ചെന്നൈ: ജാതീയതക്കും ഉച്ചനീചത്വങ്ങൾക്കും എതിരെ സമൂഹ മനസാക്ഷി ഉണർത്തുക എന്ന ലക്ഷ്യംകൂടി ഉൾക്കൊണ്ടാണ്, സൂര്യ നായകനായി ടി.എസ് ജ്ഞാനവേൽ എന്ന സംവിധാകൻ ജയ് ഭീം എന്ന ചിത്രം എടുത്തത്. ആമസോൺ പ്രൈമിൽ റിലീസായ ചിത്രം ഹോളിവുഡ് ചിത്രങ്ങളെപ്പോലും കടത്തിവെട്ടി രണ്ടാഴ്ച തുടർച്ചയായി വേൾഡ് റേറ്റിങ്ങിൽ ഒന്നാമതായിരുന്നു. എന്നാൽ ഈ ചിത്രം ഇപ്പോൾ കടുത്ത ജാതി സ്പർധക്കും സംഘർഷത്തിനും തമിഴ്‌നാട്ടിൽ വേദിയൊരുക്കയാണ്.

വിദ്വേഷ പ്രചാരണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സൂര്യയുടെ വീടിന് പൊലീസ് സംരക്ഷണം ഒരുക്കി. 'ജയ് ഭീം' സിനിമയിൽ തങ്ങളുടെ സമുദായത്തിലുള്ളവരെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചു കൊണ്ട് വണ്ണിയാർ സമുദായത്തിലുള്ളവർ സൂര്യയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. നടൻ മാപ്പ് പറയണം പറയണം ഇല്ലാത്തപക്ഷം പരിണിതഫലങ്ങൾ മോശമായിരിക്കും എന്ന മുന്നറിയിപ്പും വന്നിരുന്നു.

ചിത്രത്തിലെ ക്രൂരനായ പൊലീസുകാരൻ യഥാർത്ഥത്തിൽ വണ്ണിയാർ സമുദായാംഗമല്ല. എന്നാൽ അത്തരത്തിൽ ചിത്രീകരിക്കാനുള്ള ശ്രമമുണ്ടായെന്നാണ് വണ്ണിയാർ സമുദായത്തിലുള്ളവർ പറയുന്നത്. പിഎംകെ നേതാവ് അൻപുമണി രാമദാസും ആരോപണവുമായി എത്തിയിരുന്നു. അൻപുമണി സൂര്യ മൗനം വെടിയണമെന്നാവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തിരുന്നു. വണ്ണിയാർ സമുദായത്തിൽപ്പെട്ടവർ സിനിമയുടെ അണിയറപ്രവർത്തകർ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട്.

വിവാദം ഇങ്ങനെ

1993 ൽ നടന്ന രാജാകണ്ണ് എന്ന ഇരുളർ സമുദായത്തിൽ പെട്ട യുവാവിന്റെ കസ്റ്റഡി മരണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാജാക്കണ്ണിന്റെ ഭാര്യ പാർവതിയുടെ പേര് സെങ്കേനി എന്ന് ആക്കിയത് ഒഴിച്ചാൽ ഭൂരിഭാഗം കഥാപാത്രങ്ങൾക്കും അതേ പേര് പോലുമാണ് നൽകിയത്. സൂര്യ അവതരിപ്പിച്ച അഡ്വ. ചന്ദ്രുവും പിൽക്കാലത്ത് ജസ്റ്റിസ് ചന്ദ്രുവായ, ഇപ്പോൾ ചെന്നൈയിൽ ജീവിച്ചിരിക്കുന്ന വ്യക്തിയാണ്.

എന്നാൽ രാജാക്കണ്ണ് എന്ന ആദിവാസിയെ മോഷണക്കുറ്റം ആരോപിച്ച്, തല്ലിക്കൊന്നതിന് നേതൃത്വം കൊടുത്തത്, അന്തോണി സാമി എന്നൊരു പൊലീസ്‌കാരൻ ആയിരുന്നു. ഇയാൾ ക്രിസ്ത്യൻ സമുദായക്കാരനാണ്. എന്നാൽ ജ്ഞാനവേൽ ഈ കഥാപാത്രത്തിന്റെ പേര് ഗുരു മൂർത്തി ആക്കിയാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഗുരു എന്നത് വണ്ണിയർ സമുദായത്തിൽ സർവ സാധാരണമായ പേരാണ്.

