രു ചലച്ചിത്രം കണ്ടാലും മസ്തിഷ്‌ക്കത്തിലെ കണ്ണുനീർ ഗ്രന്ഥികൾ സ്രവിക്കുമെന്നത് ഈ ലേഖകനടക്കം ഒരുപാട് പേർക്ക് എത്രയോ കാലത്തിന് ശേഷമുള്ള അനുഭവം ആയിരുന്നു. ആമസോൺ പ്രൈമിൽ റലീസായ, സൂപ്പർതാരം സൂര്യയുടെ പുതിയ തമിഴ് ചിത്രം ജയ് ഭീം, ഒരു അസാധാരണമായ ചലച്ചിത്ര അനുഭവമാണ്. ഉറപ്പിച്ചു പറയാം, നെഞ്ചുപിടയാതെ നിങ്ങൾക്ക് ഈ ചിത്രം കണ്ടുതീർക്കാനാവില്ല. ഒരു വലിയ രാഷ്ട്രീയ നിലവിളിയാണ് ഈ ചിത്രമെന്ന് ഒറ്റവാക്കിൽ പറയാം.

വെട്രിമാരന്റെ ദേശീയ അവർഡ് നേടിയ വിസാരണൈ, പരിയേറും പെരുമാൾ, കർണൻ എന്നീ സിനിമകൾ പറഞ്ഞു വച്ച ജാതി രാഷ്ട്രീയത്തിന്റെയും അടിച്ചമർത്തലിന്റേയും, അനീതിയുടെയും തുടർച്ച വരച്ചുകാട്ടുകയാണ് ജയ് ഭീം. അതിഗൗരവമായ രാഷ്ട്രീയ പ്രശ്നത്തെ ഒരു ത്രില്ലർപോലെ സിനിമാറ്റിക്കായി അവതരിപ്പിച്ചിച്ച സംവിധായകൻ ടി ജെ ജ്ഞാനവേലിന്റെ പ്രതിഭ അപാരം തന്നെ. ഫീസ് വാങ്ങാതെ മനുഷ്യാവകാശ കേസുകളിൽ പോരാടുന്ന ചന്ദ്രു എന്ന വക്കീലായി ഗംഭീര പ്രകടനവും, മറ്റൊരർഥത്തിൽ തിരിച്ചുവരുവുമാണ് സൂര്യ നടത്തിയത്. പക്ഷേ ഈ ചിത്രത്തിലെ മാൻ ഓഫ് ദി മാച്ച് മലയാളി നടി ലിജോമോൾ ജോസാണ്. അത്രക്ക് ഗംഭീരമാണ് അവരുടെ പ്രകടനം. ത്രില്ലറായും, കോർട്ട് റും ഡ്രാമയായും, പിന്നെ വയലൻസ് മോദിലേക്ക് മാറിയുമൊക്കെ പ്രേക്ഷകനെ ഒരു സെക്കൻഡ് വിശ്രമിക്കാൻ വിടാതെ ചിത്രം പായുകയാണ്.

ഇതൊക്കെ കാണുമ്പോൾ, ഒരേ അച്ചിലുള്ള പടങ്ങൾ വാർത്തുവിടുന്ന മലയാളത്തിലെ യുവ നടന്മാരെയും സംവിധായകരെയും എടുത്ത് കിണറ്റിലറിയാൻ ഒരു ശരാശരി പ്രേക്ഷകന് തോന്നിപ്പോവും. ഒരുകാലത്ത് പാണ്ടിപ്പടങ്ങൾ എന്ന് മലയാളി അധിക്ഷേപിച്ച തമിഴകത്തുനിന്ന് എത്രയെത്ര ശക്തമായ വർക്കുകളാണ് ഇപ്പോൾ ഉണ്ടാവുന്നത്! നമുക്ക് ഇതുപോലെ ഒരു പൊള്ളുന്ന വിഷയം തൊടാൻ തന്നെ ധൈര്യമുണ്ടോ?

