കൊച്ചി: ബിജെപിയിലെ വിഭാഗീയത ചർച്ചയാക്കിയുള്ള മുതിർന്ന മാധ്യമ പ്രവർത്തകൻ ജഗദീഷ് ബാബുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചർച്ചകളിൽ. രാജ്നാഥ് സിങ് ദേശീയ പ്രസിഡന്റായിരുന്ന സമയത്ത് ശോഭ സുരേന്ദ്രൻ ഇപ്പോഴത്തെ മന്ത്രി വി.മുരളീധരനെതിരെ അതീവ ഗുരുതരമായ ഒരു പരാതി നൽകിയിരുന്നുവെന്നും അത് ദേശീയ നേതൃത്വം ഇടപെട്ട് ആ പരാതി തൽക്കാലം പുറത്തുവരാതെ ഒതുക്കിത്തീർത്തതെന്നും ജഗദീഷ് ബാബു പറയുന്നു. ശോഭാ സുരേന്ദ്രൻ ഇടതു മുന്നണിയിലേക്കോ ? എന്ന തലക്കെട്ടിലാണ് ഇത് ജഗദീഷ് ബാബു എഴുതുന്നത്. കേരള പ്രമാണം എന്ന പത്രത്തിലും ജഗദീഷ് ബാബുവിന്റെ പേരിൽ ഈ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇതോടെ ബിജെപിയിലെ വിഴുപ്പഴക്കൽ ചർച്ചകൾ പുതിയ തലത്തിലെത്തുകയാണ്. ശോഭാ സുരേന്ദ്രനെതിരെ ഔദ്യോഗിക പക്ഷം കടുത്ത നിലപാടുകൾ എടുത്തുതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ അനുനയത്തിന്റെ ഭാഷയിലേക്ക് പിന്നീട് അവർ മാറി. ഇതിന് പിന്നാലെയാണ് ബിജെപിയിലെ ഭിന്നതയ്ക്ക് പുതിയ തലം വരുന്ന വാർത്ത ചർച്ചയാകുന്നത്. ബിജെപിയുടെ വനിതാ മുഖമായ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ഇടതുമുന്നണിയിലേക്കെന്നും വാർത്ത വിശദീകരിക്കുന്നു.

സിപിഎമ്മിന്റെ ഉന്നത നേതാക്കൾ ശോഭ സുരേന്ദ്രനുമായി ആദ്യ ഘട്ട ചർച്ചകൾ നടത്തിക്കഴിഞ്ഞു. അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയ സാധ്യതയുള്ള സീറ്റ് ശോഭയ്ക്ക് നൽകാമെന്ന വാഗ്ദാനമാണ് സിപിഎം നേതാക്കൾ മുന്നോട്ടുവെച്ചത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷത്തേക്ക് ചുവടുമാറ്റുന്നത് ബുദ്ധിയാകുമോ എന്ന ആശങ്ക മാത്രമാണ് തീരുമാനമെടുക്കാനുള്ള ഏക തടസം.

ജഗദീഷ് ബാബുവിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം

ശോഭാ സുരേന്ദ്രൻ ഇടതു മുന്നണിയിലേക്കോ ?

(ജഗദീഷ് ബാബു)

ബിജെപിയുടെ വനിതാ മുഖമായ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ഇടതുമുന്നണിയിലേക്ക്. സിപിഎമ്മിന്റെ ഉന്നത നേതാക്കൾ ശോഭ സുരേന്ദ്രനുമായി ആദ്യ ഘട്ട ചർച്ചകൾ നടത്തിക്കഴിഞ്ഞു. അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയ സാധ്യതയുള്ള സീറ്റ് ശോഭയ്ക്ക് നൽകാമെന്ന വാഗ്ദാനമാണ് സിപിഎം നേതാക്കൾ മുന്നോട്ടുവെച്ചത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷത്തേക്ക് ചുവടുമാറ്റുന്നത് ബുദ്ധിയാകുമോ എന്ന ആശങ്ക മാത്രമാണ് തീരുമാനമെടുക്കാനുള്ള ഏക തടസം.

മാധ്യമങ്ങളോട് പല കാര്യങ്ങളും പറയാനുണ്ടെന്നും സമയമാകുമ്പോൾ എല്ലാം തുറന്നുപറയുമെന്നും താൻ ജനങ്ങൾക്കിടയിലുള്ള നേതാവാണെന്നും പറയാനുള്ള കാര്യങ്ങൾ ഒളിച്ചുവെയ്ക്കാതെ എല്ലാം മാധ്യമങ്ങളോട് ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്നും കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രൻ പറഞ്ഞത് പുതിയ രാഷ്ട്രീയ നീക്കവുമായി കൂട്ടിവായിക്കണം. ഒരു പഞ്ചായത്ത് മെമ്പർ പോലും ബിജെപിക്ക് ഇല്ലാതിരുന്ന കാലത്താണ് താൻ പാർട്ടിയിലേക്ക് വന്നത്. 33 കൊല്ലമായി പാർട്ടിയുടെ വിവിധ പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. അങ്ങനെയുള്ള തന്നെ സ്ഥാനമോഹി എന്നുവിളിക്കുന്നതിനോട് എന്ത് മറുപടിയാണ് പറയേണ്ടതെന്ന് ശോഭ ചോദിച്ചു.

