടിയുറക്കാനെത്തുന്ന തിരകളും.

പാറക്കെട്ടുകൾക്കിടയിലെ വിടവിൽ ഒരു കൊട്ടാരം തീർത്ത് അയാൾ ആ ദ്വീപിന്റെ ചക്രവർത്തിയായി. പവിഴപ്പുറ്റുകളുടെ കാവൽക്കാരനായി. ധ്യാന്യത്തിലമർന്ന് താപസിയായി, വല്ലപ്പോഴും ദ്വീപിൽ സന്ദർശനത്തിനെത്തുന്നവർക്കിടയിൽ ആൾക്കൂട്ടത്തിൽ തനിയേയുള്ളവനായി. ഏതാനും വർഷങ്ങൾക്ക് മുൻപ് ഇത്തരത്തിലെത്തിയ ഏതോ സന്ദർശകൻ നൽകിയ സ്മാർട്ട് ഫോൺ മൊറാൻഡിയെ സമൂഹമാധ്യമങ്ങളുമായി ബന്ധിപ്പിക്കുംവരെ തികച്ചും ഏകനായി ഈ മണ്ണിൽ കഴിഞ്ഞു ഇയാൾ.

അവസാനം കഴിഞ്ഞ ജൂണിൽ ഇയാൾ ദ്വീപ് വിട്ടിറങ്ങി. അല്ല, സർക്കാർ ഇയാളെ ഒഴിപ്പിക്കുകയായിരുന്നു. തന്റെ പൂർവ്വാശ്രമത്തിലെ അദ്ധ്യാപക ജോലിയിൽ നിന്നും ലഭിക്കുന്ന പെൻഷൻ ഉപയോഗിച്ച് ലാ മഡാലെന എന്ന ദ്വീപിൽ ഒരു അപ്പാർട്ട്മെന്റ് വാങ്ങി ഇയാൾ താമസം തുടങ്ങിയിരിക്കുകയാണ്. ബുഡേലിയുടെ ഏകാന്തതയിൽ നിന്നും ലാ മഡാലെനയുടെ തിരക്കിലേക്കുള്ള മാറ്റവുമായി പക്ഷെ മൊറാൻഡി പൊരുത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പ്രായമെത്ര കഴിഞ്ഞാലും ഒരു പുതിയ ജീവിതം ആരംഭിക്കുവാൻ കഴിയും എന്ന് തെളിയിക്കുകയാണ് ഈ 82 കാരൻ.

ഇന്ന് ജീവിതത്തിന്റെ ആഡംബരങ്ങളും ഭൗതിക സുഖങ്ങളും താൻ ആസ്വദിക്കുകയാണെന്നു പറയുന്ന മൊറാൻഡി പറയുന്നത്, ഒരാൾക്ക് അനുഭവിക്കാൻ വ്യത്യസ്തമായ അനുഭവങ്ങൾ ഏറെയുള്ള ഭൂമിയിൽ മനുഷ്യ ജീവിതത്തിന് ഒരിക്കലും മടുപ്പുണ്ടാവുകയില്ല എന്നാണ്. വർഷങ്ങളോളം ഏകാന്തതയിൽ കഴിഞ്ഞിരുന്ന മൊറാൻഡിക്ക് ഇപ്പോൾ ഏറ്റവും അധികം ആഗ്രഹം, അല്ലെങ്കിൽ അത്യാഗ്രഹം തോന്നുന്നത് സംസാരിക്കുവാനാണ്. ആരെയെങ്കിലും അടുത്തുകിട്ടിയാൽ പിന്നെ സംസാരം നിർത്തുകയില്ല എന്നാണ് അടുത്തുള്ളവർ പറയുന്നത്. അതുപോലെ ദ്വീപിലെ തന്റെ ജീവിതത്തെക്കുറിച്ചും മറ്റും എഴുതി സമൂഹമാധ്യമങ്ങളിലും ഇപ്പോൾ ഇയാൾ സജീവമാണ്.

