കൊച്ചി: ഒരു നൂറ്റാണ്ടു പഴക്കമുള്ള മലങ്കര സഭാ തർക്കം പരിഹരിക്കുന്നതിനു നടത്തുന്ന ശ്രമത്തിൽ സഭകൾ തന്നെ രാഷ്ട്രീയം കൊണ്ടു വരുന്നതിൽ കേന്ദ്ര സർക്കാരിന് വലിയ അതൃപ്തി. ഇനി നടക്കുന്ന ചർച്ചയിൽ ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് അറിയിക്കും. സഭാ പ്രശ്നം കേന്ദ്ര സർക്കാർ പരിഹരിച്ചാൽ ബിജെപിക്കൊപ്പം നിൽക്കാമെന്ന മുംബൈ മെത്രാപ്പൊലീത്ത തോമസ് മാർ അലക്സാണ്ട്രിയോസിന്റെ പ്രസ്താവനയെ രൗഗവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്.

ഇത് മനസ്സിലാക്കിയാണ് അതിവേഗം മുംബൈ മെത്രാപ്പൊലീത്തയെ സഭ തള്ളി പറഞ്ഞതും. ഇത് സഭയുടെ നിലപാടല്ല. ഔദ്യോഗിക സമിതിയുടെ അംഗീകാരം ഇല്ലാതെയാണ് മാതൃഭൂമി ന്യൂസിലൂടെ മെത്രാപ്പൊലീത്ത പ്രസ്താവന നടത്തിയതെന്നും യാക്കോബായ സഭ പ്രസ്താവന ഇറക്കി. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നടത്തുന്ന ശ്രമങ്ങളെ ശുഭ പ്രതീക്ഷയോടെയാണു കാണുന്നതെന്നു യാക്കോബായ സഭയും അറിയിച്ചു. സഭാ നേതൃത്വത്തെ മിസോറാം ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ളയും അതൃപ്തി അറിയിച്ചു. പ്രധാനമന്ത്രിയുമായുള്ള ചർച്ചയ്ക്ക് മുൻകൈയെടുത്തതും മധ്യസ്ഥനായതും പിള്ളയായിരുന്നു.

ഇവരുടെ ശ്രമങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണന്നെു സഭ കരുതുന്നില്ല. ചർച്ചകൾ പരാജയപ്പെടുന്നത് ഓർത്തഡോക്സ് സഭയുടെ നിസ്സഹകരണം കൊണ്ടാണ്. സഭാ തർക്കം ശാശ്വതമായി പരിഹരിക്കുന്നവരെ വിശ്വാസികൾ തിരിച്ചറിയും. ഈ വിഷയത്തിൽ അനാവശ്യമായ ചർച്ചകളും തർക്കങ്ങളും ഉണ്ടാകാതിരിക്കാൻ സഭയുടെ എല്ലാ തലങ്ങളിലുമുള്ളവർ ശ്രദ്ധിക്കണമെന്നു മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് പറഞ്ഞു. സഭയുടെ ഔദ്യോഗിക നിലപാട് അതിനായി ചുമതലപ്പെടുത്തിയവർ അറിയിക്കുമെന്നും വിശദീകരിച്ചു.

അതിനിടെ ഇന്ത്യയിൽ മറ്റൊരു സമൂഹവും അനുഭവിക്കാത്ത വേദനകളിലൂടെയാണു യാക്കോബായ സഭ കടന്നു പോകുന്നതെന്നു സഭയുടെ മൈലാപ്പൂർ ഭദ്രാസനാധിപനും യൂത്ത് അസോസിയേഷൻ പ്രസിഡന്റുമായ ഐസക് മാർ ഒസ്താത്തിയോസും പ്രതികരിച്ചു. അവകാശ സംരക്ഷണത്തിനായി സെക്രട്ടേറിയറ്റിനു മുന്നിൽ സഭ നടത്തിവരുന്ന സത്യഗ്രഹത്തിന്റെ ആറാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷം വരുന്ന സഭാംഗങ്ങൾ ദേവാലയങ്ങളിൽ നിന്നു പുറത്താക്കപ്പെടുന്നതും അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതും പ്രതിഷേധാർഹമാണ്. പിതാക്കന്മാർ പഠിപ്പിച്ച വഴിയിലൂടെ പ്രാർത്ഥനയുടെ ശക്തിയോടെയാണു സമരം തുടരുന്നത്. ആരെയും വെല്ലുവിളിക്കുന്ന സമരമല്ല. ഗാന്ധിയൻ മാർഗത്തിലൂടെയുള്ള സമരമുറ ആത്യന്തികമായി വിജയിക്കും അദ്ദേഹം പറഞ്ഞു.

തോമസ് മാർ അലക്‌സന്ത്രയോസിന്റെ ബിജെപി അനുകൂല പ്രസ്താവന സിനഡ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ.തോമസ് മാർ തിമോത്തിയോസ് തള്ളി. സഭയുടെ ഔദ്യോഗിക പ്രസ്താവനകൾ നടത്തുന്നതിനു മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, സിനഡ് സെക്രട്ടറി ഡോ.തോമസ് മാർ തിമോത്തിയോസ്, മീഡിയ സെൽ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് എന്നിവരെക്കൂടാതെ 5 മെത്രാപ്പൊലീത്തമാർ അടങ്ങിയ സബ് കമ്മിറ്റിക്കും സഭാ ഭാരവാഹികളായ വൈദിക ട്രസ്റ്റി, സഭാ ട്രസ്റ്റി, സഭാ സെക്രട്ടറി എന്നിവർക്കുമാണ് അധികാരമെന്ന് ഡോ.തോമസ് മാർ തിമോത്തിയോസ് അറിയിച്ചു.

ഈ പ്രസ്താവനകൾ ചർച്ചകളിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണിപ്പോൾ യാക്കോബായ സഭ. ഇതിന്റെ അടിസ്ഥാനത്തിലാണ് അലക്സാണ്ട്രോയോസ് മെത്രാപ്പൊലീത്തയുടെ പ്രസ്താവന തങ്ങളുടെ നിലപാടല്ലെന്ന് സഭ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.