ജാതിയുടെ പേരിൽ കള്ളരായവർ

ചിത്രത്തിന്റെ ആദ്യ സീൻ കണ്ടപ്പോൾ തന്നെ സത്യത്തിൽ നടുങ്ങിപ്പോയി. തൊണ്ണൂറുകളിലാണ് കഥ നടക്കുന്നത്. തമിഴ്‌നാട്ടിലെ ഒരു ജയിലിൽനിന്ന് പുറത്തിറങ്ങുന്ന ഒരു കൂട്ടം തടവുപുള്ളികളെ കാത്തിരിക്കയാണ്, അവരുടെ കുടുംബക്കാരും രണ്ടു സംഘം പൊലീസുകാരും. ജയിലിന് പുറത്തിറങ്ങുന്ന ആളുകളെ തടഞ്ഞുനിർത്തി ജയിൽ ഉദ്യോഗസ്ഥൻ അവരുടെ ജാതി ചോദിക്കുന്നു. ഉയർന്ന ജാതിക്കാരെ പോകാൻ അനുവദിക്കുന്നു. താഴ്ന്ന ജാതിക്കാരെയെല്ലാം മാറ്റി നിർത്തുന്നു. പിന്നീട് നടക്കുന്നത് ജയിൽ ഉദ്യോഗസ്ഥനും പൊലീസുകാരും തമ്മിലുള്ള വിലപേശലാണ്. അപ്പോഴാണ് ജയിലിന് പുറത്ത് എത്തിയവരെ വീണ്ടും കേസിൽ കുടുക്കി അകത്തിടാനുള്ള നീക്കമാണിതെന്ന് പ്രേക്ഷകർ അറിയുക.

സ്റ്റേഷനിൽ ഒരുപാട് കേസുകൾ പെൻഡിങ് ഉണ്ടെന്നും, അതിനാൽ കുറേ പ്രതികളെ ഞങ്ങൾക്ക് കിട്ടണമെന്ന് പറഞ്ഞ് പൊലീസുകാർ തമ്മിൽ വഴക്കാവുന്നു. ഒരാളുടെ പേരിൽ ഒന്നിൽ കൂടുതൽ കേസ് കെട്ടിവെക്കാൻ പാടില്ല എന്ന നിയമമൊന്നും ഇല്ലല്ലോ എന്നും ചോദിച്ച് കുറേ നോട്ടുകൾ വാങ്ങി, മാറ്റിനിർത്തിയ അളുകളെ പൊലീസിനു വിട്ടുകൊടുക്കുകയാണ് ജയിൽ ഉദ്യോഗസ്ഥൻ. ഈ പാവങ്ങളെ സ്വീകരിക്കാൻ എത്തിയ ചുരുക്കം ചില ആളുകളെ ആട്ടിപ്പായിച്ചുകൊണ്ട് , പൊലീസ് വാഹനം ചീറിപ്പായുകയാണ്. സ്റ്റേഷനിലെ പെൻഡിങ്ങ് കേസുകൾ തീർക്കുന്നവർക്ക് പ്രമോഷൻ പറഞ്ഞുകൊണ്ടുള്ള തമിഴ്‌നാട് സർക്കാറിന്റെ ഒരു സർക്കുലറിന്റെ ഭാഗമായാണ് ഈ കിരാത നടപടിയെന്ന് ചിത്രം പിന്നീട് വെളിപ്പെടുത്തുന്നുണ്ട്.

എലിയെപ്പിടിച്ചും പാമ്പിനെപ്പിടിച്ചും ജീവിക്കുന്ന ഇരുള്ൾ പോലുള്ള നാടോടി ജാതികളെ പൊലീസുകാർ ക്രിമിനലുകളായാണ് കാണുന്നത്. പൊലീസുകാർക്ക് കേസ് തീർത്ത് പ്രമോഷൻ വാങ്ങാനുള്ള ഉപകരണങ്ങൾ മാത്രമാണ് ഈ ഏഴകൾ. റേഷൻ കാർഡോ, വോട്ടർ ഐഡന്റിറ്റി കാർഡോ ഒന്നുമില്ലാത്ത ഇവരുടെ മേലാണ്, നാട്ടിൽ എന്ത് മോഷണം ഉണ്ടായാലും ഭരണകൂടവും പൊലീസും കുതിര കയറാറുള്ളത്. ഇങ്ങനെ പിടിക്കപ്പെട്ട പാവങ്ങളെ വിട്ടയക്കാനുള്ള കേസിൽ ഹാജരായി അനുകൂല വിധി നേടിയെടുത്തുകൊണ്ടാണ് സൂര്യയുടെ അഡ്വക്കേറ്റ് ചന്ദ്രു ചിത്രത്തിലേക്ക് എൻട്രി ചെയ്യുന്നത്. ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ ചന്ദ്രുവിന് വക്കീൽപ്പണി ഒരു സമൂഹിക സേവനംകൂടിയാണ്. അങ്ങിനെ പൊതുപ്രവർത്തനവും കോടതി മുറിയുമായി തിരക്കുപിടിച്ച് നടക്കുന്ന അയാളെ ജീവിതത്തിലേക്കാണ്, ഇരുളർ വിഭാഗത്തിലെ രാജാകണ്ണിന്റെ (മണികണ്ഠൻ) തിരോധാനത്തിന് ഉത്തരം തേടി ഗർഭിണിയായ ഭാര്യ സെങ്കിണി ( ലിജോ മോൾ ജോസ്) എത്തുന്നത്. ഇതോടെ ചിത്രത്തിന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ സ്വഭാവം കൈവരികയാണ്.

എല്ലാ പൊലീസ് സ്റ്റേഷനിലും കാണിക്കേണ്ട സിനിമ

സെങ്കിണിയും രാജാക്കണ്ണുമായുള്ള ദാമ്പത്യ ജീവിതവും, എലിയെയും പാമ്പിനെയും പിടിച്ചുള്ള അവരുടെ ജീവിതവുമൊക്കെ ഹൃദ്യമാണ് സിനിമ കാണിക്കുന്നത്. ഒരു മോഷണക്കുറ്റത്തിൽ കള്ളക്കേസു ചുമത്തി രാജകണ്ണിനെയും ബന്ധുക്കളെയും ലോക്കൽ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നൂ. പിന്നെ നാം കാണുന്നത് കാക്കിയിട്ട കാപാലികരുടെ ഭീകരതയാണ്. വിസാരണയിലും കർണനിലും കണ്ട് മരവിച്ച ലോക്കപ്പ് മർദനങ്ങളുടെ ഭീകരമായ മുഖം തന്നെയാണ് ജയ് ഭീമിലും .ആ സീനുകൾ കണ്ടിരിക്കാൻ ആവില്ല. തല്ലി ഇഞ്ചപ്പരുവമാക്കിയിട്ട പൊലീസ് ഒരു സുപ്രഭാതത്തിൽ അറിയിക്കുന്നത് രാജാക്കണ്ണിനെ കാണാനില്ല എന്നാണ്. അയാളും കസ്റ്റഡിയിലുള്ള മൂന്നുപേരും രക്ഷപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ ഭാര്യ സെങ്കിനി വിടുന്നില്ല. ആ നിരക്ഷരയായ സ്ത്രീ നീതി തേടി ഇറങ്ങുകയാണ്. അങ്ങനെ അവർ അഡ്വ. ചന്ദ്രുവിനെ തേടിയെത്തുന്നു. ചന്ദ്രുവിന്റെ യാത്രകൾ പിന്നെ സെങ്കിനിക്ക് വേണ്ടിയാവുകയാണ്. കാണാതായവർ എവിടെ, പൊലീസ് അവരെ എന്തു ചെയ്തു... ഒരു ചോദ്യത്തിനും ഉത്തരമില്ല. ചന്ദ്രു ഇവർക്കുവേണ്ടി ഹേബിയസ് കോർപ്പസ് ഹരജി ഫയൽ ചെയ്തയോട് ചിത്രം ഒരു കോർട്ട് ഡ്രാമയായും മാറുന്നു.

