മലപ്പുറം: മലപ്പുറം ജില്ലയിൽ ഇടതുമുന്നണിക്ക് പിടിച്ചെടുക്കാമെന്ന് പ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് മങ്കട. അതിന് പ്രധാനപ്പെട്ട കാരണമെന്നത് ഒടുവിൽ കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലെ ഭൂരിപക്ഷത്തിൽ വന്ന വ്യത്യാസമാണ്. 2011ലെ തെരഞ്ഞെടുപ്പിൽ 23593 വോട്ടിന്റെ ഭൂരിപക്ഷമുണ്ടിയിരുന്നു യുഡിഎഫിനെങ്കിൽ 2016ൽ അത് കേവലം 1508 മാത്രമായി ചുരുങ്ങി എന്നതാണ്. അതുകൊണ്ട് മലപ്പുറം ജില്ലയിൽ ഇടതുമുന്നണി പ്രതീക്ഷ വെച്ച് പുലർത്തുന്ന മണ്ഡലങ്ങളിൽ പ്രധാനപ്പെട്ടതാണ് മങ്കട.

പാരമ്പര്യമായി യുഡിഎഫിനെ അനകൂലിക്കുന്നതാണ് മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രമെങ്കിലും മൂന്ന് തവണ ഇടതുമുന്നണിയെ പിന്തുണച്ചു എന്ന വസ്തുതയും വിസ്മരിക്കാനാകില്ല. യുഡിഎഫിൽ നിന്ന് ഇത്തവണ മഞ്ഞളാംകുഴി അലിയുടെ പേരാണ് ഉയർന്ന് കേൾക്കുന്നത്. എന്നാൽ നിലവിലെ എംഎൽഎ ടിഎ അഹമ്മദ് കബീറിന് വേണ്ടി വാദിക്കുന്നവരുമുണ്ട്. പെരിന്തൽമണ്ണയിൽ തോൽക്കുമെന്ന ഭയം മഞ്ഞളാംകുഴിയെ മങ്കടയിലേക്ക് എത്തിക്കുമ്പോൾ കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞിന് പകരക്കാരനാകേണ്ടി വരുമെന്നത് ടിഎ അഹമ്മദ് കബീറിനെ മങ്കടയിൽ നിന്ന് പറഞ്ഞയക്കുകയും ചെയ്യുന്നു.

ഇടതുപക്ഷത്ത് നിന്ന് ഉയർന്ന് കേൾക്കുന്ന പേരുകളിൽ പ്രധാനപ്പെട്ടത് മുൻ ജില്ല പഞ്ചായത്ത് അംഗവും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മങ്കടയിൽ കടുത്ത മത്സരം കാഴ്ച വെച്ച ടികെ റഷീദലിയുടെ പേരാണ്. അതോടൊപ്പം തന്നെ ഡിവൈഎഫ്ഐ മുൻ ജില്ല സെക്രട്ടറിയും നിലവിൽ സിപിഐഎം മങ്കട ഏരിയ സെക്രട്ടറിയുമായ പികെ അബ്ദുള്ള നവാസിന്റെ പേരും മങ്കടയിൽ ഇടതു സ്ഥാനാർത്ഥിയായി സാധ്യത പട്ടികയിലുണ്ട്.

മങ്കടയിലെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകുക യുഡിഎഫിന്റെ മേൽക്കോയ്മയാണ്. മുസ്ലിം ലീഗിലെ സമുന്നത നേതാക്കളായ സി.എച്ച്. മുഹമ്മദ് കോയയും കൊരമ്പയിൽ അഹമ്മദ് ഹാജിയും മുതൽ കെ.പി.എ മജീദ് വരെയുള്ളവർ പ്രതിനിധാനം ചെയ്ത മണ്ഡലമാണ് മങ്കട. പാലൊളി മുഹമ്മദ്കുട്ടിയും മഞ്ഞളാംകുഴി അലിയുമാണ് മങ്കടയെ ഇടതുപക്ഷത്തേക്ക് അൽപമെങ്കിലും ചേർത്ത് നിർത്തിയത്. 1957 മുതലുള്ള മങ്കടയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ മൂന്ന് തവണ മാത്രമാണ് എൽഡിഎഫ് ജയിച്ചിട്ടുള്ളത്. എന്നാൽ ചില തെരഞ്ഞെടുപ്പുകൾ യുഡിഎഫിന്റെ വിജയം തോറ്റതിനൊക്കുമേ ഭൂരിപക്ഷം എന്ന നിലയിലായിരുന്നു.

