തിരുവനന്തപുരം: സ്വപ്‌നാ സുരേഷിന്റെ ശബ്ദരേഖ പുറത്തു വന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് അട്ടക്കുളങ്ങര ജയിലിൽ തനിക്കു വധഭീഷണിയുണ്ടായി എന്ന സ്വപ്ന സുരേഷിന്റെ പരാതിക്ക് പിന്നിലെന്ന് സൂചന. ശബ്ദ രേഖ ചോർന്നത് ജയിലിൽ നിന്നല്ലെന്ന നിലപാടാണ് പൊലീസും ജയിൽ അധികൃതരും സ്വീകരിച്ചത്. എന്നാൽ ജയിലിനുള്ളിൽ സമ്മർദ്ദമുണ്ടായെന്ന് സ്വപ്‌ന പറയുന്നത് ഏറെ നിർണ്ണായകമാണ്. കേസിൽ ഉന്നതർക്ക് എതിരെ മൊഴി പറയരുതെന്ന സമ്മർദ്ദം ജയിലിനുള്ളിൽ നിന്നുണ്ടായി എന്നാണ് സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തൽ.

ഇതോടെ ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന്റെ ഉൾപ്പെടെ എടുത്ത നിലപാടുകൾ വിവാദമാകുകയാണ്. ജയിലിൽ സ്വപ്നയെ ചിലർ സന്ദർശിച്ചതായി ആരോപണമുന്നയിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു വരെ പറഞ്ഞാണ് ഋഷിരാജ് സിങ് പ്രതിരോധിച്ചത്. ഒടുവിൽ സ്വപ്ന തന്നെ വധഭീഷണിയെപ്പറ്റി പറയുന്നുവെന്നതാണ് വസ്തുത. അതും കോടതിക്ക് മുന്നിൽ. ഇതിന് പിന്നിൽ കേന്ദ്ര ഏജൻസികളുടെ തന്ത്രപരമായ നീക്കമാണെന്ന് ജയിൽ വകുപ്പും വിലയിരുത്തുന്നു. എന്നാൽ ആരോപണങ്ങളെ പ്രതിരോധിക്കുക എളുപ്പമല്ലെന്ന് അവർക്കും അറിയാം. അതുകൊണ്ട് തന്നെ ജയിലിലെ എല്ലാ നീക്കവും ഇനി ഋഷിരാജ് സിങ് നേരിട്ട് വിലയിരുത്തും.

അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞ 10 ന് ചോദ്യം ചെയ്യാനെത്തിയ ഇഡി ഉദ്യോഗസ്ഥരോടും അതു കഴിഞ്ഞെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരോടും സ്വപ്ന ഭീഷണിയെപ്പറ്റി പറഞ്ഞിരുന്നു. സ്വപ്നയുടെ ഫോണിൽനിന്നു വീണ്ടെടുത്ത വാട്‌സാപ് സന്ദേശങ്ങളിൽ ഉന്നതരായ ചിലരെക്കുറിച്ചു ലഭിച്ച വിവരങ്ങൾ ഇഡി ചോദിച്ചപ്പോഴാണ് അതെല്ലാം തുറന്നുപറയാൻ ഭയമുണ്ടെന്ന് അവർ അറിയിച്ചത്. ഇതാണ് നിർണ്ണായകമായത്. എല്ലാ സുരക്ഷയും ഉറപ്പു നൽകി ചോദ്യം ചെയ്യൽ തുടർന്നു. ശബ്ദ രേഖ ചോർന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും കൃത്യമായ മറുപടി നൽകി. ഇതോടെയാണ് കേസ് നിർണ്ണായക വഴിത്തിരിവിൽ എത്തിയത്.

ജയിലിൽ സ്വപ്നയെ ചോദ്യം ചെയ്യുമ്പോൾ ജയിൽ ജീവനക്കാർ നിരീക്ഷിച്ചിരുന്നുവെന്നു കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. അതോടെയാണു ചോദ്യം ചെയ്യുന്നതിനായി സ്വപ്നയെ കസ്റ്റഡിയിൽ കൊണ്ടുപോയത്. ഇത് ഏറെ നിർണ്ണായകവുമായി. ഇതുവരെ പറയാത്ത പലതും സ്വപ്‌ന പറഞ്ഞു. വാട്‌സാപ്പ് ചാറ്റുകളായിരുന്നു ഇതിന് കാരണം. മൊബൈലിൽ നിന്ന് രേഖകൾ കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്.