അടിയന്തരാവസ്ഥക്കാലത്ത് കാണാതായ മകനെ തേടി നിരന്തരം നിയമ പോരാട്ടങ്ങൾ നടത്തിയ ഈച്ചരവാര്യർ എന്ന അച്ഛനെ പലപ്പോഴും സെങ്കിനി ഓർമ്മിപ്പിക്കുന്നുണ്ട്. 'രാജൻ കേസ്' അതി പ്രാധാന്യത്തോടെ തന്നെ കഥയിലെ വഴിത്തിരിവായി പരാമർശിക്കപ്പെടുന്നു. പക്ഷേ ഓർക്കണം അടിയന്തരാവസ്ഥയിലെ ഭീകരത വെച്ച് മലയാളിക്ക് ഇനിയും ഒരു നല്ല ചിത്രം ചെയ്യാനായിട്ടില്ല. കേരളത്തിലെ തങ്കമണി സംഭവംപോലുള്ള ഒരു സംഭവത്തിൽനിന്നാണ് ധനൂഷിന്റെ കർണ്ണൻ ഉണ്ടായതെന്ന് ഓർക്കണം. എന്നാൽ തങ്കമണി സംഭവംവെച്ച് ഒരു പൊട്ടപ്പടമാണ് ഇവിടെ ഉണ്ടായത്. നമ്മൾ ജീവിക്കുന്ന നാടിന്റെ, കാലത്തിന്റെ ചിത്രങ്ങളും തുടിപ്പും ദുരന്തങ്ങളും ഒന്നും മലയാള സിനിമയിൽ കാണാതെ പോകുന്നു. പൊതുബോധം രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമകൾ കണ്ട് ജീവിതം കഴിക്കാനാണ് നമ്മുടെ വിധി. തമിഴിലാവട്ടെ രാഷ്ട്രീയവും മനുഷ്യ ജീവിതവും പറയുന്ന ചിത്രങ്ങൾ ഒന്നിന് പിറകെ ഒന്നായി പുറത്തു വരുന്നു.

സത്യത്തിൽ ഇത് ഇന്ത്യയിലെ എല്ലാ പൊലീസ് സ്റ്റേഷനിലും നിർബന്ധമായി കാണിക്കേണ്ട സിനിമയാണ്. പ്രബുദ്ധമെന്ന് വിളിക്കുന്ന കേരളത്തിൽപോലും ശാസ്ത്രീയമായ കുറ്റാന്വേഷണ രീതിയാണോ, അതോ മൂന്നാംമുറയും ഭീഷണിയുമാണോ പൊലീസ് ഇപ്പോഴും നടത്താറുള്ളത്. ഉദയകുമാറിന്റെ ഉരുട്ടിക്കൊലയും, സമ്പത്തിന്റെ കസ്റ്റഡി മരണവും തൊട്ട് എത്രയെത്ര സംഭവങ്ങൾ. മോഷണക്കുറ്റം ആരോപിച്ച് മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും പൊതുജന മധ്യത്തിൽ വിചാരണ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ കഥ നാം കേട്ടത് ഇയിടെയാണ്. അതും നമ്മുടെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത്! അതുകൊണ്ടുതന്നെ പൊലീസ് അക്കാദമിയിലൊക്കെ പരിശീലന ക്ലാസുകളിലും, ട്രെയിനിങ്ങിനുമൊക്കെ ഒരു സിലബസ് ആയും ഈ ചിത്രം ഉൾപ്പെടുത്താവുന്നതാണ്. പൊലീസിന് അത്രക്ക് പഠിക്കാനുണ്ട് ഈ ചിത്രത്തിൽനിന്ന്.

തിളയ്ക്കുന്ന അംബേദ്ക്കറൈറ്റ്- ഇടത് രാഷ്ട്രീയം

ധനൂഷിന്റെ കർണ്ണനെപ്പോലെ തന്നെ ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത ചിത്രമാണിത്. 1993 ൽ തമിഴ്‌നാട് കടലൂർ ജില്ലയിൽ കാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന രാജാക്കണ്ണ് എന്ന ദലിതന്റെ കസ്റ്റഡി മരണമാണ് ഈ സിനിമയുടെ ഉള്ളടക്കം. ചിത്രത്തിലെ ഭൂരിഭാഗം കഥാപാത്രങ്ങളും ഇന്ന് ജീവിച്ചിരിക്കുന്നവരുമാണ്്. സിനിമയിൽ കഥാപാത്രങ്ങളുടെ പേര് പോലും മാറ്റമില്ല. ചന്ദ്രു മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നുള്ള പഴയ എസ്.എഫ.ഐ നേതാവാണ്. ലിസൺ ടു മൈ കേസ് എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിലെ ഒരു കേസാണ് സിനിമയ്ക്ക് ആധാരം..