കഴിഞ്ഞ തവണ 1508 വോട്ടിനാണ് ടികെ റഷീദലി പരാജയപ്പെട്ടതെങ്കിൽ 1996ൽ ഇടതു സ്വതന്ത്രനായി മഞ്ഞളാംകുഴി അലി 1504 വോട്ടിനാണ് കെപിഎ മജീദിനോട് പരാജയപ്പെട്ടത്. 1957,1960,1967 തെരഞ്ഞെടുപ്പുകളിൽ സിഎച്ച് മുഹമ്മദ് കോയ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മങ്കടയിൽ നിന്നും ജയിച്ചു. 1967ൽ 24,517 വോട്ടിന്റെ ചരിത്രഭൂരിപക്ഷത്തിലാണ് സിഎച്ച് ജയിച്ചത്. മങ്കടയിലെ നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണത്. അത് മറികടക്കാൻ പിന്നീടാർക്കും സാധിച്ചിട്ടില്ല. 2011ൽ ടിഎ അഹമ്മദ് കബീർ 23539 വോട്ട് ഭൂരിപക്ഷം നേടിയെങ്കിലും 2016ൽ അത് 1508ആയി കുറയുകയും ചെയ്തു.

1970ൽ സിപിഐഎമ്മിലെ പാലൊളി മുഹമ്മദ് കുട്ടിയിലൂടെയാണ് മങ്കടയിൽ ആദ്യമായി ചെങ്കൊടി പാറുന്നത്. എന്നാൽ തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ 1977ൽ കൊരമ്പയിൽ അഹമ്മദ് ഹാജിയെ നിർത്തി ലീഗ് മണ്ഡലം തിരിച്ച് പിടിച്ചു.പിന്നീട് നടന്ന അഞ്ച് തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി കെപിഎ മജീദ് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി ജയിച്ചു. ഓരോ തെരഞ്ഞെടുപ്പിലും കെപിഎ മജീദിന്റെ ഭൂരിപക്ഷം കുറഞ്ഞുവരികയും 1996ൽ അത് ആയിരത്തിൽ എത്തുകയും ചെയ്തു. 2001ലാണ് പിന്നീട് മങ്കടയിൽ ചെങ്കൊടി പാറുന്നത്. അത് മഞ്ഞളാംകുഴി അലിയെ ഇടതു സ്വതന്ത്രനായി നിർത്തിയായിരുന്നു. 2001ൽ കെപിഎ മജീദിനെയും 2006ൽ എംകെ മുനീറിനെയും അലി പരാജയപ്പെടുത്തി. 2011ലാണ് പിന്നീട് മണ്ഡലം യുഡിഎഫ് പിടിച്ചെടുക്കുന്നത്. അപ്പോഴേക്കും അലിയും യുഡിഎഫിലെത്തിയിരുന്നു.

സിപിഎമ്മിലെ വിഭാഗീയതയുടെ ഇരയാണ് താനെന്നും തന്നെ വി എസ് പക്ഷക്കാരനായി മുദ്രകുത്തി പീഡിപ്പിക്കുന്നു എന്നും പറഞ്ഞാണ് അലി യുഡിഎഫിലേക്ക് പോയത്.അലി പെരിന്തൽമണ്ണയിലേക്ക് മാറിയപ്പോൾ എറണാകുളത്ത് നിന്നും ടിഎ അഹമ്മദ് കബീറിനെ മുസ്ലിം ലീഗ് മങ്കടയിലെത്തിച്ചു. അദ്ദേഹത്തിന്റെ മങ്കടയിലെ ആദ്യ മത്സരത്തിൽ സിപിഎമ്മിലെ ഖദീജ സത്താറായിരുന്നു എതിരാളി. ടിഎ അഹമ്മദ് കബീർ 23539 വോട്ടുകൾക്ക് ആ തെരഞ്ഞെടുപ്പിൽ ജയിച്ചു. 2016ൽ ടികെ റഷീദലി അഹമ്മദ് കബീറിന്റെ എതിരാളിയായപ്പോൾ ഭൂരിപക്ഷം 1508ആയി കുറയുകയും ചെയ്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം തന്നെയാണ് ഇത്തവണ എൽഡിഎഫിന് പ്രതീക്ഷ നൽകുന്ന മണ്ഡലമായി മങ്കടയെ മാറ്റിയത്. ചരിത്രത്തിൽ ഇതുപോലെ ഭൂരിപക്ഷം കുറഞ്ഞതിന് ശേഷം മണ്ഡലത്തിൽ ഇടതുമുന്നണി ജയിച്ചിരുന്നു എന്നതും എൽഡിഎഫ് ക്യാമ്പുകൾക്ക് പ്രതീക്ഷ നൽകുന്നു.കഴിഞ്ഞ തവണ മത്സരിച്ച ടികെ റഷീദലി, നിലവിലെ സിപിഐഎം ഏരിയ സെക്രട്ടറി പികെ അബ്ദുള്ള നവാസ് എന്നിവരുടെ പേരുകളാണ് എൽഡിഎഫിന്റെ സാധ്യത പട്ടികയിലുള്ളത്.

