തിരുവനന്തപുരം: സിപിഐ മുഖപത്രം ജനയുഗം ഗുരുനിന്ദ നടത്തിയെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ. ചിലപ്പോൾ ചില കാര്യങ്ങൾ പരസ്യമായി പറയേണ്ടി വരും. അതിൽ രാഷ്ട്രീയ അച്ചടക്കത്തിന്റെ പ്രശ്‌നം വരുന്നില്ലെന്നും ശിവരാമൻ പറഞ്ഞു.

അതേ സമയം ജനയുഗത്തിനെതിരെകെകെ ശിവരാന്റെ ആക്ഷേപത്തെ വെല്ലുവിളിക്കുന്നതായി ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ് പ്രതികരിച്ചു. ഗുരുദേവനെ എല്ലാകാലവും ഒരു സാമൂഹ്യ പരിഷ്‌കർത്താവ് എന്ന നിലയിൽ മുഖ്യപരിഗണന നൽകിയ പത്രമാണ് ജനയുഗം.

ജാതിയുടേയോ മതത്തിന്റെയോ പേരിരല്ല, സാമൂഹ്യ പരിഷ്‌കർത്താവ് എന്ന നിലയിലാണ് ജനയുഗം കാണുന്നത്. ഇതൊക്കൊ പത്രം വായിക്കുന്നവർക്കറിയാം. ഗുരുനിന്ദ നടത്തിയെന്ന് അദ്ദേഹത്തിന് തോന്നുന്നുവെങ്കിൽ, ചലഞ്ച് ചെയ്യാൻ തയ്യാറാണ്. വിമർശനത്തെ സ്വാഗതം ചെയ്യുന്നു. പരാതി പാർട്ടി പരിശോധിക്കട്ടേയെന്നും രാജാജി സ്വകാര്യ ചാനലിനോട് പറഞ്ഞു.

ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ ജനയുഗം പത്രം ഒന്നാം പേജിൽ ഗുരുവിന്റെ ചെറിയ ചിത്രം മാത്രം കൊടുത്തത് ഗുരുനിന്ദയാണെന്നും ശ്രീനാരായണ ഗുരുവിനെ അറിയാത്ത എഡിറ്റോറിയൽ ബോർഡും മാനേജ്മെന്റും ജനയുഗത്തിന് ഭൂഷണമല്ലെന്നുമായിരുന്നു കെകെ ശിവരാമൻ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചത്.

'ഇന്ന് ശ്രീ നാരായണഗുരു ജയന്തി. രണ്ടു പത്രങ്ങളൊഴികെ മറ്റെല്ലാ മലയാള ദിനപത്രങ്ങളും അവരുടെതായ കാഴ്‌ച്ചപ്പാടിൽ ഗുരു ദർശനങ്ങളെ അവതരിപ്പിച്ചു ലേഖനങ്ങൾ എഴുതി ജനയുഗം ഒന്നാം പേജിൽ ഒരു ചെറിയ ചിത്രം കൊടുത്തു. ദീപിക അകം പേജിലും ഒരു ചെറിയ ചിത്രം കൊടുത്തു. ജനയുഗത്തിന്റെത് ഗുരു നിന്ദയായിരുന്നു. ഗുരുവിനെ അറിയാത്ത ഒരു എഡിറ്റോറിയൽ ബോർഡും, മാനേജ്മെന്റും ജനയുഗത്തിനു ഭൂഷണമല്ല,' എന്നാണ് കെകെ ശിവരാമൻ ഫേസ്‌ബുക്കിൽ കുറിച്ചത്.

ഒരേ പാർട്ടിയുടെ ഒരേ ഗ്രൂപ്പിലുള്ള രണ്ടു മുതിർന്ന നേതാക്കളുടെ വാദങ്ങൾ സിപിഐയിൽ ചർച്ചയാകും എന്നത് തീർച്ചയാണ്. സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ ചീഫ് എഡിറ്റർ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്.