സിനിമയിൽ ഗുരു മൂർത്തിയുടെ വീട് കാണിക്കുന്ന സമയത്ത് 'വണ്ണിയർ ജാതിയുടെ 'അഗ്‌നി സിംബൽ' ആ വീട്ടിൽ എടുത്തു കാണിക്കുന്നുണ്ട്. ഇതോടെ സിനിമ ബോധപൂർവം തങ്ങളെ അപമാനിക്കയാണെന്ന് ചൂണ്ടിക്കാട്ടി വണ്ണിയർ സമുദായ കൂട്ടത്തോടെ ഇളകിയിരിക്കയാണ്.

വണ്ണിയാർ കലാപത്തിൽ നടുങ്ങി സൂര്യ

യഥാർത്ഥ സംഭവത്തിലെ ക്രിസ്ത്യാനിയായ പ്രതിയെ ഗുരുമൂർത്തി എന്ന വണ്ണിയർ ആക്കി അവതരിപ്പിച്ചതിലൂടെ ജ്ഞാനവേൽ മനഃപൂർവം ജാതിപ്പക ഉണ്ടാക്കാൻ നോക്കി എന്ന് പറഞ്ഞുകൊണ്ട് വണ്ണിയർ സംഘം ഇളകിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ സൂര്യ ഫാൻസ് അസോസിയേഷനിൽ പോലും കാര്യമായി ഈ വിഷയം പൊട്ടിത്തെറി ഉണ്ടാക്കുന്ന ലെവലിൽ എത്തിച്ചു.

സൂര്യയുടെ സിനിമ റിലീസ് ചെയ്യുന്ന തിയേറ്റർ കത്തിക്കും എന്നാണ് വണ്ണിയർ സംഘം ഇപ്പോൾ പറയുന്നത്. തങ്ങളെ അപമാനിച്ച ഈ സിനിമയുടെ നിർമ്മാതാവ് സൂര്യ 5 കോടി രൂപ നഷ്ടപരിഹാരം നൽകണം എന്നാണ് ഇവരുടെ പുതിയ ആവശ്യം. ഒരു യഥാർഥ സംഭവത്തിന്റെ ചിത്രീകരണമാണ് ഈ സിനിമ. അപ്പോൾ ഇത് ബോധപൂർവം തങ്ങളെ അപമാനിക്കാൻ ചെയ്തത് ആണെന്നാണ് വണ്ണിയർ സംഘം പറയുന്നത്.

കേരളത്തിലെ ഈഴവരെപ്പോലെ ഒ.ബി.സി വിഭാഗത്തിൽ പെടുന്നവരാണ് വണ്ണിയർ. പക്ഷേ ജാത്യാഭിമാനത്തിന്റെയും ജാതിക്കൊലപാതകത്തിന്റെയും പേരിൽ ഇവർ ഏറെ കുപ്രസിദ്ധരുമാണ്. തമിഴ്‌നാട്ടിൽ ദളിതർക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണം നടത്തുന്നത് വണ്ണിയറുകളാണ്. പട്ടാളി മക്കൾ കക്ഷി എന്ന പി.എം.കെ രാഷ്ട്രീയമായി ഇവർക്ക് പിന്നിൽ ഉണ്ട്. ഡോ അൻപുമണി രാംദാസിന്റെ നേതൃത്വത്തിലുള്ള പി.എം.കെയാണ് വണ്ണിയറുകൾക്ക് വളംവെക്കുന്നത്. സംഘടിത സമരങ്ങളിലൂടെയും അക്രമങ്ങളിലൂടെയും ഒ.ബി.സിക്കുള്ളിൽ പ്രത്യേക സംവരണവും ഇവർ നേടി എടുത്തിരുന്നു.

വണ്ണിയർ സംഘം തുടങ്ങുന്ന എല്ലാ കലാപ ആഹ്വാനങ്ങളും പാട്ടാളി മക്കൾ കക്ഷിയും ഏറ്റെടുക്കയാണ് പതിവ്. അങ്ങനെയാണെങ്കിൽ തമിഴകത്തിലെ വരും ദിനങ്ങൾ കൂടുതൽ കലുഷിതമാവാൻ ഇടയുണ്ട്്. പക്ഷേ എന്തിനായിരുന്നു ഈ കഥാപാത്രത്തിന്റെ പേര് മാറ്റിയതെന്ന് കൃത്യമായി വിശദീകരിക്കാൻ സംവിധാകന് ആവുന്നില്ല. നടൻ സൂര്യയും സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.

