ശ്രീനഗർ: ജമ്മു കശ്മീരിൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തിയാൽ തന്റെ പാർട്ടി അധികാരത്തിൽ വരുമെന്ന് നാഷണൽ കോൺഫറൻസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. ജമ്മു കശ്മീരിലെ പഞ്ചായത്ത് സംവിധാനം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് നടത്തിയ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഫറൂഖ് അബ്ദുള്ള ഇക്കാര്യം അറിയിച്ചത്.

നേരത്തെ 2018ൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിന്നും 2019ൽ നടന്ന ബ്ലോക്ക് കൗൺസിൽ തെരഞ്ഞെടുപ്പിൽ നിന്നും നാഷണൽ കോൺഫ്രൻസ് വിട്ടുനിന്നിരുന്നു. എന്നാൽ അക്കാര്യത്തിൽ ഇപ്പോൾ തനിക്ക് ഖേദമുണ്ടെന്നും ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരരംഗത്തുണ്ടാവുമെന്നും മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രി സൂചിപ്പിച്ചു.

സർപഞ്ചുമാരടക്കമുള്ള ജമ്മുകശ്മീരിലെ ജനപ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ സ്പീക്കർ ഓം പ്രകാശ് ബിർളയും ഗവർണർ മനോജ് സിൻഹയും പങ്കാളികളായി. ജനങ്ങളോടൊപ്പം എല്ലായ്്പ്പോഴും നില്ക്കണമെന്ന് അബ്ദുള്ള ജനപ്രതിനിധികൾക്ക് നിർദ്ദേശം നല്കി.