കസ്റ്റംസും ഇഡിയും അല്ലാതെ ജയിലിൽ സ്വപ്നയെ കാണാനെത്തിയവരിൽ വിജിലൻസ് സംഘവുമുണ്ട്. ഇവർ 5 മണിക്കൂറോളം സ്വപ്നയോടു സംസാരിച്ചിരുന്നു. കൂടാതെ ജയിൽ ഡിജിപി ഋഷിരാജ് സിങ് ഒരു തവണയും ജയിൽ ഡിഐജി അജയകുമാർ 5 തവണയും സ്വപ്നയെ കണ്ടിരുന്നുവെന്നാണു ജയിലിൽനിന്നു ഔദ്യോഗികമായി പുറത്തുപറയുന്ന വിവരം. ഇതിനിടെ സ്വപ്നയുടേതായി ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. അതുകൊണ്ട് തന്നെ സ്വപ്‌നയുടെ ഭീഷണിപ്പെടുത്തൽ വാദം ചർച്ചയാകുമ്പോൾ ജയിലിൽ എത്തി കണ്ടവരെല്ലാം പ്രതിക്കൂട്ടിലാവുകയാണ്.

അതിനിടെ സ്വപ്ന സുരേഷിന് ജയിലിൽ ഭീഷണിയുണ്ടെന്ന കേന്ദ്ര അന്വേഷണ ഏജൻസികളുടെ ആരോപണം നിഷേധിച്ച് ജയിൽ വകുപ്പ് രംഗത്തു വന്നു. സ്വപ്നയ്ക്ക ജയിലിൽ ഭീഷണിയില്ല. സ്വപ്നയുടെ സുരക്ഷ വർധിപ്പിക്കുമെന്നും ജയിൽ വകുപ്പ് കോടതിയിൽ റിപ്പോർട്ട് നൽകും. സ്വപ്നയിൽ ജയിലിൽ പുറത്തുനിന്നുള്ള ആരും സന്ദർശിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും മാത്രമാണ് എത്തിയതെന്നും ജയിൽ വകുപ്പ് പറയുന്നു. സംശയമുണ്ടെങ്കിൽ ജയിൽ കവാടത്തിലും മറ്റും സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും ജയിൽ വകുപ്പ് പറയുന്നു.

കഴിഞ്ഞദിവസം സ്വപ്ന കോടതിയിൽ നൽകിയ ഹർജിയിലും തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഏതു സമയത്തും ആപത്തിൽപെട്ടേക്കുമെന്നും ജീവന് സംരക്ഷണം നൽകണമെന്നും സ്വപ്ന പറഞ്ഞിരുന്നു. സംരക്ഷണം നൽകണമെന്ന സ്വപ്നാ സുരേഷിന്റെ അപേക്ഷയിൽ ആവശ്യമായ സംരക്ഷണം നൽകണമെന്ന് കോടതി മറുപടി നൽകി. പൊലീസ്, ജയിൽ ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലർ ജയിലിൽ വന്ന് തന്നെ കണ്ടു. കേസുമായി ബന്ധമുള്ള ഉന്നതരുടെ പേരുകൾ പറയരുതെന്ന് ആവശ്യപ്പെട്ടു. പറഞ്ഞാൽ തന്നെയും കുടുംബത്തെയും വകവരുത്തുമെന്നും ചിലർ ഭീഷണിപ്പെടുത്തിയതായി ഹർജിയിൽ പറയുന്നു.

പൊലീസുകാരെ പോലെ തോന്നുന്നവരാണ് വന്നത്. തന്നെ വകവരുത്താൻ ശേഷിയുള്ളവരാണ് അവരെന്നും പറഞ്ഞു. ഉന്നതരുടെ പേരുകൾ പറയരുതെന്ന് നവംബർ 25 ന് മുമ്പ് പല തവണ തന്നെ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. സ്വപ്നയ്ക്ക് സുരക്ഷ നൽകാൻ ജയിൽ അധികൃതർക്കാണ് നിർദ്ദേശം നൽകിയത്. അട്ടക്കുളങ്ങര ജയിലിൽ വെച്ച് തന്നെ ആക്രമിക്കാനും ഭീഷണിപ്പെടുത്താനും ശ്രമം നടത്തി. റിമാൻഡിലേക്ക് പോകുന്നതിന് തൊട്ടു മുമ്പായിരുന്നു സ്വപ്ന ഇക്കാര്യം ബോദ്ധ്യപ്പെടുത്തിയത്.