മമ്മൂട്ടിയും പാർവതിയും ഒന്നിക്കുന്ന പുഴുവിനായി വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നവാഗതയായ റതീന ഷർഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മികച്ച ടീമാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് സം?ഗീത സംവിധായകൻ ജേക്‌സ് ബിജോയ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിധേയനിലേതു പോലുള്ള പ്രകടനമായിരിക്കും ചിത്രത്തിൽ മമ്മൂട്ടിയുടേത് എന്നാണ് അദ്ദേഹം പറഞ്ഞത്.

'പുഴുവിൽ വർക്ക് ചെയ്യാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞാൻ. മമ്മൂക്കയുടെ അഭിനയമികവ് പ്രദർശിപ്പിക്കുന്ന ചിത്രമായിരിക്കും പുഴു. ഒരു മാസ് മമ്മൂക്കയെയല്ല ചിത്രത്തിൽ നിങ്ങൾക്ക് കാണാനാവുക. മറിച്ച് വിധേയൻ സിനിമയുടെയൊക്കെ തലത്തിലുള്ള പ്രകടനമായിരിക്കും'- ജേക്‌സ് പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു ജെയ്കിന്റെ മറുപടി.

'ഉണ്ട'യുടെ രചയിതാവ് ഹർഷദിന്റെ കഥയിൽ 'പുഴു'വിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഹർഷദിനൊപ്പം സുഹാസും ഷർഫുവും ചേർന്നാണ്. എസ് ജോർജ് നിർമ്മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് ദുൽഖർ സൽമാനാണ്. തേനി ഈശ്വർ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നത്.