വാഴ നനയുമ്പോൾ ചീരയും നനയുമെല്ലോ. മുമ്പൊക്കെ ഒരു ബ്രഹ്മാണ്ഡ ചിത്രം ഇറങ്ങിയാൽ, അതിന് ടിക്കറ്റ് കിട്ടാത്ത പ്രേക്ഷകർ കയറി, ഒപ്പമിറങ്ങിയ ആവറേജ് ചിത്രങ്ങളും രക്ഷപ്പെടും. പക്ഷേ ഇപ്പോൾ കാര്യങ്ങൾ തിരിച്ചാണ്. ഹോളിവുഡ് സ്റ്റെലിൽ എന്ന് സ്വയം തള്ളിക്കൊണ്ട് ഇറങ്ങിയ ചിത്രങ്ങൾ കണ്ട് വാഴവെട്ടിയിട്ടപോലെ ആയിപ്പോയ പ്രേക്ഷകർ മലയാള സിനിമതന്നെ വെറുത്തുപോകും.

അതുകൊണ്ടുതന്നെയാണ് ഈ നിരൂപണം എഴുതുന്നതും. മരക്കാറിന്റെ ആഗോള തള്ളുകൾക്കിടയിൽ, യാതൊരു പബ്ലിസിറ്റിയും ഇല്ലാതെ ഒരു ഒന്നാന്തരം സുന്ദര ചിത്രം ഇപ്പോൾ നമ്മുടെ തീയേറ്ററുകളിൽ ഉണ്ട്. അതാണ് ജാൻ എ മൻ. ചിരിയും ചിന്തയും ഒരു പോലെ സമ്മേളിച്ച, ഒരു ലളിത ചിത്രം. നിരവധി ചിത്രങ്ങളിൽ ബാല നടനായി വന്ന് പ്രേക്ഷകരെ ചിരിപ്പിച്ച നടൻ ഗണപതിയുടെ സഹോദരൻ ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം, ഒരു കുളിർതെന്നൽ പോലെ ആസ്വാദ്യകരമാണ്. യാതൊരു തള്ളുകളും അവകാശവാദങ്ങളും ഇല്ലാതെ ഇറങ്ങിയ ഈ കൊച്ചു ചിത്രത്തെ വിജയിപ്പിക്കേണ്ടത് പ്രേക്ഷകരുടെ ബാധ്യതകൂടിയാണ്.

ഒ.ടി.ടി റിലീസ് ചെയ്ത് ഹിറ്റായ 'തിങ്കളാഴ്ച നിശ്ചയത്തിന്റെ' അതേ പാറ്റേണിലാണ് ചിത്രം കടന്നുപോകുന്നത്. നടീ നടന്മാരുടെ അതിഗംഭീരമായ പെർഫോമൻസും സിറ്റ്‌വേഷണൽ കോമഡിയുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു ചെറിയ സബ്ജക്റ്റിനെ മനോഹരമായ വികസിപ്പിച്ച സംവിധായകൻ ചിദംബരത്തിന്റെ കഴിവിനെ അംഗീകരിക്കാതിരിക്കാൻ കഴിയില്ല. എക്സ്പയറി ഡേറ്റ് കഴിഞ്ഞ സംവിധാന പുംഗവന്മാരിലല്ല, ഇതുപോലത്തെ യുവാക്കളിൽനിന്നാണ് മലയാള സിനിമക്ക് പ്രതീക്ഷിക്കാൻ ഏറെയുള്ളത്.

ക്ലൈമാക്സിന്റെ കരുത്ത്

അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലൊക്കെ കാണുന്നപോലുള്ള കാനഡയുടെ മഞ്ഞുമലകളിലെ ദൃശ്യഭംഗിയിലാണ് 'ജാൻ എ മൻ' ആരംഭിക്കുന്നത്. മനോഹരമാണ് ആ ഷോട്ടുകൾ. മെയിൽ നേഴ്സായി കാനഡയിലെ മഞ്ഞുമൂടിയ ഒരു മേഖലിൽ താമസിക്കുന്ന ജോയ് മോന്റെ (ബേസിൽ ജോസഫ്) ഏകാന്തതയാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം.