അന്ന് ദ്വീപിലെ ഏകാന്തത ഞാൻ ആസ്വദിച്ചു. അത് എനിക്ക് നഷ്ടപ്പെട്ടു എന്ന യാഥാർത്ഥ്യം ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ ഈ തിരക്കുകൾ ഇപ്പോൾ ഞാൻ ആസ്വദിക്കുകയാണ്. അയാൾ ഇത് പറയുമ്പോൾ ആ മുഖത്ത് നിഴലിക്കുന്നത് ഒരു ഋഷിതുല്യമായ നിർവികാരതയാണ്. എന്നിരുന്നാലും വഹനങ്ങളുടെ ഇരമ്പലും ഹോണടിയും ചിലപ്പോഴൊക്കെ അലസോരമുണ്ടാക്കാറുണ്ട് എന്നും അയാൾ പറയുന്നു. ലാ മഡാലെനയിലെ കടൽത്തീരത്തെ അപ്പാർട്ട്മെന്റിലിരുന്ന് കടലിന്റെ അനന്തതയിലേക്ക് കണ്ണുപായിക്കുമ്പോൾ മനസ്സിൽ ഓടിയെത്താറുള്ളത് ബുഡെലിയിലെ ജീവിതമാണെന്ന് അയാൾ പറയുന്നു.

പുതിയ ജീവിതം ആരംഭിച്ചപ്പോൾ മൊറാൻഡിയെ തേടി മറ്റൊരു അദ്ഭുതവും എത്തി. തന്റെ യൗവ്വനകാലത്തെ മാനസറാണി ഇപ്പോൾ മൊറാൻഡിക്ക് ഒപ്പം താമസിക്കാൻ എത്തിച്ചേർന്നു എന്നതാണത്. ഇന്ന് ആവശ്യത്തിനു പണവും സൗകര്യങ്ങളും ഉണ്ടെങ്കിലും തീർത്തും ലളിതമായ ജീവിതമാണ് മൊറൻഡി നയിക്കുന്നത്. വർഷങ്ങളോളം മീൻ പിടിച്ചു നടന്ന താൻ ഇപ്പോൾ ചന്തയിൽ മീൻ വാങ്ങാൻ പോകുന്നതിന്റെ വിരോധാഭാസം ആസ്വദിക്കാറുണ്ടെന്നും അയാൾ പറയുന്നു. ദ്വീപിലെ ജീവിതം അവസാനിച്ചതിനുശേഷം ഒരിക്കൽ മാത്രമാണ് പാചകം ചെയ്യാത്ത പച്ച മീൻ കഴിക്കാൻ കഴിഞ്ഞതെന്നും അയാൾ പറയുന്നു.

ബുഡേലിയുടെ ഉടമസ്ഥാവകാശംനിരവധി പേരുടെ കൈകളിലൂടെ മാറിമറിഞ്ഞാണ് ലാ മഡലെന നാഷണൽ പാർക്കിന്റെ കൈവശം എത്തുന്നത്. അതിനു മുൻപ് രണ്ടാം ലോക മഹായുദ്ധകാലത്ത് ഇവിടെ ഇറ്റലിയുടെ ചെറിയൊരു സൈനിക താവളമുണ്ടായിരുന്നു. അന്ന് അവർ പണിത റേഡിയോ സ്റ്റേഷനായിരുന്നു പാറയിടുക്കുകൾക്കുള്ളിൽ മൊറാൻഡിയുടെ കൊട്ടാരമായത്. നാഷണൽ പാർക്ക് അഥോറിറ്റി മൊറാൻഡിയെ ഈ ദ്വീപിൽ നിന്നും ഒഴിപ്പിക്കാൻ നീണ്ട നിയമയുദ്ധം നടത്തിയിരുന്നു. ഈ നിയമപോരാട്ടം അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഇന്നും മൊറാൻഡി വേവലാതിപ്പെടുന്നത് ബുഡേലിയിലെ പവിഴപ്പുറ്റുകളെ പറ്റിയാണ്. അയാൾ അവിടെ ഉണ്ടായിരുന്ന സമയത്ത് വല്ലപ്പോഴും വഴിതെറ്റിയെത്തുന്ന സഞ്ചാരികൾ പവിഴപുറ്റുകൾ നശിപ്പിക്കാൻ ഒരുങ്ങുമ്പോഴൊക്കെ രക്ഷകനായി ഓടിയെത്താറുണ്ടായിരുന്നത് മൊറാൻഡിയായിരുന്നു. ഇനിയിപ്പോൾ അവിടേ പുതിയ കേന്രങ്ങൾ തുറക്കുകയും യാത്രാ സൗകര്യം വർദ്ധിപ്പിച്ച് ധാരാളം സഞ്ചാരികളെ ആകർഷിക്കുകയും ചെയ്യുമ്പോൾ ഒരുകാലത്ത് തന്റെ പ്രജകളായിരുന്ന പവിഴപുറ്റുകളുടെ ഭാവിയോർത്ത് ചില രാത്രികളിലെങ്കിലും തനിക്ക് ഉറക്കം നഷ്ടപ്പെടാറുണ്ടെന്ന് അയാൾ പറയുന്നു.