മുംബൈ: നിരത്തുകളിൽ തമ്പുരാനായി വിലസിയിരുന്ന ചുള്ളൻ. 70 കളിലെ കോളേജ് പരിസരം മുതൽ വെള്ളിത്തിര വരെ പിടിച്ചടക്കിയ പടക്കുതിര. പഴമയുടെ തിളക്കത്തിന് മങ്ങൽ വരുത്താതെ പുത്തൻ ഗെറ്റപ്പിൽ ജാവ 300 നിരത്തിലിറങ്ങാൻ തുടങ്ങുമ്പോൾ വാഹനപ്രേമികളുടെ ഉള്ളിൽ ആഘോഷം അലകടലായി ഉയരുന്നു. ചെക്ക് മോട്ടോർ സൈക്കിൾ ബ്രാൻഡിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് മഹീന്ദ്രാ ഗ്രൂപ്പാണ്.

കഴിഞ്ഞ കുറച്ചധികം മാസങ്ങളായി ജാവയുടെ തിരിച്ച് വരവിനെ കുറിച്ച് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. നാളുകൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് പുത്തൻ ജാവയെ ഇപ്പോൾ കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്. ബൈക്കിന്റെ ചിത്രങ്ങളും മറ്റ് സ്‌ക്രീൻ ഷോട്ടുകളും സമൂഹ മാധ്യമങ്ങളിൽ നേരത്തെ പ്രചരിക്കുന്നുണ്ടായിരുന്നു. 293 സിസിയിൽ സിംഗിൾ എഞ്ചിനോടു കൂടിയ ബൈക്കിന് 27 ബിഎച്ച്പി 28എൻഎം ടോർക്കുമാണ്.

70കളിലെ ബൈക്കിന്റെ ഡിസൈനിൽ നിന്നും അധികം വ്യത്യാസമൊന്നും പുത്തൻ ജാവയിൽ വരുത്തിയിട്ടില്ല. പുറം മോദിയിൽ അധികമായി കയറിയിരിക്കുന്നത് കാലത്തിനൊത്ത് മാറ്റം കൊണ്ടുവന്ന ഡിസ്‌ക് ബ്രേക്കുകളും മറ്റുമാണ്. സാധാരണ ജാവയ്ക്ക് 1.55 ലക്ഷം, ജാവ 42 ക്ലാസിക്കിന് 1.65 ലക്ഷം, പാരേഖ് മോഡലിന് 1.89 ലക്ഷം എന്നിങ്ങനെയാണ് എക്‌സ് ഷോറും വില. ജാവയും ജാവ 42ഉം 9 നിറങ്ങളിലാണ് വരുന്നത്. മഹീന്ദ്രയുടെ കീഴിലുള്ള ക്ലാസിക്ക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ജാവ വിതരണം ചെയ്യുന്നത്.