തിരുവനന്തപുരം: നീതി തേടി യാക്കോബായ സഭ നടത്തിയ നിയമസഭാ മാർച്ച് പ്രതിഷേധക്കടലായി മാറി. നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ നിയമ സഭാ മാർച്ചിൽ സഭയിൽ നിന്നുള്ള നിരവധി പേരാണ് പങ്കെടുത്തത്. ഉച്ചയ്ക്ക് 12 നു പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നാണ് മാർച്ച് ആരംഭിച്ചത്. മാർച്ച് നിയമ സഭാ മന്ദിരത്തിന് മുന്നിലെത്തിയപ്പോൾ അവിടെ വെച്ച് പൊലീസ് തടഞ്ഞു. പിന്നാലെ സഭാ പ്രതിനിധികൾ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരെ കണ്ട് നിവേദനം സമർപ്പിച്ചു.

സക്രട്ടേറിയറ്റിനു മുന്നിൽ സഭ നടത്തുന്ന സത്യഗ്രഹത്തിന്റെ പന്ത്രണ്ടാം ദിവസമായിരുന്നു നിയമനിർമ്മാണത്തിലൂടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായി ഇന്നലെ നിയമസഭാ മാർച്ച് നടത്തിയത്. എന്നാൽ നിയമ സഭാ മന്ദിരത്തിന് മുന്നിലെത്തിയപ്പോൾ പൊലീസ് തടയുകയായിരുന്നു. തുടർന്ന് മെത്രാപ്പൊലീത്തൻ ട്രസ്റ്റി ഡോ. ജോസഫ് മോർ ഗ്രിഗോറിയോസ് മാർച്ച് ഉദ്ഘാടനം ചെയ്തു.

'വിശ്വാസികളുടെ വികാരം കണ്ടില്ലെന്നു നടിക്കാൻ ഒരു ജനാധിപത്യ സർക്കാരിനും സാധിക്കില്ല. സഭയ്ക്ക് നീതി ലഭിക്കുന്നവിധം നിയമനിർമ്മാണം നടത്തണം. സെമിത്തേരി ബില്ലിലൂടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തിയ സർക്കാരിനോട് സഭയ്ക്ക് കടപ്പാടുണ്ട്. സഭയെ സഹായിക്കുന്നവരെ സഭ മറക്കില്ല. സഭാ പ്രശ്‌നം ശാശ്വതമായി പരിഹരിക്കുവാൻ നിയമനിർമ്മാണം മാത്രമാണ് പോംവഴി. ദേവാലയങ്ങളും,സ്വത്തുക്കളും യഥാർഥ അവകാശികൾക്ക് ലഭിക്കത്തക്കവിധം സർക്കാർ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു. സഭാ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ നിയമനിർമ്മാണംമാത്രമാണ് പോംവഴിയെന്ന് ഇതര സഭാ മേലധ്യക്ഷന്മാരും സർക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ദേവാലയങ്ങളും സ്വത്തുക്കളും യഥാർഥ അവകാശികൾക്കു ലഭിക്കത്തക്കവിധം സർക്കാർ ഇടപെടുമെന്നാണ് പ്രതീക്ഷ'-അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ബെന്നി ബഹനാൻ എംപി, എംഎൽഎമാരായ അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പിള്ളി, ഡോ. ഏബ്രഹാം മാർ സേവേറിയോസ്, യൂഹാനോൻ മാർ മിലിത്തിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ ഗീവർഗീസ് മാർ കൂറിലോസ്, കുര്യാക്കോസ് മാർ യൗസേബിയോസ്, മാത്യൂസ് മാർ അപ്രേം, സക്കറിയാസ് മാർ പീലക്‌സിനോസ്, കുര്യാക്കോസ് മാർ ഇവാനിയോസ്, ഐസക് മാർ ഒസ്താത്തിയോസ്, ഏലിയാസ് മാർ യൂലിയോസ്, സഖറിയാസ് മാർ പോളിക്കാർപ്പസ്, മാത്യൂസ് മാർ തിമോത്തിയോസ്, സമര സമിതി ജനറൽ കൺവീനർ തോമസ് മാർ അലക്‌സന്ത്രയോസ്, ഫാ.സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്‌കോപ്പാ,സി.കെ ഷാജി ചൂണ്ടയിൽ, പീറ്റർ.കെ ഏലിയാസ് എന്നിവർ പ്രസംഗിച്ചു.

ഇതേസമയം, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരുമായി നടത്തിയ ചർച്ച ശുഭപ്രതീക്ഷ നൽകുന്നതാണെന്ന് മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. 22ന് തിരുവനന്തപുരം സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിൽ സഭയുടെ സുന്നഹദോസ് നടക്കും. വർക്കിങ്മാനേജിങ് കമ്മിറ്റികളുടെയും സമര സമിതിയുടെയും സംയുക്ത യോഗം നടത്തി തുടർപരിപാടികൾ പ്രഖ്യാപിക്കും. 19ന് വിവിധ ജില്ലാ ഭരണ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും.