മുംബൈ: നടൻ പ്രകാശ് രാജിനെതിരെ ട്വിറ്ററിൽ തീവ്രവലതുപക്ഷ സംഘങ്ങളുടെ പ്രതിഷേധം. ജയ് ഭീം സിനിമയിലെ ഒരു സീൻ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിനെതിരെയുള്ള വിമർശനം. മികച്ച സിനിമയാണെന്ന അഭിപ്രായം ഉയർന്നു വരവേയാണ് സിനിമയിലെ കഥാപാത്രമായ പ്രകാശ് രാജിനെതിരെ ആരോപണങ്ങളുമായി തീവ്രവലതുപക്ഷ സംഘങ്ങൾ രംഗത്തെത്തിയത്.

പൊലീസ് ഉദ്യോഗസ്ഥനായ പ്രകാശ് രാജിന്റെ കഥാപാത്രം തമിഴ് സംസാരിക്കാതെ ഹിന്ദി സംസാരിക്കുന്ന ആളെ അടിക്കുന്നതാണ് രംഗം. പ്രകാശ് രാജിന്റെ കഥാപാത്രം ഹിന്ദി സംസാരിച്ച കഥാപാത്രത്തോട് തമിഴ് സംസാരിക്കാനും ആവശ്യപ്പെടുന്നുണ്ട്. ഈ രംഗം പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് രാജിനെതിരെ തീവ്രവലതുപക്ഷ സംഘങ്ങൾ തിരിഞ്ഞിരിക്കുന്നത്. ഹിന്ദിക്കുമേൽ വിദ്വേഷം ജനിപ്പിക്കാനുള്ള ശ്രമമാണ് പ്രകാശ് രാജ് നടത്തുന്നതെന്നും ജയ് ഭീമിലൂടെ പ്രകാശ് രാജ് തന്റെ പ്രൊപ്പഗാണ്ട നടപ്പാക്കുകയാണെന്നുമൊക്കെയാണ് അദ്ദേഹത്തിനെതിരെ ഉയരുന്ന ആരോപണം.

എന്നാൽ, കഥാപാത്രത്തിന്റെ പേരിൽ പ്രകാശ് രാജിനെ വിമർശിക്കേണ്ടതുണ്ടോ എന്നും ഹിന്ദിക്കെതിരെയല്ല ആ ഡയലോഗ് മറിച്ച് ഹിന്ദി മനസ്സിലാവാത്ത ഓഫീസർ തമിഴിൽ സംസാരിക്കാൻ ആവശ്യപ്പെടുന്നതാണെന്നും ചിലർ പറയുന്നു. സൂര്യയെ നായകനാക്കി ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത ജയ് ഭീം നവംബർ 2ന് ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തത്. തമിഴ്‌നാട്ടിലെ ഇരുള സമുദായത്തിലെ ജനങ്ങൾ അനുഭവിച്ച് പൊലീസ് ക്രൂരതയെ കുറിച്ചാണ് സിനിമ പറയുന്നത്.

മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ജയ് ഭീം തയ്യാറാക്കിയിരിക്കുന്നത്. 1993ൽ അഭിഭാഷകനായിരിക്കെ ജസ്റ്റിസ് ചന്ദ്രു ഒരു ആദിവാസി സ്ത്രീക്ക് വേണ്ടി നടത്തിയ കേസിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ. സർക്കാരിനെതിരെയുള്ള സിനിമയാണ് ജയ് ഭീം എന്ന തരത്തിലുള്ള ആരോപണങ്ങളും ഉയർന്നുവന്നിരുന്നു. എന്നാൽ സർക്കാരിനെതിരെയുള്ള സമരമല്ല ജയ് ഭീം എന്നാണ് സംവിധായകൻ ജ്ഞാനവേൽ പറഞ്ഞത്.