അഡ്വക്കേറ്റ് ചന്ദ്രുവിന്റെ ഇടത് രാഷ്ട്രീയ ധാര ചിത്രത്തിൽ മറച്ചുവെക്കാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല. എന്നാൽ ഒരു മെക്സിക്കാൻ അപാരത മോഡലിൽ രാഷ്ട്രീയ കുഴലൂത്തിലേക്ക് ചിത്രം പോകുന്നില്ല. ചന്ദ്രുവിന്റെ ഓഫീസിലും വീട്ടിലും പശ്ചാത്തലത്തിൽ കാണുന്ന ഫോട്ടോകളിൽ മാർക്സ്, പെരിയാർ, അംബേദ്കർ ചിത്രങ്ങളാണ്. മേശയിലെ ലെനിൻ. ജയ് ഭീമിലെ രാഷ്ട്രീയം വ്യക്തമാണ്. 'നിഷേധിക്കപ്പെടുന്ന നീതി അവർ നേരിട്ട അനീതിയേക്കാൾ ഭീകരമായിരിക്കും..'.കോടതി മുറിയിൽ ചന്ദ്രു ഒരിക്കൽ പറയുന്നുണ്ട്. കുട്ടികൾ ഗാന്ധിയും നെഹ്റുവായി വേഷമിടുമ്പോൾ ചന്ദ്രു ചോദിക്കുന്നുണ്ട്. അംബേദ്ക്കർ എവിടെ. അത് തമിഴ്‌നാട് ജനതയോടുള്ള സംവിധായകന്റെ ചോദ്യം കൂടിയാണ്.

അതുപോലെ തന്നെ തമിഴകത്തിന്റെ ഇക്കാലത്തെയും ശാപമായ ജാതി വിവേചനത്തെയും ചിത്രം കൃത്യമായി വരച്ചുകാട്ടുന്നുണ്ട്. നാടോടികളെ ഒരു നാട്ടുകാർ ആയിപ്പോലും സവർണ്ണർ കണക്കാക്കുന്നില്ല. റേഷൻ കാർഡുപോലുമില്ലാത്ത അവർക്ക് പഠിക്കാൻ ജാതി സർട്ടിഫിക്കേറ്റ് ചോദിക്കുമ്പോഴുള്ള ഉദ്യോഗസ്ഥന്റെ പുഛത്തിൽ എല്ലാമുണ്ട്. താൻ പിടിച്ച പാമ്പിനെ കൊല്ലാതെ കാട്ടിലേക്കയച്ച് രാസാകണ്ണ് പറയുന്നുണ്ട്. 'ആളുകളില്ലാത്തിടത്ത് ജീവിക്ക്, നിന്റെ ജീവൻ പോകാതിരിക്കാൻ ആളുകൾക്കിടയിലേക്ക് വരാതിരിക്കെന്ന്.'അയാൾ സ്വയം പുലമ്പിയതാകാം. അയാൾക്ക് കേൾക്കാനായി. ജാതിയിലും വേഷത്തിലും ജീവിതത്തിലും അയാളും അവിടെ അധികപറ്റാണ്. ജാതി വിഷം പുറം തള്ളിയും സമൂഹം അയാളെ അരികുവത്കരിച്ചും ബഹിഷ്‌കൃതനാക്കുന്നുണ്ട്. കള്ളനാണെന്ന് ആരോപിച്ച് സ്വന്തം നാട്ടുകാർ തന്നെ രാജാക്കണ്ണിനെ മർദിച്ച് പൊലീസ് പിടിച്ചുകൊടുക്കുന്നതൊക്കെ ചിത്രത്തിലെ ഹൃദയഭേദകമായ രംഗങ്ങളാണ്.