രാജ്നാഥ് സിങ് ദേശീയ പ്രസിഡന്റായിരുന്ന സമയത്ത് ശോഭ സുരേന്ദ്രൻ ഇപ്പോഴത്തെ മന്ത്രി വി.മുരളീധരനെതിരെ അതീവ ഗുരുതരമായ ഒരു പരാതി നൽകിയിരുന്നു. ദേശീയ നേതൃത്വം ഇടപെട്ടാണ് ആ പരാതി തൽക്കാലം പുറത്തുവരാതെ ഒതുക്കിത്തീർത്തത്. ദേശീയ നിർവ്വാഹക സമിതി അംഗമായ ശോഭ സുരേന്ദ്രനെ പുനഃസംഘടനയിൽ ആലോചിക്കുക പോലും ചെയ്യാതെ സംസ്ഥാന വൈസ് പ്രസിഡന്റാക്കി മാറ്റിയ നടപടിയാണ് പൊട്ടിത്തെറികൾക്ക് ഇടയാക്കിയത്. വി.മുരളീധരനും സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രനും ചേർന്ന് തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നാണ് ശോഭ സുരേന്ദ്രന്റെ പരാതി.

കോൺഗ്രസിൽ നിന്ന് വിട്ട് ബിജെപിയിലെത്തിയ അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനായി തീരുമാനിച്ചതും സംസ്ഥാന നേതൃത്വത്തിലെ വലിയൊരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. വർഷങ്ങളായി ബിജെപിയുടെ വനിതാ മുഖമായി ദേശീയ നിർവ്വാഹക സമിതിയിൽ വരെ എത്തിയ ശോഭ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിക്കൊണ്ടാണ് അബ്ദുള്ളക്കുട്ടിയെ ദേശീയ നേതാവായി തീരുമാനിച്ചത്. ഈ തീരുമാനത്തിന് പിന്നിൽ മുരളീധരന്റെയും സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്റെയും അനുകൂല നിലപാടുണ്ടെന്നാണ് ശോഭ പക്ഷത്തിന്റെ വാദം. മിസോറാം ഗവർണറായ പി.എസ് ശ്രീധരൻ പിള്ളയുമായി കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗുരുതുല്യനായ മുൻ സംസ്ഥാന പ്രസിഡന്റുമായി ഇവർ നടത്തിയ കൂടിക്കാഴ്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. സംസ്ഥാന നേതാക്കളായ രാധാകൃഷ്ണൻ, എം ടി രമേശ്, പി.കെ കൃഷ്ണദാസ് തുടങ്ങിയ നേതാക്കളെല്ലാം ശോഭയുടെ നിലപാടിനെ അനുകൂലിക്കുന്നവരാണ്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ പാലക്കാടും പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചിറയിൻകീഴും മത്സരിച്ച ശോഭ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥികളിൽ വെച്ച് ഏറ്റവും കൂടുതൽ വോട്ട് പിടിച്ച നേതാവാണ്.

ബിജെപിയും കോൺഗ്രസും എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ ബിജെപിയിലെ പ്രധാന നേതാവായ ശോഭ സുരന്ദ്രനെ ഇടതുപക്ഷത്തേക്ക് എത്തിക്കാൻ കഴിഞ്ഞാൽ അത് വലിയ രാഷ്ട്രീയ നേട്ടമായി മാറുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ. സ്വർണ്ണക്കള്ളക്കടത്ത് ഉയർത്തിയ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഇടതുപക്ഷത്തേക്ക് എത്തിയാൽ അത് തന്റെ രാഷ്ട്രീയ ഭാവിയെ എങ്ങനെ ബാധിക്കും എന്ന ആശങ്കയിലാണ് ശോഭ സുരേന്ദ്രൻ. ദേശീയ നേതൃത്വം ഇടപെട്ട് പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ബിജെപി ഒരു പൊട്ടിത്തെറിയിലേക്ക് പോകും. ശോഭയോടൊപ്പം സംസ്ഥാനത്തിന്റെ പല ഭാഗത്തുമുള്ള ഒട്ടേറെ ബിജെപി നേതാക്കളും പ്രവർത്തകരുമുണ്ട്. ഈ സ്വാധീനം കൂടി കണക്കിലെടുത്താവും ബിജെപി നേതൃത്വത്തിന്റെ തീരുമാനം. മുതിർന്ന ബിജെപി നേതാക്കളായ കുമ്മനവും ഒ.രാജഗോപാലും ഇക്കാര്യത്തിൽ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നത് നിർണ്ണായകമാണ്.
(ജഗദീഷ് ബാബു)