തിരുവനന്തപുരം. സ്വപ്ന കേസിൽ ആരോപണം നേരിടുന്ന ജയിൽ ഡി ഐ ജി അജയകുമാറിന് എട്ടിന്റെ പണി കൊടുത്ത് ജയിൽ ഡി ജി പി സുദേഷ്‌കുമാർ. ജയിൽ ഡിജി പി ആയി സുദേഷ്‌കുമാർ ചുമതലയേറ്റ ശേഷം ജയിൽ വകുപ്പിൽ ഉന്നത തസ്തികകളിൽ ചില മാററങ്ങൾ വരുത്തിയിരുന്നു. അതു പ്രകാരം അജയകുമാറിനെ ദക്ഷിണ മേഖലയിൽ നിന്നും മധ്യ മേഖലാ ഡി ഐ ജി ആയി മാറ്റി നിയമിച്ചിരുന്നു. എറണാകുളത്ത് ചുമതലയേറ്റശേഷവും തിരുവനന്തപുരം സ്വദേശിയായ അജയകുമാർ മിക്ക ദിവസവും തിരുവനന്തപുരത്ത് തുടർന്നു.

മുരുക്കും പുഴയ്ക്കടുത്ത് ചിലമ്പിലാണ് അജയകുമാറിന്റെ സ്വദേശം. രണ്ടര ആഴ്ച മുൻപ് ഒരു ദിവസം ജയിൽ ആസ്ഥനത്തെ ഡി ഐ ജി വിനോദിനെ അടിയന്തിരമായി ജയിൽ ഡി ജി പി സുദേഷ് കുമാർ തന്റെ ചേംബറിലേക്ക് വിളിച്ചു വരുത്തി. മധ്യമേഖല ഡി ഐ ജി യുടെ ഔദ്യോഗിക വാഹനം തിരുവനന്തപുരത്തെ ആറ്റിങ്ങലിൽ ഉണ്ട്. അനുമതി വാങ്ങിയിട്ടാണോ ഔദ്യോഗിക വാഹനവുമായി അദ്ദേഹം ചുററിയടിക്കുന്നതെന്ന് ദേഷ്യത്തോടെ ചോദിച്ചു. സംഗതി പന്തിയല്ലന്ന് മനസിലാക്കിയ ഡി ഐ ജി തന്നോടു പറഞ്ഞുവെന്ന് കള്ളം പറഞ്ഞു. അതും പൊളിച്ചടുക്കിയ ഡിജിപി ഹെഡ്ക്വാർട്ടേഴ്സ് ഡി ഐ ജി യക്കും താക്കീത് നല്കി.

ഉടൻ തന്നെ മധ്യമേഖാ ഡിഐ ജി യെ ബന്ധപ്പെട്ട് വാഹന ദുരുപയോഗത്തിന് വിശദീകരണം ചോദിക്കാനും വാഹനത്തിന്റെ വാടക കണക്കാക്കി ജയിൽ ആസ്ഥാനത്ത് അടപ്പിക്കാനും കർശന നിർദ്ദേശം നല്കി. ഡി ഐ ജി അജയകുമാർ ആഫീസിൽ വരുന്നതിലും കൃത്യ നിഷ്ഠ പാലിക്കാറില്ലന്ന് ഡി ജി പിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഷോർട്ട് ഫിലം നിർമ്മാണവുമായി ബന്ധപ്പെട്ട് ആഴ്ചകളോളം മാറി നിൽക്കാറുണ്ടെന്നാണ് ജയിൽ ആസ്ഥാനത്ത് ലഭിച്ചരിക്കുന്ന വിവരം. അജയകുമാർ വാഹന ദുരുപയോഗം നടത്തിയത് സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് ഉണ്ടെന്നും സൂചനയുണ്ട്.

പൊലീസിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജയിൽ മേധാവി വിശദീകരണം തേടിയതെന്നും വിവരമുണ്ട്. എറണാകുളത്ത് നിന്നും ഒന്നിടവിട്ട ദിവസങ്ങളിൽ അജയകുമാർ ചിലമ്പിലെ വീട്ടിൽ ഔദ്യോഗിക വാഹനത്തിൽ എത്തിയിരുന്നുവെന്നാണ് വിവരം. വിഷയത്തിൽ അജയകുമാറിന്റെ ഔദ്യോഗിക വാഹനത്തിന്റെ ലോഗ് ബുക്ക് ജയിൽ ആസ്ഥാനത്തെ ഉദ്യോഗസ്ഥർ പരിശോധിക്കും. ഡ്രൈവറിൽ നിന്നും വിശദമായ വിവരങ്ങൾ ചോദിച്ചറിയും. ജയിൽ ആസ്ഥാനം വഴി വിവരങ്ങൾ ശേഖരിക്കുന്നതിന് പുറമെ സ്‌പെഷ്യൽ ബ്രാഞ്ച് വഴി ജയിൽ മേധാവി നേരിട്ടും കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട് .