കൃത്യമായ പെരിയാർ- അംബേദ്ക്കറൈറ്റ് രാഷ്ട്രീയം സൂചിപ്പിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. സെങ്കിനിയുടെ മകളായ ഒരു കൊച്ചുപെൺകുട്ടി, ചന്ത്രുവിന്റെ അടുത്ത് നെഞ്ചു വിരിച്ചു കാൽ മുകളിൽ കാൽവെച്ചു പത്രം വായിക്കുന്ന ഒരു രംഗത്തോടെ! ( നമ്മുടെ സംവിധായകർ ആണെങ്കിൽ ഒരു ഇൻക്വിലാബ് വിളിക്കുന്ന സീൻ ഇട്ട് കുളമാക്കിയേനെ)

ലിജോമോൾ ജോസ് തെന്നിന്ത്യ കീഴടക്കുമോ?

ഈ ചിത്രത്തിൽ സൂര്യയേക്കാൾ ശ്രദ്ധിക്കപ്പെട്ടത് നമ്മുടെ മഹേഷിന്റെ പ്രതികാരത്തിലെ ബേബിച്ചേട്ടന്റെ മകൾ സോണിയയായി വന്ന ലിജോമോൾ ജോസാണ്. തുടക്കത്തിൽ ആളെ മനസ്സിലായതുപോലുമില്ല. ആ രീതിയിലാണ് ലിജോമോളിന്റെ സെങ്കിണിയിലേക്കുള്ള പരകായ പ്രവേശം. ഡയലോഗ് ഡെലിവറിയും സൗണ്ട് മോഡുഷേനുമൊക്കെ പുതിയ താരങ്ങൾ കണ്ടു പഠിക്കേണ്ടതാണ്. മുൻ ചിത്രങ്ങളിൽ കണ്ട അർബൻ ബോഡി ല്വാംഗ്വേജിൽനിന്ന് കുതറിച്ചാടി, ഒരു നാടോടിയിലേക്കുള്ള ആ മാറ്റം കേവലം മേക്കപ്പിൽ മാത്രമല്ല. ഈ നടി പല രംഗങ്ങളിലും പ്രേക്ഷകന്റെ കണ്ണ് നിറയ്ക്കുന്നുണ്ട്. അസിനും നയൻതാരക്കുംശേഷം അത്രയൊന്നും മലയാള നടികൾ തമിഴിൽ ക്ലിക്ക് ആയിട്ടില്ല. ഈ അസാധ്യവേഷം തെന്നിന്ത്യൻ സിനിമയിലേക്ക് ഒരു മലയാളി താരറാണിയുടെ ഉദയം ആവില്ല എന്ന് പറയാൻ കഴിയില്ല.

മൂൻ വർഷങ്ങളിലുണ്ടായ തുടർച്ചയായ ചില പരാജയങ്ങൾക്ക് ശേഷം സൂര്യ അതിശക്തമായി തിരിച്ചുവരുന്ന കാലമാണിത്. നേരത്തെ ഡെക്കാൻ എയറിന്റെ ഉടമയുടെ കഥ പറഞ്ഞ സുരൈപ്രോട്രും ഹിറ്റായിരുന്നു. നല്ല കഥയില്ലാത്തതായിരുന്നു സൂര്യയുടെ പ്രശ്നം എന്ന് വ്യക്തമാണ്. കോടതിയിൽ വാദിക്കുമ്പോഴും, മുദ്രാവാക്യം വിളിക്കുമ്പോഴുമൊക്കെ സൂര്യയുടെ കണ്ണിൽനിന്ന് തീ വരുന്നതുപോലെ തോന്നും. ഒരേ ടൈപ്പ് സിനിമചെയ്ത് കാലം കഴിക്കുന്ന, മലയാളത്തിലെ യുവ നടന്മാരെ എടുത്ത് തോട്ടിൽ കളയാൻ തോന്നുക സൂര്യയുടെ ഇജ്ജാതി പ്രകടനമൊക്കെ കാണുമ്പോഴാണ്! സംഘട്ടനത്തിനും ഹീറോയിസത്തിനുമൊക്കെയുള്ള അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും ചിത്രം അതിലേക്കൊന്നും പോവുന്നില്ല. തീർത്തും റിയലിസ്റ്റിക്കായ ശൈലിയിലേക്ക് ഈ നടനും വന്നിരിക്കയാണ്.

