ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ മുസ്ലിംലീഗ് രംഗത്ത്. മുസ്ലിം വ്യക്തിനിയമത്തിനെതിരായ കടന്നുകയറ്റമാണിതെന്ന് ലീഗ് ആവശ്യപ്പെട്ടു. . ഈ നീക്കത്തിൽ നിന്നും പിന്മാറണമെന്നും ലീഗ് ആവശ്യപ്പെട്ടു. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാർ ലോക്സഭയിലും രാജ്യസഭയിലും അടിയന്തരപ്രമേയ നോട്ടീസ് നൽകി. കേന്ദ്രസർക്കാരിന്റെ നീക്കം ഭരണഘടനാ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. വിവാഹപ്രായം ഉയർത്തുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകും. വിഷയത്തിൽ വേണ്ടത്ര കൂടിയാലോചന നടന്നിട്ടില്ല. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിലേക്കുള്ള കാൽവെയ്‌പ്പാണിതെന്ന് സംശയമുണ്ടെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.

വിവാഹപ്രായം ഉയർത്താനുള്ള തീരുമാനം യുക്തിഭദ്രമല്ല. ഈ തീരുമാനത്തെ ലീഗ് എതിർക്കുകയാണ്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം ഇത്യാദി കാര്യങ്ങൾ ശരീ അത്തുമായി ബന്ധപ്പെട്ടുള്ളതാണ്. മുസ്ലിം വ്യക്തിനിയമത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്. മുസ്ലിം പേഴ്സണൽ ലോയ്ക്ക് ഭരണഘടനാപരമായ പ്രൊട്ടക്ഷൻ ഉണ്ടെന്ന് ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.

വിവാഹപ്രായം 21 ആക്കുന്നതിന് സബ് കമ്മിറ്റി പറയുന്ന കാര്യം, വിവാഹപ്രായം ഉയർത്തിയാൽ അതുവരെ പഠിക്കാം എന്നുള്ളതാണ്. അത് ന്യായമുള്ള കാര്യമല്ല. വിവാഹം കഴിഞ്ഞാൽ ഉടനെ തന്നെ പഠനം നിർത്തുന്ന രാജ്യമാണ് നമ്മുടേതെന്ന വിലയിരുത്തൽ തെറ്റാണ്. വിവാഹപ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് മെഡിക്കൽ ഒപ്പീനിയനോ ഒന്നും തേടിയിട്ടില്ല. വിവാഹപ്രായം ഉയർത്താനുള്ള ഈ നീക്കത്തിന് ദുരുദ്ദേശമുണ്ടെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.

സ്ത്രീകളുടെ വിവാഹ പ്രായം 18 വയസിൽ നിന്ന് 21 വയസായി ഉയർത്താനുള്ള നിർദേശത്തിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നൽകിയിരുന്നു. പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ നിയമ ഭേദഗതി കൊണ്ടുവന്നേക്കും. നിലവിൽ സ്ത്രീകളുടെ വിവാഹപ്രായം 18ഉം പുരുഷന്മാരുടെ വിവാഹ പ്രായം 21 ആണ്.

സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തൽ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങൾ പഠിക്കാൻ വേണ്ടി രൂപീകരിച്ച കേന്ദ്ര ടാസ്‌ക് ഫോഴ്സ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗ തീരുമാനം. 2020 ലെ സ്വാതന്ത്ര്യ ദിനത്തിലാണ് വിവാഹ പ്രായം ഉയർത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്.

വിവാഹ പ്രായം ഉയർത്തുന്നത് സംബന്ധിച്ച പ്രമേയം മന്ത്രിസഭ അംഗീകരിച്ചതിനെ തുടർന്ന് 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിൽ സർക്കാർ ഭേദഗതി കൊണ്ടു വരും. പ്രത്യേക വിവാഹ നിയമത്തിലും 1955ലെ ഹിന്ദു വിവാഹ നിയമം പോലുള്ള വ്യക്തി നിയമങ്ങളും കൊണ്ടു വരുമെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.