തിരുവനന്തപുരം: സിബിഐ 5 ലുടെ തിരിച്ചുവരവിനൊരുങ്ങി മലയാളത്തിന്റെ ഹാസ്യസമ്രാട്ട് ജഗതീശ്രീകുമാർ.സിബിഐ സിരീസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് മുതലുള്ള എല്ലാ ചിത്രങ്ങളിലും ജഗതി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി അവതരിപ്പിക്കുന്ന സിബിഐ ഓഫീസറായ സേതുരാമയ്യരുടെ അസിസ്റ്റന്റായ വിക്രം ജഗതിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയ കഥാപാത്രമായിരുന്നു.അതിനാൽ തന്നെ ചിത്രത്തിന് അഞ്ചാം ഭാഗം ഒരുങ്ങുമ്പോൾ അതിലും വിക്രമിന്റെ സാന്നിദ്ധ്യമായി ജഗതീശ്രീകുമാർ വേണമെന്ന് മമ്മൂട്ടിയുടെയും അണിയറപ്രവർത്തകരുടെയും നിർബന്ധമായിരുന്നു. അങ്ങിനെയാണ് നീണ്ട ഇടവേളക്ക് ശേഷം ജഗതീശ്രീകുമാർ വീണ്ടും സിനിമയുടെ ഭാഗമാകുന്നത്.

അണിയറ പ്രവർത്തകർ ജഗതിയുടെ കുടുംബവുമായി ബന്ധപ്പെടുകയും ജഗതിയെ സിബിഐ 5ൽ അഭിനയിപ്പിക്കാനുള്ള അനുവാദം വാങ്ങുകയുമായിരുന്നു ജഗതി ശ്രീകുമാറിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സിബിഐ 5ൽ അദ്ദേഹം അഭിനയിക്കുന്ന രംഗങ്ങൾ തിരുവനന്തപുരത്ത് പേയാടുള്ള അദ്ദേഹത്തിന്റെ വസതിയിൽത്തന്നെ ചിത്രീകരിക്കാനാണ് തീരുമാനം.ലോക സിനിമാ ചരിത്രത്തിലാദ്യമായാണ് ഒരേ നായകനും ഒരേ സംവിധായകനും ഒരേ തിരക്കഥാകൃത്തും ഒരു ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിന് വേണ്ടി ഒരുമിക്കുന്നത്. എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന സിബിഐ 5ൽ ശനിയാഴ്ചയാണ് മമ്മൂട്ടി ജോയിൻ ചെയ്തത്.മമ്മൂട്ടി കെ. മധു. എസ്.എൻ. സ്വാമി ടീമിനൊപ്പം സിബിഐ സീരിസിലെ എല്ലാ ചിത്രങ്ങളിലും പ്രവർത്തിച്ച മറ്റൊരാൾ പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹനാണ്.

സിബിഐ 5 ൽ മമ്മൂട്ടിക്കും ജഗതിക്കുമൊപ്പം മുകേഷ്, രൺജി പണിക്കർ, രമേഷ് പിഷാരടി, സന്തോഷ് കീഴാറ്റൂർ, ആശാശരത്, മാളവിക മേനോൻ തുടങ്ങിയവരും വേഷമിടുന്നുണ്ട്.അഖിൽ ജോർജാണ് സിബിഐ അഞ്ചിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്ക്‌സ് ബിജോയ്. സംഗീത മാന്ത്രികൻ ശ്യാം ഒരുക്കിയ സിബിഐ തീം മ്യൂസിക് പുതിയ ഭാഗത്തിന്റെയും സവിശേഷതകളിലൊന്നായിരിക്കും.സ്വർഗ ചിത്രയുടെ ബാനറിൽ അപ്പച്ചനാണ് ചിത്രം നിർമ്മിക്കുന്നത്. സിബിഐ സിരീസിലെ ഏറ്റവും അധികം കളക്ഷൻ നേടിയ സേതുരാമയ്യർ സിബിഐയുടെയും ഒടുവിലിറങ്ങിയ നേരറിയാൻ സിബിഐയുടെയും വിതരണം സ്വർഗചിത്രയായിരുന്നു.

മമ്മൂട്ടിക്കും മലയാള സിനിമയ്ക്കും തമിഴ് നാടുൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ വിപണിമൂല്യം വർദ്ധിപ്പിച്ചത് ഒരു സി.ബി.െഎ ഡയറിക്കുറിപ്പാണ്. മദ്രാസിലെ പഴയ സഫയർ തിയേറ്ററിൽ തുടർച്ചയായി 225 ദിവസമാണ് ഒരു സിബിഐ ഡയറിക്കുറിപ്പ് പ്രദർശിപ്പിച്ചത്. ചിത്രത്തിന്റെ അഭൂതപൂർവ്വമായ വിജയം കണ്ടാണ് നിർമ്മാതാവ് കോവൈ ചെഴിയൻ മമ്മൂട്ടി, കെ. മധു എസ്. എൻ. സ്വാമി ടീം തമിഴിൽ അരങ്ങേറിയ മൗനം സമ്മതം നിർമ്മിക്കാൻ മുന്നോട്ട് വന്നത്.

2012 ൽ നടന്ന ഒരു വാഹനാപകടത്തിൽ ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് അഭിനയ രംഗത്ത് നിന്നുവിട്ടുനിന്ന ജഗതി ശ്രീകുമാർ കഴിഞ്ഞവർഷം ഒരു പരസ്യചിത്രത്തിലും സിനിമയിലും അഭിനയിച്ചു. സിനിമ റിലീസായിട്ടില്ല.