ആറ്റിങ്ങൽ: മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന പേരിൽ പിങ്ക് പൊലീസ് മൂന്നാം ക്ലാസുകാരിയേയും പിതാവിനേയും നടുറോഡിൽ തടഞ്ഞുവച്ച് പരസ്യവിചാരണ നടത്തിയത് വിവാദമായിരുന്നു. എന്നാൽ പൊലീസ് വിചാരണക്ക് വിധേയനായ ടാപ്പിങ് തൊഴിലാളി ജയചന്ദ്രൻ നേരത്തേ സത്യസന്ധതക്ക് സമ്മാനം ലഭിച്ചയാളെന്നാണ് പുറത്തുവരുന്ന വിവരം.

രണ്ട് വർഷം മുൻപ് വേങ്ങോട് ജംക്ഷന് സമീപം ജയചന്ദ്രന് വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയ വിലയേറിയ ഫോൺ കാത്തുനിന്ന് ഉടമക്ക് മടക്കിനൽകിയയാളാണ് ജയചന്ദ്രൻ. വേങ്ങോട് വിവാഹവീട്ടിൽ എത്തിയവരുടെ ഫോണാണ് നഷ്ടപ്പെട്ടത്. ഇത് വഴിയിൽ നിന്നും ലഭിച്ച ജയചന്ദ്രന് ഫോണിലേക്ക് വന്ന ഫോൺകോൾ എടുക്കാൻ അറിയുമായിരുന്നില്ല.

തുടർച്ചയായി വന്ന നമ്പറിലേക്ക് തന്റെ സ്വന്തം ഫോണിൽ നിന്ന് തിരിച്ചുവിളിച്ചാണ് ഫോൺ ലഭിച്ച വിവരം ജയചന്ദ്രൻ ഉടമസ്ഥരെ അറിയിച്ചത്. പിന്നീട് ഉടമസ്ഥരായ യുവാക്കൾ വരുന്നതുവരെ കാത്തുനിന്ന് ഫോൺ നൽകുകയായിരുന്നു. യുവാക്കൾ സമ്മാനവും നൽകിയാണ് അന്ന് മടങ്ങിപ്പോയത്. അത്രയും സത്യസന്ധത പ്രകടിപ്പിച്ച ജയചന്ദ്രനെയാണ് ഫോൺ മോഷ്ടാവെന്ന പേരിൽ മകളുടെ മുന്നിൽ വെച്ച് പൊലീസ് അര മണിക്കൂറോളം ചോദ്യം ചെയ്തത്.

ആറ്റിങ്ങൽ ഊരൂപൊയ്ക സായിഗ്രാമത്തിന് സമീപം കോട്ടറ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കട്ടിയാട് മലമുകൾ കല്ലുവെട്ടാൻകുഴി വീട്ടിൽ ജയചന്ദ്രനും (38) മകൾ എട്ടുവയസ്സുകാരിയുമാണ് പൊലീസിന്റെ അപമാനത്തിന് ഇരയായത്. ഐ.എസ്.ആർ.ഒ യിലേക്ക് റോഡിലൂടെ കൂറ്റൻ സാമഗ്രികൾ കയറ്റിയ വാഹനങ്ങൾ കടന്നു പോകുന്നത് കാണുന്നതിനാണു ജയചന്ദ്രനും മകളും മൂന്നുമുക്കിൽ എത്തിയത്. പൊലീസിന്റെ വാഹനത്തിന് അടുത്ത് നിൽക്കുകയായിരുന്ന ജയചന്ദ്രനെയും കുട്ടിയെയും വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരി തടഞ്ഞു നിർത്തി വാഹനത്തിൽ നിന്നു കവർന്ന ഫോൺ എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.

പിങ്ക് പട്രോളിങ് സംഘത്തിന്റെ വാഹനത്തിനുള്ളിൽ നിന്നു മൊബൈൽ ഫോൺ കാണാതെ പോയെന്നും ജയചന്ദ്രനാണ് മോഷ്ടിച്ചതെന്നുമായിരുന്നു ആരോപണം. പൊലീസ് ഇടപെടലിൽ പേടിച്ചരണ്ടുപോയ കുട്ടി കരഞ്ഞു. ഇതെല്ലാം അവഗണിച്ചായിരുന്നു പൊലീസിന്റെ വിചാരണ. മറ്റൊരു വാഹനത്തിൽ ഇരുന്നവരാണ് സംഭവം മൊബൈലിൽ പകർത്തിയത്. ഫോൺ പൊലീസിന്റെ വണ്ടിയിൽ നിന്നു തന്നെ പിന്നീട് കണ്ടു കിട്ടിയിരുന്നു.

സംഭവത്തിൽ ജയചന്ദ്രൻ ഡിജിപിക്കും ബാലാവകാശ കമീഷനും പരാതി നൽകിയിട്ടുണ്ട്. ബാലാവകാശ കമ്മിഷൻ ചെയർമാനും ആറ്റിങ്ങൽ പൊലീസും വീട്ടിലെത്തി ബാലികയുടെ മൊഴിയെടുത്തു. കുട്ടിക്ക് അടിയന്തിരമായി കൗൺസിലിങ്ങിന് കമീഷൻ നിർദ്ദേശം നൽകി. സംഭവം സംബന്ധിച്ച് മേലധികാരികൾക്ക് റിപ്പോർട്ട് നൽകുമെന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്‌പി പറഞ്ഞു.