രണ്ട് പേരു മണ്ഡലത്തിൽ തന്നെയുള്ളവരും ജനകീയ പ്രതിച്ഛായ ഉള്ളവരുമാണ്. ടികെ റഷീദലിയെ സംബന്ധിച്ച് നേരത്തെ ജില്ല പഞ്ചായത്ത് അംഗമെന്ന നിലയിൽ നടത്തിയ ഇടപെടലുകളും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറക്കാനായി എന്നതും അദ്ദേഹത്തിന്റെ പേരിന് മുൻതൂക്കം നൽകുന്നു. മാത്രവുമല്ല മണ്ഡലത്തിൽ ഉൾപ്പെടുന്ന അങ്ങാടിപ്പുറം പഞ്ചായത്തിന്റെ പ്രസിഡണ്ട് കൂടിയായിരുന്നു ടികെ റഷീദലി. കുടുംബപരമായും മണ്ഡലത്തിൽ ഏറെ വേരുകളുള്ള ടികെ റഷീദലിക്ക് തന്നെയാണ് മുൻതൂക്കം. ടികെ റഷീദലിയും അഹമ്മദ് കബീറും തമ്മിലാണ് മത്സരമെങ്കിൽ തീർച്ചയായും മങ്കടയിൽ ടികെ റഷീദലി ജയിക്കുമെന്ന് മുസ്ലിം ലീഗ് കേന്ദ്രങ്ങൾ തന്നെ അടക്കം പറയുന്നുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലമാണ് മങ്കടയിൽ യുഡിഎഫിന്റെ പ്രതീക്ഷകളെ നിലനിർത്തുന്നത്. മക്കരപ്പറമ്പ് , മങ്കട, അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, കുറുവ , മൂർക്കനാട്, പുഴക്കാട്ടിരി പഞ്ചായത്തുകൾ ചേർന്നതാണ് മങ്കട മണ്ഡലം. ഇതിൽ മൂർക്കനാട് പഞ്ചായത്തിൽ മാത്രമാണ് എൽഡിഎഫ് ഭരണമുള്ളത്. കുറുവ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരണം നേടുകയും ചെയ്തു. ബാക്കി എല്ലാ പഞ്ചായത്തിലും യുഡിഎഫാണ് അധികാരത്തിൽ. കൂട്ടിലങ്ങാടി പഞ്ചായത്തിൽ വെൽഫയർപാർട്ടിക്കും സ്വാധീനമുണ്ട്. ടിഎ അഹമ്മദ് കബീർ, മഞ്ഞളാം കുഴി അലി എന്നീ പേരുകളാണ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളായി ഉയർന്നുകേൾക്കുന്നത്.

രണ്ട് പേരും മങ്കടയിൽ മത്സരിക്കാൻ താത്പര്യം അറിയിച്ചിട്ടുണ്ട്്. നേരത്തെ മണ്ഡലത്തിൽ ഇടതു സ്വതന്ത്രനായി ജയിച്ചിരുന്നു എന്നതുകൊണ്ട് അലിയുടെ പേരിനാണ് മുൻതൂക്കം. മാത്രവുമല്ല ടികെ റഷീദലി എതിർ സ്ഥാനാർത്ഥിയായി വന്നാൽ മത്സരം കനക്കുമെന്നും യുഡിഎഫിന് പരാജയം സംഭവിക്കാമെന്നും മുസ്ലിം ലീഗ് പ്രവർത്തകർ തന്നെ ഭയപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ മണ്ഡലത്തിനകത്ത് തന്നെയുള്ള അലിക്ക് വേണ്ടിയാണ് പ്രദേശിക നേതൃത്വം അടക്കം സമ്മർദ്ദം ചെലുത്തുന്നത്. നിലവിൽ അലി മത്സരിക്കുന്ന പെരിന്തൽമണ്ണ സുരക്ഷിതമല്ലെന്ന കാരണം അലിയെയും മങ്കടയിൽ മത്സരിക്കാൻ പ്രേരിപ്പിക്കുന്നു.