മഞ്ഞുകാലം കാനഡയിൽ അവധിക്കാലമാണ്. ജോയി മോന് മാത്രം എവിടെയും പോകാനില്ല. ആരോടും ഒന്നും പറയാനുമില്ല. ഒറ്റയ്ക്കുള്ള ജീവിതം ഡിപ്രഷൻ അവസ്ഥയിലേക്ക് അയാളെ എത്തിക്കുന്നു. ഏകാന്തതയും നിരാശയുമെല്ലാം അതിജീവിക്കണം. അതിനായാണ് പിറന്നാൾ ആഘോഷിക്കാനായി ജോയ്‌മോൻ നാട്ടിലേക്ക് എത്തുന്നത്. അവന്റെ ഉറ്റ സുഹൃത്താണ് ചർമ രോഗ വിദഗ്ധനായ ഡോ. ഫൈസൽ ( ഗണപതി) . ഫൈസലിന്റേയും ജോയ്‌മോന്റെയും സഹപാഠിയായിരുന്നു സമ്പത്ത് (അർജ്ജുൻ അശോകൻ) സമ്പത്തിന്റെ വലിയ വീട്ടിലാണ് ജോയ്‌മോന്റെ പിറന്നാൾ ആഘോഷം.

ആ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കവേയാണ് അയൽപക്കത്തെ വീട്ടിൽ ഒരു മരണം നടക്കുന്നത്. ആറ്റുനോറ്റ് ആഘോഷിക്കാനിരുന്ന ജോയ്മോന്റെ ബർത്ത് ഡേ ആഘോഷം ഇതോടെ മാറിമറയുന്നു. എന്നാൽ സ്വാർഥനായിപ്പോകുന്ന ജോയ്മോന് പിറന്നാൾ ആഘോഷിക്കാതെ വയ്യ.ഒരു റോഡിന് ഇരുവശങ്ങളിലുള്ള രണ്ട് വീടുകളിൽ ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഒരിടത്ത് മരണം, തൊട്ടടുത്ത് പിറന്നാൾ ആഘോഷം.

ഇതിനെ വിവിധ കഥാപാത്ര ബ്ലെൻഡുകളിലൂടെ ചിത്രം വളർത്തിയെടുക്കുന്നത് കണ്ടുതന്നെ അറിയണം. ക്ലൈമാക്സിലാണ് ചിത്രത്തിന്റെ മുഴവൻ കരുത്ത്. ഈ പേര് എങ്ങനെ വന്നു എന്ന് അറിയണമെങ്കിലും അവസാനംവരെ കാത്തിരിക്കണം. പ്രേമം എന്നും പ്രണയം എന്നൊന്നും പറഞ്ഞ് ചുരുക്കിക്കളയാൻ പറ്റാത്ത വല്ലാത്തൊരു ബന്ധം. രണ്ടു മരണങ്ങൾ, ഒരു ജനനം, മാറിമറിയുന്ന ജീവിത വീക്ഷണങ്ങൾ; ഒരു മലയാള സിനിമയിൽനിന്ന് നാം ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. അത് കണ്ടുതന്നെ അനുഭവിക്കുക.

ബാലു വർഗീസിനും ലാലിനും പുനർജന്മം

ഈ ചിത്രം ഒരു പെർഫോമൻസ് ഓറിയൻഡൻഡ് ഫിലിം ആണ്. അത് ഉൾക്കൊണ്ടുതന്നെ ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ വേഷം ഭംഗിയാക്കിയിട്ടുണ്ട്. ടൈപ്പ് കോമഡി വേഷങ്ങളിൽ കൂട്ടിലടക്കപ്പെട്ടുപോയ നടൻ ബാലുവർഗീസിനുള്ള മോചനമാണ് ഈ ചിത്രത്തിലെ റെബൽ വേഷം. പാറിപ്പറഞ്ഞ മുടിയും താടിയും കുഴിഞ്ഞ കണ്ണുകളുമായുള്ള ഇൻട്രോസീനിലെ ആ വരവ് തന്നെ ഒന്ന് കാണേണ്ടതാണ്. ബാലു കണ്ണ് നനയിക്കുന്ന രംഗങ്ങൾ നൽകുന്നത് ഇതാദ്യമാണെന്ന് തോനുന്നു.