കെ മണികണ്ഠനാണ് ചിത്രത്തിലെ മുഖ്യവേഷമായ രാജാകണ്ണിനെ ഗംഭീരമാക്കിയത്. മണികണ്ഠൻ ശരിക്കും ആളൊരു പുലിയാണ്. പിസ്സ 2 വിൽ സംഭാഷണ രചയിതാവായാണ് തുടക്കം. തുടർന്ന് ഒരു ചിത്രം സംവിധാനം ചെയ്തു. വിജയ് സേതുപതിയുടെ കാതലും കടന്ത് പോകും എന്ന ചിത്രത്തിൽ ഒരു മികച്ച കഥാപാത്രം ചെയ്തു. ശേഷം വിക്രം വേദ, വിശ്വാസം, തമ്പി എന്നീ ചിത്രങ്ങൾക്ക് സംഭാഷണം ഒരുക്കി. സംവിധായകൻ, എഴുത്തുകാരൻ എന്ന അംഗീകാരങ്ങൾക്ക് ഒപ്പം ഇപ്പോൾ കരിയറിലെ ഏറ്റവും മികച്ച വേഷവും. പുതിയ പുതിയ പ്രതിഭകൾ കൊണ്ട് നിറയുകയാണ് തമിഴ് ചലച്ചിത്രലോകം.

മലയാളി നടി രജിഷ വിജയൻ ചിത്രത്തിൽ മുഴനീള വേഷത്തിലുണ്ട്്. പക്ഷേ അത്രക്ക് അഭിനയ സാധ്യതയുള്ള റോൾ അല്ല രജിഷയുടെ ടീച്ചർ വേഷം. പ്രകാശ് രാജ് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലുണ്ട്. ഈ ചിത്രത്തിൽ ചെറുതും വലുതുമായ വേഷം ചെയ്ത ആരും മോശമാക്കിയിട്ടില്ല. ഷോൺ റോൾഡൻ മികച്ച ഗാനങ്ങളൊരുക്കി ചിത്രത്തിന് ഒഴുക്ക് നൽകുന്നുണ്ട്. ചിത്രം രണ്ടേമുക്കാൽ മണിക്കൂർ ഉണ്ടെങ്കിലും അത് കടന്നുപോകുന്നത് നാം അറിയുകപോലുമില്ല.

മാധ്യമ പ്രവർത്തകൻ എഴുത്തുകാരൻ എന്ന നിലയിലൊക്കെ ഏറെ പ്രവർത്തിച്ചതിനുഷേമാണ് സംവിധായകൻ ജ്ഞാനവേൽ സിനിമയിൽ എത്തുന്നത്. ധോണി, കൂട്ടത്തിൽ ഒരുത്തൻ എന്ന തന്റെ മുൻ ചിത്രങ്ങളിൽനിന്ന് എത്രയോ മുകളിലാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ജയ് ഭീം. വരുംകാലങ്ങളിൽ ലോകമറിയുന്ന ഒരു സംവിധാകനായി വളരാനുള്ള പ്രതിഭ അദ്ദേഹത്തിലുണ്ടെന്ന് വ്യക്തം.

വാൽക്കഷ്ണം: സാമൂഹിക പ്രവർത്തനം, ശാക്തീകരണം എന്ന് നവമാധ്യമങ്ങളിൽ ചുമ്മാ ചപ്പടാച്ചി അടിച്ച്, അതിനായി ഒന്നും പ്രവർത്തിക്കാതിരിക്കുന്ന നടനല്ല സൂര്യ. ജയ് ഭീം എന്ന സിനിമക്ക് നിദാനമായ ഇരുളർ വിഭാഗത്തിലെ ആദിമഗോത്ര ജനതയുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഒരു കോടി രൂപയാണ് അദ്ദേഹം സംഭാവന ചെയ്തത്. ഇനി ചിത്രത്തിന്റെ ലാഭത്തിന്റെ ഒരുഭാഗം കൂടി നൽകുമെന്നും പറയുന്നു. പിന്നെ എങ്ങനെയാണ് ഈ നടനെ ജനം സ്നേഹിച്ച് പോകാതിരിക്കുക!