ന്യൂഡൽഹി: ഇസ്രയേൽ നിർമ്മിത ചാരസംഘടനയായ പെഗസ്സസ് കേന്ദ്രമന്ത്രിമാരുടേയും സുപ്രീംകോടതി ജഡ്ജിമാരുടേയും ഉൾപ്പെടെ ഫോൺ ചേർത്തിയ സംഭവത്തിൽ പാർലമെന്റിലെ ഇരു സഭകളിലും പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തുന്നതിനിടെ വിഷയത്തിൽ പ്രതികരിച്ച് മാധ്യമ പ്രവർത്തകനായ ജെ ഗോപീകൃഷ്ണൻ.

വിഷയം അതീവഗൗരവമാണെന്നും എന്നാൽ സാമാന്യബുദ്ധിയുള്ള ആരും ഇത് തങ്ങളാണ് ചോർത്തിയതെന്ന് തുറന്ന് സമ്മിതിക്കില്ലെന്നുമാണ് വിഷയത്തിലെ ജെ ഗോപീകൃഷ്ണന്റെ പ്രതികരണം. സമ്മതിക്കുമ്പോഴുണ്ടാവുന്ന സങ്കീർണ്ണതയുടെ ഗൗരവം ചൂണ്ടികാട്ടിയാണ് ജെ ഗോപീകൃഷ്ണന്റെ അഭിപ്രായം.

മലയാളി മാധ്യമപ്രവർത്തകരുടേയും ആക്റ്റിവിസ്റ്റുകളുടേയും ഉൾപ്പെടെ ഫോണുകളും ചോർത്തിയിട്ടുണ്ടെന്നാണ് സൂചന. മാധ്യമ പ്രവർത്തകരായ ജെ ഗോപീകൃഷ്ണൻ, എംകെ വേണു, സന്ദീപ് ഉണ്ണിത്താൻ എന്നിവരുടെ ഫോണുകളും ചോർത്തപ്പെട്ടിട്ടുണ്ട്.

'എന്നെ സംബന്ധിച്ച് ഇത് പുതിയ കാര്യമല്ല. 2009 മുതൽ ഉണ്ട്. 2018-19 കാലഘട്ടത്തിലാണ് ഈ ടാപ്പിങ് നടക്കുന്നത്. പെഗസ്സസ് സോഫ്റ്റ് വെയർ നിർമ്മിക്കുന്ന എൻഎസ്ഒ ടെക്നോളജി അമേരിക്കൻ കോടതിയിൽ കൊടുത്തിരിക്കുന്ന സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത് സർക്കാരുകൾക്ക് മാത്രമെ ഇത് കൈമാറുകയുള്ളൂവെന്നാണ്. ഇവിടെ വരുന്ന ചോദ്യം ഏത് സർക്കാരിനാണ് ഇത് കൈമാറിയിരിക്കുന്നത് എന്നാണ്. ഇതിൽ സുപ്രീംകോടതി ജഡ്ജിമാരുടെ ഉൾപ്പെടെ പേര് പറഞ്ഞിട്ടുണ്ട്. അത് വളരെ ഗുരുതരമാണ്. എന്നാൽ സാമാന്യബുദ്ധിയുള്ള ആരും ഇത് സമ്മതിക്കാൻ പോകുന്നില്ല. കാരണം സമ്മതിച്ചാൽ അത് സങ്കീർണ്ണമാകും. പ്രതിപക്ഷ നേതാക്കളുടേയും മാധ്യമപ്രവർത്തകരുടേയും പോലെയല്ല സ്വന്തം കാബിനെറ്റിലെ മന്ത്രിമാരുടേയും സുപ്രീംകോടതി ജഡ്ജിമാരുടേയും ചെയ്യുന്നത്. ആര് പറഞ്ഞിട്ട് ആര് ചെയ്തുവെന്നതാണ് ഇതിലെ വിഷയം.' ജെ ഗോപീകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പെഗസ്സസ് വിവാദത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം നൽകണമെന്ന് ഭരണകക്ഷി എംപി സുബ്രമണ്യൻ സ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ വാട്ടർ ഗേറ്റ് വിവാദം പോലെ യാഥാർത്ഥ്യം പുറത്തു വന്നാൽ ബിജെപിയെ അത് വ്രണപ്പെടുത്തുമെന്നുമാണ് സുബ്രഹ്‌മണ്യൻ സ്വാമി അഭിപ്രായപ്പെട്ടത്. എന്നാൽ പെഗസ്സസ് ഇന്ത്യയിലെ പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന റിപ്പോർട്ടിനെ കേന്ദ്രം തള്ളി. പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കെട്ടിച്ചമച്ച കഥകളാണ് പ്രചരിക്കുന്നതെന്നുമാണ് കേന്ദ്ര സർക്കാർ പ്രസ്താവനയിറക്കിയത്. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് പ്രസ്താവനയിറക്കിയത്. 2019 ലും സമാനമായ ആരോപണം വന്നിരുന്നെന്നും എന്നാൽ അന്നും ഇത്തരം വാദങ്ങൾ തെറ്റാണെന്ന് വ്യക്തമായതാണെന്നും സർക്കാർ പറഞ്ഞു.

ഇന്നലെയാണ് പെഗസ്സസ് ഇന്ത്യയിൽ നടത്തിയ ചാരപ്പണിയുടെ വിവരങ്ങൾ പുറത്തു വന്നത്. രണ്ട് കേന്ദ്ര മന്ത്രിമാർ, മൂന്ന് പ്രതിപക്ഷ നേതാക്കൾ, സുപ്രീം കോടതി ജഡ്ജി എന്നിവരുടെ വിവരങ്ങളാണ് ചോർത്തിയതെന്നാണ് പ്രാഥമിക വിവരം. 40 മാധ്യമപ്രവർത്തകരുടെ ഫോൺ വിവരങ്ങളും ചോർത്തിയെന്ന് റിപ്പോർട്ടുണ്ട്.

സ്‌പൈവെയർ നിരീക്ഷണത്തിലുള്ള ജഡ്ജി ഇപ്പോഴും ഹാക്ക് ചെയ്യപ്പെട്ട ഫോൺ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. അന്താരാഷ്ട്ര മാധ്യമങ്ങളായ ഗാർഡിയൻ, വാഷിങ്ടൺ പോസ്റ്റ് എന്നീ മാധ്യമങ്ങളാണ് വിവരങ്ങൾ പുറത്തു വിട്ടത്. ഇന്ത്യാ ടുഡേ, ഇന്ത്യൻ എക്സ്‌പ്രസ്, ദ ഹിന്ദു, ന്യൂസ് 18 തുടങ്ങിയ മാധ്യമ സ്ഥാപങ്ങളിലെ ജേർണലിസ്റ്റുകളുടെ വിവരങ്ങളാണ് ചോർന്നത്. ഹിന്ദുസ്ഥാൻ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റർ ഷിഷിർ ഗുപ്ത, ദ വയറിലെ ജേർണലിസ്റ്റുകളായ സിദ്ധാർത്ഥ് വരദരാജ്, എം.കെ വേണു. രോഹിണി സിങ് തുടങ്ങിയവരുടെ പേരുകളും പട്ടികയിലുണ്ട്.