സിപിഎം പുറത്താക്കിയ ചന്ദ്രുവിനെ സഖാവാക്കി

89ൽ ശ്രീലങ്കൻ പ്രശ്‌നത്തിന്റെ പേരിൽ സിപിഎം പറത്താക്കിയ അഡ്വക്കേറ്റ് ചന്ദ്രുവിനെ ചെങ്കൊടികളുടെയും മറ്റും പശ്ചാത്തലത്തിൽ അവതരിപ്പിച്ച് കമ്യൂണിസ്റ്റാക്കാൻ ശ്രമം സംവിധായകൻ നടത്തിയതും വിമർശിക്കപ്പെട്ടു. രാജാക്കണ്ണിന്റെ കസ്റ്റഡി മരണം നടക്കുന്നതിന് 5 വർഷം മുമ്പുതന്നെ അഡ്വ ചന്ദ്രുവിനെ സിപിഎം പുറത്താക്കിയിരുന്നു.

2013ൽ 'ബാർ ആൻഡ് ബഞ്ചിന്' നൽകിയ അഭിമുഖത്തിലാണ് സിപിഎമ്മിൽ നിന്ന് പുറത്തുപോയ സാഹചര്യം അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ''1988ൽ എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ശ്രീലങ്കയിൽ രാജീവ് ഗാന്ധിയുടെ ഇടപെടലിനെ ഞാൻ എതിർത്തു, ജയവർധനയുമായി ഇടപാട് നടത്താൻ അദ്ദേഹത്തിന് അവകാശമില്ലെന്ന് വാദിച്ചു. എന്നാൽ ഇതൊരു നല്ല പരിഹാരമാണെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്.

എന്തായാലും ഞാൻ പാർട്ടി വിട്ടു, എന്റെ പ്രവർത്തന മണ്ഡലം വിശാലമായി. ഞാൻ ഒരു പാർട്ടി അഭിഭാഷകനോ ഒരു പ്രത്യേക ട്രേഡ് യൂണിയൻ അഭിഭാഷകനോ ആയിരുന്നില്ല. ഞാൻ ലോകത്തിന്റെ മുഴുവൻ അഭിഭാഷകനായിരുന്നു. ആർക്കും വേണ്ടി ഹാജരാകുന്നതിൽ എനിക്ക് നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഈ പുറത്താക്കൽ ഒരു അനുഗ്രഹമായിരുന്നുവെന്ന് ഞാൻ കരുതുന്നു'. ജസ്റ്റിസ് ചന്ദ്രു വിശദീകരിച്ചു.

തന്റെ പുറത്താക്കലിനെതിരെ സാക്ഷാൽ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ പോലും പറഞ്ഞിട്ടു സിപിഎം തിരുത്തിയിട്ടില്ലെന്ന് ജസ്റ്റിസ് ചന്ദ്രു പിന്നീട് വ്യക്തമാക്കിയിരുന്നു. കൃഷ്ണയ്യർ അന്തരിച്ചപ്പോൾ ഇന്ത്യൻ എക്‌സഎ്രസ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഈ ദുരനുഭവം വെളിപ്പെടുത്തിയത്്. ജയ്ഭീം പുറത്തിറങ്ങിയ ശേഷം അന്നത്തെ സമരങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പങ്കിനെക്കുറിച്ചുള്ള ചോദ്യത്തിനും ഉദാസീനമായാണ് പ്രതികരിച്ചത്. ഈ രാഷ്ട്രീയ വിവാദത്തിന് പിന്നാലെയാണ് ഇപ്പോൾ ജാതിവിവാദവും ഉയരുന്നത്.

1993 ൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രമാണ് ജയ് ഭീം. ഇരുളഗോത്രം നേരിടുന്ന ജാതി വിവേചനത്തെ കുറിച്ചാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. അഭിഭാഷക വേഷത്തിലാണ് ചിത്രത്തിൽ സൂര്യ അഭിനയിച്ചത്. സൂര്യയുടെ ബാനറായ ടു ഡി എന്റർടയ്ന്മെന്റ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. മണികണ്ഠനാണ് രചന. മണികണ്ഠൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജാണ് മറ്റൊരു പ്രമുഖ താരം. മലയാളത്തിൽ നിന്ന് രജിഷയും ലിജോമോൾ ജോസും താര നിരയിലുണ്ട്.