ന്യൂഡൽഹി: ജമ്മുകശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ വീണ്ടും ഭീകരാക്രമണം. കുൽഗാമിൽ രണ്ട് ബീഹാർ സ്വദേശികൾ കൊല്ലപ്പെട്ടു. രാജ ഋഷി ദേവ്, ജോഗീന്ദർ ഋഷി ദേവ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചുൻഞ്ചുൻ ഋഷി ദേവ് എന്ന മറ്റൊരു ബീഹാർ സ്വദേശിക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇതോടെ ഈ മാസം ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 11 ആയി.

പ്രദേശവാസികൾ അല്ലാത്തവർക്ക് നേരെ 24 മണിക്കൂറിനിടെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണ് ഇന്നത്തേത്. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ ഇതര സംസ്ഥാന തൊഴിലാളികളെയും ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്കോ സൈനിക ക്യാമ്പിലേക്കോ മാറ്റാൻ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് കശ്മീർ ഐ ജിപി അടിയന്തര നിർദ്ദേശം നൽകി.

ശനിയാഴ്ച രണ്ടിടത്തായുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് വഴിയോര കച്ചവടക്കാർ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിലും പുൽവാമയിലുമുണ്ടായ ഏറ്റുമുട്ടലിനിടെയാണ് സംഭവം. ബിഹാർ സ്വദേശിയായ അരവിന്ദ് കുമാർ സാ, ഉത്തർ പ്രദേശ് സ്വദേശിയായ സാഗിർ അഹമ്മദുമാണ് കൊല്ലപ്പെട്ടത്.



ഗോൾ ഗപ്പ വിറ്റഴിക്കുന്ന തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട അരവിന്ദ് കുമാർ. പുൽവാമയിൽ കൊല്ലപ്പെട്ട യുപി സ്വദേശി പ്രദേശത്തെ മരപ്പണിക്കാരനായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശ്രീനഗറിലും പുൽവാമയിലും നാട്ടുകാർക്കെതിരെ നടക്കുന്ന ഭീകരാക്രമണങ്ങൾ നിരവധിയാണ്. ഫാർമസി സ്ഥാപന ഉടമയും രണ്ട് സർക്കാർ സ്‌കൂൾ അദ്ധ്യാപകരും ഭീകരരാൽ കൊല്ലപ്പെട്ടിരുന്നു.

ഭീകരർക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പ്രതികരിച്ചു. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളിൽ തിങ്കളാഴ്ച രഹസ്യാന്വേഷണ വിഭാഗം യോഗം ചേരും. സാധാരണക്കാർക്ക് നേരെ ആക്രമണം നടന്ന ശ്രീനഗറിലും പുൽവാമയിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

ക്രൂരമായ ആക്രമണത്തെ നാഷണൽ കോൺഫറൻസ് അപലപിച്ചു. നിരപരാധികൾക്ക് നേരെ നടക്കുന്ന ഭീകരാക്രമണം ദൗർഭാഗ്യകരമാണെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള പറഞ്ഞു. കശ്മീരികളെ മോശമായി ചിത്രികരിക്കാനുള്ള ഗൂഢാലോചനയാണ് പിന്നിലെന്നും ഫറൂഖ് അബ്ദുള്ള ആരോപിച്ചു

ഭീകരർക്കായി തെരച്ചിൽ നടക്കുന്ന ജമ്മുകശ്മീരിലെ പൂഞ്ചിൽ മൂന്ന് പേരെ ചോദ്യം ചെയ്തു. ഭാട്ട ദുരിയാൻ വനമേഖലയിൽ താമസിക്കുന്ന മൂന്ന് പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. ഭീഷണിക്ക് വഴങ്ങിയോ അല്ലാതെയോ ഭീകരർക്ക് ഭക്ഷണവും താമസസൗകര്യവും നൽകിയോ എന്ന് ചോദ്യം ചെയ്യലിൽ പൊലീസ് ആരാഞ്ഞു. ജമ്മു എഡിജിപി മുകേഷ് സിങ് തെരച്ചിൽ നടക്കുന്ന പൂഞ്ച് മേഖലയിൽ സന്ദർശനം നടത്തി.