അതുപോലെ അടുത്തകാലത്ത് മഹാ വെറുപ്പിക്കൽ വേഷം മാത്രം കിട്ടിയിരുന്ന നടൻ ലാലിന് വേറിട്ട വേഷമാണ് ഈ ചിത്രത്തിൽ. തുടക്കത്തിൽ കരഞ്ഞെത്തുന്ന ലാൽ പിന്നീടങ്ങോട്ട് ഒരു പകർന്നാട്ടമാണ്. ചരിയും കരച്ചിലും കൂട്ടിച്ചേർത്തുള്ള ഒരു പ്രത്യേക ശൈലി. ചിത്രത്തിലെ നായകൻ കൂടിയായ സംവിധായകൻ ബേസിൽ ജോസഫിന്റെ ചില ആക്ഷനുകൾ ഡയലോഗില്ലാതെ തന്നെ ചിരി വരുത്തുന്നു. ജഗതി ശ്രീകുമാറിനെപ്പോലെ അസാധ്യ നടന്മാർക്ക് മാത്രമാണ് ഈ സിദ്ധിയുള്ളത്്.

അർജ്ജുൻ അശോകൻ, ഗണപതി എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭദ്രമാക്കിയിട്ടുണ്ട്. കുടിയനും അലമ്പനും ക്ഷിപ്ര കോപിയുമായ ചാക്കോ എന്ന കഥാപാത്രം എടുത്ത് പറയേണ്ടതാണ്. ഈ കഥാപാത്രത്തെ ഗംഭീരമാക്കിയിരിക്കുന്നത് പ്രശാന്ത് മുരളിയാണ്. ' ഇവിടെ സേയ്ഫ് അല്ല സജിയേട്ടാ' എന്ന് ഇടക്കിടെ പാലക്കാടൻ സ്ലാങ്ങിൽ ഓർമിക്കുന്ന ഗുണ്ടാ ട്രെയിനിയായ എത്തുന്ന ശരത്തും ചിത്രത്തിൽ ഇടക്കിടെ പൊട്ടിച്ചിരി ഉയർത്തുന്നുണ്ട്.

ബിജി ബാലിന്റെ പശ്ചാത്തല സംഗീതം ഈ ചിത്രത്തെ തഴുകിപോവുകയാണ്. മരണ രംഗത്തിലൊക്കെ ചിത്രത്തിന്റെ എല്ലാ വികാരങ്ങളും ഈ മ്യൂസിക്കിന് ഒപ്പിയെടുക്കാൻ ആവുന്നു. വിഷ്ണു തണ്ടാശ്ശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സംവിധായകൻ ചിദംബരത്തിന്റെ പല ഷോട്ടുകളും ലിജോ ജോസ് പെല്ലിശ്ശേരിയെ ഓർമ്മിപ്പിക്കുന്നുണ്ട്.

പക്ഷേ ഈ പടത്തിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത് അടുത്തകാലത്തൊന്നും മലയാളത്തിൽ കണ്ടിട്ടില്ലാത്ത ബ്രില്ല്യന്റ് സ്‌ക്രിപ്റ്റിങ്ങാണ്. സംവിധായകൻ ചിദംബരത്തിനൊപ്പം ഗണപതിയും സപ്നേഷ് വരച്ചലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നല്ല തിരക്കഥ തന്നെയാണ് നല്ല സിനിമക്ക് അനിവാര്യമമെന്ന് ഈ കൊച്ചു ചിത്രം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

വാൽക്കഷ്ണം: പക്ഷേ ഈ സിനിമക്ക് പറ്റിയ ഏറ്റവും വലിയ പറ്റ് അതിന്റെ മാർക്കറ്റിങ്ങാണ്. സോഷ്യൽ മീഡിയ ഏറ്റെടുത്തില്ലായിരുന്നെങ്കിൽ മരക്കാറിനിടയിൽ പെട്ട് അറബിക്കടലിൽ മുങ്ങാനാവുമായിരുന്നു ഈ ചിത്രത്തിന്റെ വിധി. വ്യത്യസ്തമായ ചിത്രം എടുക്കുന്നവർ അത് നന്നായി മാർക്കറ്റ് ചെയ്യാനും ശ്രമിക്കണം. ഒടിയൻ ശ്രീകുമാരമേനോനെയും ആന്റണി പെരുമ്പാവൂരിനെയുമൊക്കെ ഈ അർഥത്തിൽ ശരിക്കും മാതൃകയാക്കണം. കാരണം അവർക്ക് അവരുടെ പ്രോഡക്്റ്റ് വിൽക്കാൻ അറിയാം.