ഇദ്ദേഹത്തിന്റെ ഇടപാടുകൾ ,ബന്ധങ്ങൾ എന്നിവയും രഹസ്യമായി നിരീക്ഷിക്കാനാണ് നീക്കം. നേരത്തെ ജയിൽ സുപ്രണ്ട് ആയിരുന്നപ്പോൾ സ്വഭാവദൂഷ്യം ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരിട്ട ആളാണ് അജയകുമാർ. ഒരു താൽക്കാലിക വനിത വാർഡനെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കുകയും അവരെ വഴിവിട്ടു സഹായിക്കുകയും ചെയ്തുവെന്നാണ് അന്നുയർന്ന ആരോപണം. അതേ സമയം അന്വേഷണ ഉദ്യോഗസ്ഥർ പല തവണ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നുവെന്നും . എന്നാൽ കേസ് എവിടെയും എത്തുന്നില്ല. അതിനാലാണ് 164 പ്രകാരം രഹസ്യ മൊഴി നൽകിയത് എന്നും സ്വപ്ന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതിനൊപ്പം സ്വപ്ന സുരേഷ് പറഞ്ഞ ഒരു പേരാണ് ജയിൽ ഡി ഐ ജി അജയകുമാറിന്റേത്.

സ്വപ്ന സുരേഷ് ജയിൽ ഡി ഐ ജി അജയകുമാറിനെ കുറിച്ച് പറഞ്ഞത്.

.തനിക്ക് ഭീഷണിയുണ്ട്. ജയിലിൽ തനിക്ക് കാര്യങ്ങൾ പുറത്തറിയിക്കാനുള്ള അവകാശം പോലും നിഷേധിച്ചു. ജയിലിൽ തന്നെ മാനസികമായി പീഡിപ്പിച്ചു. ജയിൽഡേയുടെ വേദിയിൽ അജയ കുമാർ എന്ന ജയിൽ ഡി.ഐ.ജി വേദിയിൽ ഇരുന്ന് കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം ഏതറ്റംവരെ പോയാലും ശരിയാക്കിക്കളയുമെന്ന് ഭീഷണിപ്പെടുത്തി.

വിയ്യൂർ ജയിലിൽ മാനസിക പീഡനം കാരണം ഹൃദയാഘാതം വന്നത് നാടകമാക്കി മാറ്റി. അട്ടക്കുളങ്ങര ജയിൽ നിന്ന് ഇടക്കിടെ അപസ്മാരം ഉണ്ടായി. ഇതെല്ലാം ജയിലിലെ പീഡനം മൂലമാണ്. ഡി.ഐ.ജി അജയകുമാർ എഴുതിക്കൊടുക്കാൻ പറയുന്നതു പോലെ താൻ എഴുതി കൊടുക്കാത്തതുകൊണ്ടുള്ള പീഡനമാണ്. താൻ പുറത്തിറങ്ങിയാൽ ഇവർ എന്തെല്ലാം ചെയ്യും. തനിക്കോ തന്റെ കുടുംബാഗങ്ങൾക്കോ എന്തെങ്കിലും സംഭവിച്ചാൽ ഇത്തരം കാര്യങ്ങൾ പറയാൻ തനിക്ക് ധൈര്യമുണ്ടാകില്ല. അതിനാലാണ് ഇക്കാര്യങ്ങളെല്ലാം തെളിവ് സഹിതം കോടതിക്ക് മുമ്പാകെ പറഞ്ഞത്.

മുമ്പ് മാധ്യമങ്ങൾക്ക് മുന്നിൽ വന്നത് ശിവശങ്കരൻ എഴുതിയ പുസ്തകം തന്നെ വേദനിപ്പിച്ചതിനാലാണ്. ഇപ്പോൾ 164 സ്റ്റേറ്റ്മെന്റ് കൊടുത്തു. കേസ് സംബന്ധിച്ച കാര്യമായതിനാൽ അത് പറയുന്നതിന് വേണ്ടിയാണ് വന്നത്. പറഞ്ഞ് തീർന്നിട്ടില്ല. ഇനിയും ഒരുപാട് കാര്യമുണ്ട്. കോടതിക്ക് മുന്നിലുള്ള കേസായതിനാൽ തുറന്നു പറയുന്നതിൽ കോടതി വിലക്കുണ്ട്.

തന്നെ തീവ്രവാദ കുറ്റം ചുമത്തി ജയിലിലിട്ടു. അത് വലിയൊരു കുറ്റമാണ്. രാജ്യത്തിനെതിരായ കുറ്റമാണ്. അന്ന് എന്താണ് അന്വേഷണം നടത്താതിരുന്നത്. ഒന്നും പുകമറക്ക് പിന്നിൽ നിർത്താൻ ആഗ്രഹിക്കുന്നില്ല. എല്ലാം വിളിച്ച് പറയാൻ ആഗ്രഹമുണ്ട്. എന്നാൽ കോടതി അനുവാദം തന്നാൽ എല്ലാം പറയും. തന്നെ ജീവിക്കാൻ അനുവദിക്കണമെന്നും സ്വപ്ന പറഞ്ഞു.',